കൊവിഡ്-19: ലോക്ക്ഡൗണ്‍ നീട്ടില്ല, വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: കൊവിഡ്-19 വ്യപനം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക്ഡൗണ്‍ നീട്ടില്ലെന്ന് കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ. ലോക്ക്ഡൗണ്‍ നീട്ടുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സര്‍ക്കാരിന് ഒരുതരത്തിലും 21 ദിവസത്തെ ലോക്ഡൗണ്‍ നീട്ടാന്‍ താത്പര്യമില്ലെന്ന് അദ്ദേഹം അറിയിച്ചതായി പി.ബി.എന്‍.എസ് പറഞ്ഞു.
'ലോക്ഡൗണ്‍ നീട്ടുന്നതു സംബന്ധിച്ച് ന്യൂസ് ആര്‍ട്ടിക്കിള്‍ കണ്ടതിനെ സംബന്ധിച്ച് പി.ബി.എന്‍.എസ് കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയെ സമീപിച്ചിരുന്നു, കാബിനറ്റ് സെക്രട്ടറി വാര്‍ത്ത കണ്ട് അത്ഭുതപ്പെടുകയും സര്‍ക്കാരിന് ലോക്ക്ഡൗണ്‍ നീട്ടാന്‍ യാതൊരു പദ്ധതിയുമില്ലെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തു,' പി.ബി.എന്‍.എസ് ട്വീറ്റ് ചെയ്തു.
മാര്‍ച്ച് 24നാണ് രാജ്യത്ത് കേന്ദ്രം സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. മാര്‍ച്ച് 25 മുതല്‍ പ്രാബല്യത്തില്‍ വന്ന ലോക്ക്ഡൗണ്‍ ഏപ്രില്‍ 14നാണ് അവസാനിക്കുക.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ രാജ്യത്തെ പൊതു ഗതാഗതമടക്കമുള്ള സേവനങ്ങള്‍ നിര്‍ത്തലാക്കി. അവശ്യ സേവനങ്ങള്‍ക്ക് മാത്രമാണ് അനുമതി നല്‍കുന്നത്.
അതേസമയം, നിയന്ത്രണങ്ങള്‍ക്കു വെല്ലുവിളിയായി ദിവസ വേതനക്കാരായ തൊഴിലാളികളുടെ ജന്മനാട്ടിലേക്കുള്ള കൂട്ടപ്പലായനം തുടരുകയാണ്. കാതങ്ങളോളം നടന്നാണ് ഉത്തര്‍പ്രദേശിലേക്കും ബിഹാറിലേക്കും പശ്ചിമ ബംഗാളിലേക്കും യാത്ര ചെയ്യുന്നത്.
ഇന്ത്യയില്‍ ഇതുവരെ 1,100 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 31 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."