സര്‍വകലാശാലാ നിയമനം: സര്‍ക്കാരിനെതിരേ അഴിമതി ആരോപണവുമായി ബി.ജെ.പി
തിരുവനന്തപുരം: ഇടതുസര്‍ക്കാരിനെതിരേ ആദ്യ അഴിമതി ആരോപണവുമായി ബി.ജെ.പി രംഗത്ത്. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത യൂനിവേഴ്‌സിറ്റി, സഹകരണ പ്രൊഫഷണല്‍ വിദ്യാഭ്യാസ പരിശീലന സ്ഥാപനമായ കേപ്പ് എന്നിവയ്‌ക്കെതിരേയാണ് ആരോപണം.
സംസ്‌കൃത സര്‍വകലാശാലാ ലൈബ്രറിയില്‍ ഇല്ലാത്ത തസ്തികയിലേക്ക് ഏഴുപേരെ നിയമിച്ചെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് അഡ്വ.ജെ.ആര്‍ പത്മകുമാര്‍ ആരോപിച്ചു. ഇത് സംബന്ധിച്ച് നാലു ദിവസം മുന്‍പ് ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി.ശ്രീനിവാസ് ഇറക്കിയ ഉത്തരവ് ചട്ടങ്ങള്‍ മറികടന്നാണ്. സര്‍വകലാശാലാ ലൈബ്രറിയില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് എന്ന തസ്തിക ഇല്ലെന്നിരിക്കെ അവിടേക്ക് ആളുകളെ സ്ഥാനകയറ്റം നല്‍കി നിയമിച്ചത് അഴിമതിയാണ്. ശമ്പള കമ്മിഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് സംസ്‌കൃത സര്‍വകലാശാലയില്‍ റഫറന്‍സ് അസിസ്റ്റന്റ്, ലൈബ്രറി അസിസ്റ്റന്റ് എന്നീ തസ്തികകള്‍ മാത്രമാണ് ഉള്ളത്. ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തിക സൃഷ്ടിച്ച് ആള്‍ക്കാരെ നിയമിക്കാന്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരും ശ്രമിച്ചിരുന്നു. എന്നാല്‍ ഇത് നിയമവിരുദ്ധവും അമിത സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതുമായതിനാല്‍ അനുവദിക്കാനാവില്ലെന്ന് ലോക്കല്‍ ഫണ്ട് ഓഡിറ്റ്, ധനകാര്യ ഇന്‍സ്‌പെക്ഷന്‍ വിഭാഗം എന്നിവ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതേ തുടര്‍ന്ന് യു.ഡി.എഫ് സര്‍ക്കാര്‍ ഉപേക്ഷിച്ച നിയമനമാണ് ഇപ്പോള്‍ ഇടതുസര്‍ക്കാര്‍ നടപ്പാക്കിയത്. കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സി.പി.എം നേതാവിന്റെ ഇടപെടലാണ് അഴിമതിക്ക് പിന്നിലെന്നും പത്മകുമാര്‍ ആരോപിച്ചു.
ഓപറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷനില്‍ (കേപ്പ്) റാങ്ക് ലിസ്റ്റ് നിലനില്‍ക്കെ 16 തസ്തികകളില്‍ പിന്‍വാതില്‍ നിയമനം നടത്താന്‍ ശ്രമിക്കുന്നതായും പത്മകുമാര്‍ ആരോപിച്ചു. അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന് പറയുന്ന മുഖ്യമന്ത്രി ചെയര്‍മാനായ സ്ഥാപനത്തിലാണ് ഇത് നടക്കുന്നതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."