പൂക്കുമോ ലാ റോജ
2008ലെ യൂറോ കപ്പും 2010ലെ ലോകകപ്പും 2012ലെ യൂറോ കപ്പും നേടി സ്‌പെയിന്‍ ലോക ഫുട്‌ബോളില്‍ നടത്തിയ മുന്നേറ്റം സമാനതകളില്ലാത്തതായിരുന്നു. ബാഴ്‌സലോണ ക്ലബും പെപ് ഗെര്‍ഡിയോള എന്ന പ്രതിഭാശാലിയായ പരിശീലകനും സൃഷ്ടിച്ച ടിക്കി- ടാക്ക എന്ന കളിയഴകിന്റെ മൂര്‍ച്ചയിലാണ് ലാ റോജ അന്ന് വന്‍ കുതിപ്പ് നടത്തിയത്. 2012ലെ യൂറോ വിജയത്തിന് ശേഷം സ്പാനിഷ് വസന്തം ലോക ഫുട്‌ബോളില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിച്ചില്ല എന്നതും ശ്രദ്ധേയമാണ്. നിലവിലെ ചാംപ്യന്‍മാരെന്ന ലേബലില്‍ കഴിഞ്ഞ തവണ ബ്രസീലിലെത്തിയ സ്പാനിഷ് സംഘത്തിന് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല.
ഇത്തവണ പുതിയ പരിശീലകന്റെ കീഴിലാണ് സ്‌പെയിനെത്തുന്നത്. യുവത്വവും പരിചയ സമ്പത്തും സമം ചേര്‍ത്ത ടീമാണ് അവര്‍ക്കുള്ളത്. കാര്യമായ അവകാശ വാദങ്ങളൊന്നുമില്ലാതെയാണ് സ്‌പെയിന്‍ റഷ്യയില്‍ കളിക്കാനൊരുങ്ങുന്നത്. ഫുട്‌ബോള്‍ പണ്ഡിതര്‍ പക്ഷേ കിരീട സാധ്യത കല്‍പ്പിക്കുന്ന ടീമുകളിലൊന്നാണ് സ്‌പെയിന്‍. കരിയറിന്റെ സായഹ്നത്തില്‍ നില്‍ക്കുന്ന ആന്ദ്രെ ഇനിയെസ്റ്റ- സെര്‍ജിയോ ബുസ്‌ക്കറ്റ്‌സ് സഖ്യം തന്നെയാണ് ഇപ്പോഴും അവരുടെ കളി നിയന്ത്രിക്കുന്നത്. ഇരുവരും 2010ലെ ലോകകപ്പ് ഹീറോകളുമാണ്. പ്രതിരോധത്തില്‍ നായകന്‍ സെര്‍ജിയോ റാമോസും കിരീട വിജയത്തില്‍ പങ്കാളിയായിരുന്ന താരമാണ്. മൂവര്‍ക്കുമൊപ്പം ഡേവിഡ് സില്‍വയും ജെറാര്‍ഡ് പിക്വെയും ലോക കിരീടം നേടിയ സംഘത്തില്‍ അംഗമായി ഇപ്പോഴും ടീമില്‍ തുടരുന്ന താരങ്ങള്‍. വെറ്ററന്‍ ഗോള്‍ കീപ്പര്‍ പെപെ റെയ്‌നയും അന്ന് ലോക ചാംപ്യന്‍മാരായ സംഘത്തിലെ ഗോള്‍ കീപ്പറായിരുന്നു. റെയ്‌ന ഇത്തവണയും ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്.
യൂറോപ്യന്‍ ലീഗുകളില്‍ മിന്നും ഫോമില്‍ കളിച്ച യുവ താരങ്ങളുടെ സംഘ ബലവും ഒപ്പം പഴയ പടക്കുതിരകളുടെ കളി മെനയാനുള്ള മികവും സമം ചേര്‍ത്ത ടീമാണ് ഇക്കുറി സ്‌പെയിന്‍ അണിനിരത്തുന്നത്. ആല്‍വരൊ മൊറാറ്റ, സെസ്‌ക് ഫാബ്രിഗസ്, പെഡ്രോ തുടങ്ങിയ താരങ്ങള്‍ക്കൊന്നും ടീമില്‍ ഇടമില്ല എന്ന് പറയുമ്പോഴാണ് പ്രതിഭാ ധാരാളിത്തത്തിന്റെ മികവ് ബോധ്യപ്പെടുക. റയല്‍ മാഡ്രിഡ്, ബാഴ്‌സലോണ ടീമുകളില്‍ കളിക്കുന്ന താരങ്ങളാണ് ടീമില്‍ ഏറ്റവും കൂടുതല്‍.
സ്പാനിഷ് അണ്ടര്‍ 17, 19, 20, 21 ടീമുകളെ പരിശീലിപ്പിച്ച് മുന്‍പരിചയമുള്ള യുലന്‍ ലൊപ്റ്റഗുയിയാണ് നിലവില്‍ സ്‌പെയിനിന്റെ പരിശീലകന്‍. റയല്‍ മാഡ്രിഡ് ബി ടീം, റയോ വള്‍ക്കാനോ, പോര്‍ട്ടോ ടീമുകളേയും പരിശീലിപ്പിച്ച് മുന്‍പരിചയമുള്ള പരിശീലകന്‍ സ്പാനിഷ് ടീമിന്റെ രീതി ശാസ്ത്രങ്ങളോട് ഏറ്റവും അടുത്തുള്ള ആള്‍ തന്നെ. അണ്ടര്‍ 19, 21 ടീമുകളെ യൂറോ കപ്പ് വിജയത്തിലേക്ക് നയിക്കാനും കോച്ചെന്ന നിലയില്‍ സാധിച്ചിട്ടുണ്ട്. വിസന്റെ ഡെല്‍ബോസ്‌ക്കിന് കീഴില്‍ മികവിന്റെ പാരമ്യതയിലെത്തിയ സ്‌പെയിനിന് കഴിഞ്ഞ ലോകകപ്പില്‍ കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല.
എന്നിട്ടും രണ്ട് വര്‍ഷം കൂടി ഡെല്‍ബോസ്‌ക്ക് തന്നെ സ്‌പെയിനിനെ പരിശീലിപ്പിച്ചു. 2016ലെ യൂറോ കപ്പിലും സ്പാനിഷ് ടീം മികവില്ലാതെ കളിച്ച് പുറത്തായതോടെയാണ് ഡെല്‍ബോസ്‌ക്കിന്റെ കസേര തെറിച്ചത്. പകരം സ്ഥാനമേറ്റതാണ് ലൊപ്റ്റഗുയി. ലൊപ്റ്റഗുയിക്ക് കീഴില്‍ ഇതുവരെ സ്‌പെയിന്‍ 18 മത്സരങ്ങളാണ് കളിച്ചത്. അതില്‍ 13ലും വിജയം അഞ്ച് സമനില. ഇതുവരെ തോല്‍വിയറിയാതെ ടീമിനെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിച്ച ലൊപ്റ്റഗുയി ഒരുപക്ഷേ റഷ്യയില്‍ ഏറ്റവും ശ്രദ്ധ നേടാന്‍ സാധ്യതയുള്ള പരിശീലകന്‍ കൂടിയാണ്.
കളി മെനഞ്ഞ് രൂപപ്പെടുന്ന മധ്യനിരയുടെ ശക്തമായ സാന്നിധ്യം തന്നെയാണ് ഇപ്പോഴും സ്‌പെയിനിന്റെ വജ്രായുധം. പ്രായം ഏറിയെങ്കിലും പ്രതിഭയുടെ കാര്യത്തില്‍ മുന്നില്‍ തന്നെയെന്ന് തെളിയിക്കുന്ന പ്രകടനവുമായി ഇനിയെസ്റ്റ. ഒപ്പം നിശബ്ദ വിപ്ലവങ്ങള്‍ക്ക് അവസരമൊരുക്കുന്ന ബുസ്‌ക്കറ്റ്‌സ്.
അത്‌ലറ്റിക്കോ മാഡ്രിഡിന്റെ മധ്യനിരയുടെ ചുക്കാന്‍ പിടിക്കുന്ന കോകെ, ബയേണ്‍ താരം തിയാഗോ അല്‍ക്കന്താര, റയലിന്റെ ഒളിപ്പോരാളി മാര്‍ക്കോ അസന്‍സിയോ, ഡേവിഡ് സില്‍വ, ഇസ്‌ക്കോ തുടങ്ങി വമ്പന്‍ നിരയാണ് അവരുടെ മിഡ്ഫീല്‍ഡ് എഞ്ചിന്‍. മുന്നേറ്റത്തില്‍ ഡീഗോ കോസ്റ്റയാണ് ഫസ്റ്റ് ചോയ്‌സ്. മൊറേനോ, വാസ്‌ക്വസ് എന്നിവരും ഒപ്പമുണ്ട്.
ഹാട്രിക്ക് ചാംപ്യന്‍സ് ലീഗ് കിരീടം ടീമിന് നേടിക്കൊടുക്കുന്നതിന് മുന്നില്‍ നിന്ന് പൊരുതിയ റയല്‍ മാഡ്രിഡ് നായകന്‍ കൂടിയായ സെര്‍ജിയോ റാമോസ് പ്രതിരോധത്തിലെ നമ്പര്‍ വണ്‍. ഒപ്പം പിക്വെ, നാചോ മോണ്‍റിയല്‍, ജോര്‍ദി ആല്‍ബ തുടങ്ങിയവരും. ചാംപ്യന്‍സ് ലീഗിനിടെ പരുക്കേറ്റ് കളം വിട്ട ഡാനി കാര്‍വജല്‍ കളിക്കുമോ എന്ന കാര്യം ഉറപ്പായിട്ടില്ല. ഇകര്‍ കാസിയസ് എന്ന ഇതിഹാസ ഗോള്‍ കീപ്പര്‍ സ്ഥാനമൊഴിഞ്ഞതിനാല്‍ പകരം മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഗോള്‍ കീപ്പര്‍ ഡേവിഡ് ഡി ജിയയാണ് വല കാക്കാന്‍. മിന്നും ഫോമിലാണ് ജിയ എന്നത് സ്‌പെയിനിന് കൂടുതല്‍ ശക്തി നല്‍കുന്നു.
ഗ്രൂപ്പ് ബിയില്‍ യൂറോ ചാംപ്യന്‍മാരായ പോര്‍ച്ചുഗല്‍, മൊറോക്കോ, ഇറാന്‍ ടീമുകളാണ് മുന്‍ ലോക ചാംപ്യന്‍മാരുടെ എതിരാളികള്‍. ഇതില്‍ പോര്‍ച്ചുഗലുമായുള്ള മത്സരമാണ് നിര്‍ണായകം. അട്ടിമറികള്‍ നടന്നില്ലെങ്കില്‍ ഈ പോരാട്ടമാണ് ഗ്രൂപ്പ് ചാംപ്യന്‍മാരെയും രണ്ടാം സ്ഥാനക്കാരേയും നിര്‍ണയിക്കുക. പൂക്കുമോ ലാ റോജ എന്ന് കാത്തിരുന്ന് കാണാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."