ക്രമസമാധാന തകര്‍ച്ചക്കെതിരേ കോണ്‍ഗ്രസ്
പാലക്കാട്: ജില്ലയിലെ ക്രമസമാധാന തകര്‍ച്ചക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ പൊലിസിനെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി. വാളയാറിലെ പെണ്‍കുട്ടികളുടെ മരണം സംബന്ധിച്ച ദുരൂഹത നീക്കാന്‍ ഒരുമാസമായിട്ടും പൊലിസിന് കഴിഞ്ഞിട്ടില്ല. ആദ്യ പെണ്‍കുട്ടിയുടെ മരണം നടന്ന് ഒരുമാസം പൊലിസ് നിഷ്‌ക്രിയത്വം കാണിച്ചതിന്റെ പേരിലായിരുന്നു രണ്ടാമത്തെ മരണം സംഭവിച്ചത്. പ്രതികളെ പിടിച്ചുവെന്ന് അവകാശപ്പെടുന്ന പൊലിസ് നടന്നതെന്തെന്ന് വെളിപ്പെടുത്താന്‍ തയ്യാറാകത്തതില്‍ ദുരൂഹതയുണ്ടെന്നും കോണ്‍ഗ്രസ് കമ്മിറ്റി ആരോപിച്ചു.
കുറ്റക്കാരായ പൊലിസ് ഓഫീസര്‍മാരെ സംരക്ഷിക്കാനാണ് നീക്കം നടക്കുന്നത്. നെന്മാറയില്‍ ആദിവാസി യുവാവിനെ പൊലിസ് സ്റ്റേഷനില്‍ കൊണ്ടുപോയി എസ്.ഐയുടെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദിച്ചതിനെതിരേയും കേസ് എടുത്തിട്ടില്ല.
അതേസമയം ഇതിനെതിരേ പ്രതിഷേധം നടത്തിയ നാല്‍പതോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേയാണ് കേസെടുത്തത്. എസ്.പിയുടെ നിര്‍ദേശപ്രകാരം അന്വേഷണം നടത്തിയ ഡിവൈ.എസ്.പി പൊലിസിന്റെ ക്ലീന്‍ ചിറ്റ് നല്‍കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കഞ്ചാവ് ലോബിക്കെതിരായി പ്രതികരിക്കുകയും കഞ്ചാവ് വിറ്റവരെ പൊലിസില്‍ ഏല്‍പിച്ചതുമാണ് ആദിവാസി യുവാവായ ബാബു ചെയ്ത തെറ്റ്. ബാബുവിനെ കുറ്റവാളിയായി ചിത്രീകരിച്ച് സി.പി.എമ്മുമായി ബന്ധമുള്ള കഞ്ചാവ് ലോബിയെ സംരക്ഷിക്കുന്ന നിലപാടാണ് ആലത്തൂര്‍ ഡിവൈ.എസ്.പി ചെയ്തത്. വാളയാര്‍ കേസില്‍ അന്വേഷണം നേരിടുന്ന ഡിവൈ.എസ്.പി അതില്‍ നിന്ന് രക്ഷപ്പെടുവാനുള്ള നീക്കമാണ് നടക്കുന്നത്. സര്‍ക്കാരിന്റെയും പൊലിസിന്റെയും മുഖം രക്ഷിക്കാനുള്ള തെറ്റായ റിപ്പോര്‍ട്ടാണ് ഡിവൈ.എസ്.പി നല്‍കിയത്. പാവങ്ങളോടും നീതി നിഷേധവും നിയമ നിഷേധവും നടത്തുന്ന ജില്ലയിലെ പൊലിസ് സംവിധാനത്തോടുള്ള ജനങ്ങളുടെ വിശ്വാസം പൂര്‍ണമായും നഷ്ടപ്പെട്ടു.
സി.പി.എമ്മിന്റെ ആജ്ഞാനുവര്‍ത്തികളായി അധപതിച്ച് പൊലിസ് ഓഫിസര്‍മാര്‍ക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കുവാന്‍ ഡി.സി.സി അധ്യക്ഷന്‍ വി.കെ ശ്രീകണ്ഠന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി യോഗം തീരുമാനിച്ചു. കെ.പി.സി.സി സെക്രട്ടറി പി.ജെ പൗലോസ് യോഗം ഉദ്ഘാടനം ചെയ്തു. നേതാക്കളായ സി.വി ബാലചന്ദ്രന്‍, സി ചന്ദ്രന്‍, കെ.എ ചന്ദ്രന്‍, എ. രാമസ്വാമി, സി.എച്ച് ഷൗക്കത്തലി, പി.വി രാജേഷ്, കെ.എസ്.ബി.എ തങ്ങള്‍, എം.ആര്‍ രാമദാസ്, കെ. ശ്രീനിവാസന്‍, പി. ബാലന്‍ സംസാരിച്ചു.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട കെ.എസ്.യു ജില്ലാ പ്രസിഡന്റ് കെ.എസ് ജയഘോഷ്, മത്സ്യ തൊഴിലാളി ജില്ലാ പ്രസിഡന്റ് യു.കെ ശശി എന്നിവര്‍ക്ക് സ്വീകരണവും നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."