ചുമ്മാ പുറത്തിറങ്ങല്ലേ പണികിട്ടും; യു.എ.ഇയില്‍ വീടുവിട്ടു വിട്ടിറങ്ങിയാല്‍ 5,000 ദിര്‍ഹം വരെ ഫൈന്‍
ദുബായ്: കൊവിഡ-19 വ്യാപനം തടയുന്നതിനായി ഏര്‍പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരുടെ മേല്‍ ഭീമന്‍ പിഴ ചുമത്തി യു.എ.ഇ. ക്വാറന്റൈന്‍ അടക്കമുള്ള നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് 50,000 ദിര്‍ഹം വരെ പിഴ ഈടാക്കാനാണ് തീരുമാനം.
കര്‍ഫ്യൂ സമയമായ രാത്രി എട്ടുമുതല്‍ രാവിലെ ആറു വരെ പുറത്തിറങ്ങുന്നവരില്‍ നിന്ന് 3000 ദിര്‍ഹം ആണ് പിഴയായി ഈടാക്കുക. കര്‍ഫ്യൂ പ്രഖ്യാപിക്കാത്ത സമയത്ത് പുറത്തിറങ്ങുന്നവരില്‍ നിന്ന് 2000 ദിര്‍ഹം ഈടാക്കാനുമാണ് തീരുമാനം. ജോലി ആവശ്യത്തിനോ അവശ്യവസ്തുക്കളോ വാങ്ങുവാനല്ലാതെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പാടില്ല.
അനാവശ്യമായി ആശുപത്രികളില്‍ പോകുന്നതു പോലും പിഴ കിട്ടാന്‍ വഴിവെക്കും. സ്വന്തം വാഹനമാണെങ്കില്‍ പോലും മൂന്നിലേറെ പേര്‍ യാത്ര ചെയ്താല്‍ നല്‍കണം ആയിരം ദിര്‍ഹം ഫൈന്‍. ഈ കുറ്റങ്ങള്‍ ആവര്‍ത്തിച്ചാല്‍ പിന്നെ ഇരട്ടിത്തുക പിഴയായി ഈടാക്കും. പിന്നെയും ചെയ്തുവെന്നു വന്നാല്‍ പ്രോസിക്യുഷന്‍ നടപടികള്‍ ആരംഭിക്കും.
മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ യു.എ.ഇ അറ്റോണി ജനറല്‍ പ്രഖ്യാപിച്ചതാണിത്. മാര്‍ച്ച് 26 മുതല്‍ ഈ നിയമത്തിന് പ്രാബല്യമുണ്ട്.
മെഡിക്കല്‍ മാസ്‌കുകള്‍ ധരിക്കാതിരിക്കുകയോ സുരക്ഷിതമായ അകലം പാലിക്കാതിരിക്കുകയോ ചെയ്യാത്തവരില്‍ നിന്ന് ആയിരം ദിര്‍ഹം പിഴ ഈടാക്കും. മാത്രമല്ല, മുന്‍കരുതലുകള്‍ ലംഘിക്കുന്നവര്‍ക്ക് 500 ദിര്‍ഹം മുതല്‍ 50,000 ദിര്‍ഹം വരെ പിഴ ഈടാക്കുമെന്നും ഉത്തരവിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."