ബാലുശേരിയില്‍ കനത്ത ജാഗ്രതാ നിര്‍ദേശം
ബാലുശേരി: താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്ന രണ്ടു പേര്‍ നിപാ വൈറസ് ബാധിച്ച് മരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കി. ഇതിന്റെ ഭാഗമായി ബാലുശ്ശേരി താലുക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരോടും ജീവനക്കാരോടും അവധിയില്‍ പ്രവേശിക്കാന്‍ അറിയിപ്പ് നല്‍കിയിട്ടുണ്ട്.
ആശുപത്രിയിലെ ആറു ഡോക്ടര്‍മാരോടും നഴ്‌സിങ് ജീവനക്കാരോടുമാണ് ഒരാഴ്ച അവധിയില്‍ പ്രവേശിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നിര്‍ദേശിച്ചത്. ആശുപത്രിയില്‍ പകരം ഡോക്ടര്‍മാരെയും നഴ്‌സുമാരെയും നിയമിച്ച് ബദല്‍ സംവിധാനമൊരുക്കിയിട്ടുണ്ടെന്നും ഒ.പി വിഭാഗം തടസപ്പെടില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ഇന്നലെ രണ്ടു ഡോക്ടര്‍മാരെയും രണ്ടു നഴ്‌സുമാരെയും നിയമിച്ചിട്ടുണ്ട്.
എന്നാല്‍ ഒ.പി വിഭാഗം പതിവുപോലെ പ്രവര്‍ത്തിച്ചെങ്കിലും നാലോ അഞ്ചോ രോഗികള്‍ മാത്രമാണ് എത്തിയത്. താലൂക്ക് ആശുപത്രിയില്‍ നിപാ വൈറസ് ബാധിച്ച് നേരത്തേ ചികിത്സ തേടി പിന്നീട് മരണത്തിന് കീഴടങ്ങിയ തിരുവോട് സ്വദേശി ഇസ്മായിലിനെ പരിശോധിച്ച ഡോക്ടര്‍ പനി ബാധിച്ച് ചികിത്സ തേടിയ സാഹചര്യത്തിലാണ് ജീവനക്കാരോട് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കിയത്.
ഇസ്മായിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് ഇതേ വാര്‍ഡില്‍ വയറിളക്കം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന കോട്ടൂര്‍ പഞ്ചായത്തിലെ പൂനത്ത് നെല്ലിയുള്ളതില്‍ ഭാസ്‌കരന്റെ മകന്‍ റസിന്‍ (25) വ്യാഴാഴ്ച മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചതോടെ ബാലുശ്ശേരി നിപാ വൈറസ് ഭീതിയിലായി. വ്യാപാര സ്ഥാപനങ്ങളിലും മറ്റും രണ്ടു ദിവസം മുന്‍പു വരെയുണ്ടായിരുന്ന തിരക്ക് കുറഞ്ഞിട്ടുണ്ട്. ബസുകളില്‍ യാത്രക്കാരും കാര്യമായില്ല. കണ്ണാടിപ്പൊയില്‍ പൂനത്ത് ഭാഗത്തേക്കുള്ള ബസുകള്‍ സര്‍വിസ് നിര്‍ത്തിവച്ചു. എല്ലാവരും മാസ്‌ക് ധരിച്ചാണ് കടകളിലും മറ്റും ജോലി ചെയ്യുന്നത്. താലൂക്ക് ആശുപത്രി സ്ഥിതിചെയ്യുന്ന ബാലുശേരി മുക്കില്‍ റോഡ് ഇന്റര്‍ലോക്ക് ചെയ്യുന്ന തൊഴിലാളികളെ മാറ്റിനിര്‍ത്തിയാല്‍ വിജനമായിരുന്നു. പ്രദേശത്ത് ഓട്ടോറിക്ഷകളും ഓടിയില്ല.
ബാലുശേരിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി; രോഗവ്യാപനം തടയാന്‍ നടപടി
കോഴിക്കോട്: നിപാ വൈറസ് ബാധിച്ച് ബാലുശേരിയില്‍ ഒരാള്‍ കൂടി മരിച്ച സാഹചര്യത്തില്‍ പ്രദേശത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി പുരുഷന്‍ കടലുണ്ടി എം.എല്‍.എ, ജില്ലാ കലക്ടര്‍ യു.വി ജോസ്, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍ സരിത എന്നിവരുടെ നേതൃത്വത്തില്‍ ഗസ്റ്റ് ഹൗസില്‍ യോഗം ചേര്‍ന്നു. രോഗം ബാധിച്ച് മരിച്ച ഇസ്മായിലും റസിനും ചികിത്സ തേടിയ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലും പരിസര പഞ്ചായത്തുകളിലും സ്വീകരിക്കേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ചും നടപടികളെ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു.
ജാഗ്രത പുലര്‍ത്തുന്നതോടൊപ്പം വ്യക്തിഗത ആരോഗ്യം സംരക്ഷിക്കുന്നത് രോഗ വ്യാപനം തടയാന്‍ ഉപകരിക്കുമെന്ന് പുരുഷന്‍ കടലുണ്ടി എം.എല്‍.എ യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. നിരീക്ഷണ പട്ടികയിലായതിനാല്‍ ജോലിക്കു പോകാന്‍ കഴിയാത്ത അര്‍ഹതപ്പെട്ടവര്‍ക്ക് സൗജന്യ റേഷനും മറ്റു സഹായങ്ങളും നല്‍കുന്നതിനുള്ള നടപടികള്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ സ്വീകരിക്കുന്നുണ്ട്. ഇതിനായി ഗ്രാമപഞ്ചായത്തുകള്‍ പട്ടിക തയാറാക്കും. സാമൂഹിക മാധ്യമങ്ങല്‍ വഴിയുള്ള വ്യാജ പ്രചാരണങ്ങള്‍ക്കെതിരേ നടപടി ശക്തമാക്കും. വിവാഹം പോലുള്ള, ആളുകളുടെ കൂടിച്ചേരലുകള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കണമെന്നും പുരുഷന്‍ കടലുണ്ടി എം.എല്‍.എ ആവശ്യപ്പെട്ടു.
രോഗികളുമായി നേരിട്ട് ഇടപെട്ടവര്‍ സ്വയം മാറി നില്‍ക്കാന്‍ തയാറാകണമെന്ന് ഡി.എം.ഒ ഡോ. വി. ജയശ്രീ നിര്‍ദേശിച്ചു. രോഗം സ്ഥിരീകരിച്ചവരുമായി ഇടപെട്ടവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ 0495-2381000 എന്ന നമ്പറില്‍ വിളിച്ച് വിവരം അറിയിക്കണം. ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സും പരിശീലനം നല്‍കിയ ഡ്രൈവര്‍മാരെയും സജ്ജമാക്കിയിട്ടുണ്ട്. നിപാ രോഗബാധിതര്‍ക്ക് ചികിത്സ നല്‍കുന്ന പ്രധാന കേന്ദ്രമായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മാറിയതിനാല്‍ ഇവിടേക്കുള്ള മറ്റു രോഗികളുടെ വരവ് നിയന്ത്രിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഡി.എം.ഒ അറിയിച്ചു. നിരീക്ഷണത്തിലിക്കുന്ന രോഗികള്‍ക്കു വേണ്ടി കൂടുതല്‍ നഴ്‌സുമാരെയും ജീവനക്കാരെയും നിയോഗിക്കേണ്ടി വന്നതിനാലാണ് മെഡിക്കല്‍ കോളജില്‍ രോഗികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വന്നിരിക്കുന്നത്. ജനങ്ങള്‍ മറ്റ് ആശുപത്രികളെ സമീപിക്കണമെന്നും ഡി.എം.ഒ പറഞ്ഞു.
കോട്ടൂര്‍ പഞ്ചായത്തിലും പരിസരങ്ങളിലും കൂട്ടായ ശ്രമങ്ങളിലൂടെ ബോധവല്‍ക്കരണം നടത്താനും ആശങ്കയകറ്റാന്‍ മെഡിക്കല്‍ സംഘം പ്രദേശത്ത് സന്ദര്‍ശനം നടത്തുന്നതിനും നടപടി സ്വീകരിക്കുമെന്നും ഡി.എം.ഒ പറഞ്ഞു. കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.പി ശ്രീജ, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ചന്ദ്രന്‍, കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. എന്‍. രാജേന്ദ്രന്‍, കോട്ടൂര്‍ പി.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ അബ്ദുല്‍ ഗഫൂര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഇസ്മായില്‍ കുറുമ്പൊയില്‍, എന്‍.പി രാമദാസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ജനപ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.
പിടിതരാതെ നിപാ; പിടിവിട്ട് ആരോഗ്യ വകുപ്പ്
കോഴിക്കോട്: ആദ്യ നിപാ മരണം റിപോര്‍ട്ട് ചെയ്തിട്ട് ഒരു മാസം പിന്നിടാനാകുമ്പോഴും വൈറസ് ബാധയെ നിയന്ത്രിക്കാന്‍ കഴിയാത്തത് ആശങ്ക വീണ്ടും വര്‍ധിപ്പിക്കുന്നു. നിപാ രോഗം രണ്ടാം ഘട്ടത്തിലേക്കു കടന്നതോടെ പ്രതിരോധിക്കാനുള്ള തീവ്രയജ്ഞത്തിലാണ് ആരോഗ്യ വകുപ്പ്.
ഇതുവരെ നിപാ ബാധയെ തുടര്‍ന്ന് 16 മരണമാണ് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചതെങ്കിലും ആദ്യം രോഗം പിടിപെട്ടെന്ന് കരുതുന്ന പേരാമ്പ്ര സൂപ്പിക്കടയിലെ സാബിത്തിന്റെ മരണം നിപായെ തുടര്‍ന്നാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കാരശേരി സ്വദേശിയായ ഒരു യുവാവും സമാന ലക്ഷണത്തോടെ മരിച്ചിരുന്നു.സാബിത്ത് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നപ്പോള്‍ ഇവിടെ ബന്ധുവിന്റെ കൂടെയുണ്ടായിരുന്ന യുവാവ് കുറച്ചു ദിവസങ്ങള്‍ക്കു ശേഷമാണ് മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു മരണമെന്നാണ് ഔദ്യോഗിക വിശദീകരണം.
എന്നാല്‍ കഴിഞ്ഞ ദിവസം നിപാ ബാധിച്ച് മുക്കത്തിനു സമീപമുള്ള ഡ്രൈവറായ യുവാവ് മരിച്ചതോടെ നേരത്തെ മരിച്ച യുവാവിന്റെ ബന്ധുക്കളെയും മറ്റും നിപാ സമ്പര്‍ക്ക ലിസ്റ്റില്‍ ഉള്‍പ്പെടുത്തി നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.
നിപാ വൈറസ് കൂടുതല്‍ പേരിലേക്കു പകരാതിരിക്കാന്‍ ആരോഗ്യ വകുപ്പ് സ്വീകരിച്ച നടപടികള്‍ അപര്യാപ്തമാണെന്നാണ് പുതിയ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. ഒരു മാസം മുന്‍പ് പോരാമ്പ്രയില്‍ കണ്ടെത്തിയ വൈറസ് ബാധ ഇന്നു ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ റിപോര്‍ട്ട് ചെയ്തിരിക്കുകയാണ്. മെയ് 17ന് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്വാലിഹിന് അടുത്ത ദിവസമാണ് നിപാ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്.
എന്നാല്‍ ഇതിനെ തുടര്‍ന്നുള്ള 25 ദിവസത്തിനുള്ളില്‍ പേരാമ്പ്രക്ക് പുറമെ പാറക്കടവ്, നടുവണ്ണൂര്‍, ചെറുവണ്ണൂര്‍, കൂരാച്ചുണ്ട്, മുക്കം, കോട്ടൂര്‍, പാലാഴി, കാരശേരി, മലപ്പുറം ജില്ലയിലെ കൊളത്തൂര്‍, മുന്നിയൂര്‍, തിരൂരങ്ങാടി തെന്നല എന്നിവിടങ്ങളിലുള്ളവര്‍ക്ക് നിപാ ബാധയുണ്ടായി. ആദ്യം രോഗം ബാധിച്ച സാബിത്തുമായോ സഹോദരന്‍ സ്വാലിഹുമായോ ഉള്ള സമ്പര്‍ക്കമാണ് ഒരാളൊഴികെ മറ്റെല്ലാവര്‍ക്കും രോഗം വരാന്‍ കാരണം.
എന്നാല്‍ കഴിഞ്ഞ ദിവസം മരിച്ച കോട്ടൂര്‍ പഞ്ചായത്തിലെ റസിന് വൈറസ് ബാധ പിടിപെടാന്‍ ഇടയാക്കിയത് ബാലുശേരി താലൂക്ക് ആശുപത്രിയിലെ ചികിത്സക്കിടെ സാബിത്തില്‍ നിന്ന് വൈറസ് ബാധയേറ്റ ഇസ്മായിലില്‍ നിന്നാണ്.
നിപാ ബാധ രണ്ടാം ഘട്ടത്തിലേക്കു കടന്നുവെന്നതിന്റെ സൂചനയായിട്ടാണ് ആരോഗ്യവകുപ്പ് ഇതിനെ കാണുന്നത്.
എന്നാല്‍ ആദ്യഘട്ടത്തില്‍ രോഗ ബാധിതരായവരുമായി ബന്ധപ്പെട്ടവരെ കണ്ടെത്തി നീരീക്ഷണം നടത്താന്‍ സമ്പര്‍ക്ക ലിസ്റ്റ് തയാറാക്കിയെങ്കിലും ഈ പട്ടികയിലുള്ളവരെ പൂര്‍ണമായും പരിധിയില്‍ കൊണ്ടുവരാന്‍ അധികൃതര്‍ക്കു കഴിഞ്ഞിട്ടില്ല. ലിസ്റ്റിലുള്ളവരില്‍ പലരും ഇപ്പോഴും നാട്ടിലും പുറത്തും സഞ്ചരിക്കുന്നുണ്ട്.
ഇവരെ ഒരു കേന്ദ്രത്തില്‍ എത്തിച്ച് കുറച്ചു ദിവസം നിരീക്ഷണത്തിന് വിധേയമാക്കിയാല്‍ ഭീതിയകറ്റാനും വൈറസ് ബാധ പടരുന്നത് തടയാനും കഴിയുമെന്നാണ് വിധഗ്ദാഭിപ്രായം.
കോഴിക്കോട് നഗരത്തില്‍ വിവാഹങ്ങളും മറ്റും നടക്കുന്നില്ലെങ്കിലും ഗ്രാമപ്രദേശങ്ങളില്‍ ഇപ്പോഴും ഇത്തരം പരിപാടികള്‍ നടക്കുന്നുണ്ട്. ഇതെല്ലാം രോഗം പടരാന്‍ ഇടയാക്കുമെന്നാണ് വിലയിരുത്തല്‍.
ഉറവിടം കണ്ടെത്തിയില്ല; ഭീതി വിടാതെ ജില്ല
ചേവായൂര്‍: നിപാ വൈറസ് നിയന്ത്രണ വിധേയമായെന്ന് ആരോഗ്യ മന്ത്രി ആവര്‍ത്തിക്കുമ്പോഴും ഇതു വിശ്വാസത്തിലെടുക്കാന്‍ ആരോഗ്യ മേഖലയില്‍ തന്നെ പലരും തയാറാകുന്നില്ല. സംസ്ഥാനത്തെ വൈറസ് ബാധ എന്തില്‍ നിന്നാണെന്ന് സ്ഥിരീകരിക്കാതെ വൈറസിനെ തുടച്ചുനീക്കിയെന്ന് അവകാശപ്പെടാനാകില്ലെന്നാണ് ആരോഗ്യ മേഖലയിലെ ഉന്നതര്‍ പോലും പറയുന്നത്.
മറ്റേത് വൈറസ് രോഗത്തെ പോലെ നിപാ വൈറസും സ്വയം നിയന്ത്രിത രോഗമായതിനാല്‍ തല്‍ക്കാലത്തേക്കു മാറിനില്‍ക്കുമെങ്കിലും വൈറസ് തിരിച്ചുവരാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് മെഡിക്കല്‍ കോളജിലെ മെഡിസിന്‍ വിഭാഗത്തില്‍നിന്നുള്ള വിദഗ്ധര്‍ പറയുന്നു. മരിച്ച സാബിത്തിന്റെയും സ്വാലിഹിന്റെയും വീട്ടിലെ കിണറില്‍ നിന്ന് കിട്ടിയ ഇന്‍സെക്ടിവോര്‍സ് ഇനത്തില്‍ പെട്ട വവ്വാലുകളില്‍ വൈറസ് ബാധയില്ലെന്ന് തെളിഞ്ഞതോടെ ഇതു സംബന്ധിച്ച അന്വേഷണം അനിശ്ചിതത്വത്തിലായി.
തുടര്‍ന്ന് വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ പഴം തീനി വവ്വാലുകളുടെ 30 സാംപിളുകള്‍ ഭോപ്പാലിലേക്ക് അയച്ചിട്ടുണ്ട്. എന്നാല്‍ വവ്വാലില്‍ നിന്ന് വൈറസ് ബാധ സ്ഥിരീകരിക്കാനുള്ള സാധ്യതയില്ലെന്നാണ് അഡിഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ പറയുന്നത്.
വവ്വാലിലല്ലെങ്കില്‍ പിന്നെയെന്തിനെയാണ് കരുതിയിരിക്കേണ്ടത് എന്നറിയാതെ രോഗത്തെ മുഖാമുഖം കണ്ടവര്‍ ഭീതിയിലാണ്. പേരാമ്പ്രയില്‍ രോഗത്തിനു കാരണമായ വൈറസ് ബംഗ്ലാദേശില്‍ കണ്ടെത്തിയ വൈറസിനു സമാനമായ ജനിതക ഘടനയുള്ളതാണെന്ന് മാത്രമാണ് അദ്ദേഹം പറയുന്നത്. കോഴിക്കോട്ട് വൈറസ് ബാധ പടര്‍ന്നു പിടിക്കുന്നത് തടയുന്നതില്‍ ആരോഗ്യ മേഖല വിജയിച്ചിട്ടുണ്ട്. അതേസമയം രോഗം സ്ഥിരീകരിച്ചരില്‍ ഏറെ പേരും മരിച്ചുവെന്നത് ആരോഗ്യ രംഗത്തെ പോരായ്മയായി വിലയിരുത്തുന്നവരുമുണ്ട്. മലേഷ്യയിലും ബംഗ്ലാദേശിലും മരണസംഖ്യ കേരളത്തെക്കാള്‍ 10 ശതമാനം കുറവായിരുന്നു. കേരളത്തിന്റ ആശങ്കയകറ്റണമെങ്കില്‍ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്തുകയും കൃത്യമായ ചികിത്സ ലഭിക്കുകയും വേണം.
രോഗ ബാധിതര്‍ ചികിത്സ തേടുന്ന ആശുപത്രി എന്ന നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു വരാന്‍ പോലും ആളുകള്‍ തയാറാകാത്ത അവസ്ഥയാണ് നിലവിലുള്ളത്. തുടരെ നിപാ ലക്ഷണങ്ങളുമായി രോഗികള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടുന്നതും ആശങ്ക വര്‍ധിപ്പിക്കുകയാണ്.
ഈ നിര്‍ദേശങ്ങള്‍ പാലിക്കുക
നിപാ രോഗം ബാധിച്ച രോഗിയുമായി അടുത്ത് ഇടപഴകിയ ബന്ധുകള്‍ക്കോ കൂട്ടിരിപ്പുകാര്‍ക്കോ പനി, തലവേധന, ചുമ, ശ്വാസംമുട്ടല്‍ ബോധാവസ്ഥയിലുള്ള വ്യതിയാനം തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെണ്ടങ്കില്‍ അവര്‍ സ്വയം പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി മറ്റുള്ളവരുമായി ഇടപഴകരുത്. ഇത്തരം വ്യക്തികള്‍ നിപാ ഹെല്‍പ്‌ലൈന്‍ നമ്പറുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായങ്ങള്‍ സ്വീകരിക്കണം.
രോഗിയുമായി ബന്ധമുള്ള വ്യക്തികള്‍ രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും 21 ദിവസമെങ്കിലും സ്വയം നിരീക്ഷണ വിധേയമാകുന്നതിന്റെ ഭാഗമായി അടുത്ത ബന്ധുക്കളുമായി സുരക്ഷിതമായ അകലം പാലിക്കേണ്ടണ്ടതാണ്. പ്രസ്തുത വ്യക്തികള്‍ക്കു രോഗലക്ഷണങ്ങള്‍ എന്തെങ്കിലും ഉണ്ടെണ്ടങ്കില്‍ ഹെല്‍വ്‌ലൈനിന്റെ സഹായം തേടണം.
രോഗലക്ഷണങ്ങള്‍ ഉള്ളവരില്‍നിന്നും രോഗം സ്ഥിരീകരിച്ച വ്യക്തികളില്‍ നിന്നും മാത്രമേ ഈ രോഗം മറ്റുള്ളവരിലേക്കു പകരുകയുള്ളൂ. അതിനാല്‍ അകാരണമായ ഭയക്കേണ്ടതില്ല.
രോഗികളുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടണ്ടായി എന്നു ബോധ്യപ്പെട്ട എല്ലാവരും ആരോഗ്യ വകുപ്പിന്റെ നീരിക്ഷണത്തിലാണ്. പ്രസ്തുത നിരീക്ഷണം ശാസ്ത്രീയമായി നടപ്പാക്കുന്നതിന്റെ ഭാഗമായി പ്രത്യേകം സജ്ജമാക്കിയ കോള്‍ സെന്ററില്‍ നിന്ന് വിവരാന്വേഷണം നടത്തുന്നുണ്ടണ്ട്.
രോഗപ്പകര്‍ച്ച തടയാനും ശാസ്ത്രീയമായ ചികിത്സ നല്‍കുന്നതിനുമായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എല്ലാവിധ സൗകര്യങ്ങളോടും കൂടി പ്രത്യേക ബ്ലോക്ക് സജ്ജമാക്കിയിട്ടുണ്ടണ്ട്.
നിപാ സംബന്ധിച്ച് ശരിയായ വിവരങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ മൊബൈല്‍ ആപ്പിന്റെ സഹായവും ലഭ്യമാണ്. ആരോഗ്യ വകുപ്പിന്റെ സന്ദേശങ്ങള്‍ ലഭിക്കാന്‍ 917592808182 എന്ന നമ്പര്‍ നിങ്ങളുടെ ഫോണില്‍ സേവ് ചെയ്തു വയ്ക്കുക, ശേഷം നിപാ സഹായം ലഭ്യമായ http-: Nipah Help App.Qkotpy.com എന്ന ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക. ആപ്പില്‍ 917592808182 എന്ന നമ്പറില്‍ വരുന്ന ആധികാരിക സന്ദേശങ്ങള്‍ പരിശോധിക്കാം.
ജനങ്ങള്‍ വേണ്ടത്ര ബോധവാന്മാരല്ല!
കോഴിക്കോട്: നിപാ ബാധയെ തുടര്‍ന്ന് ജില്ലയില്‍ കനത്ത ജാഗ്രതാ നിര്‍ദേശം നിലനില്‍ക്കുമ്പോഴും പല ഭാഗങ്ങളിലും വൈറസ് സംബന്ധമായ ഗുരുതരാവസ്ഥയെ കുറിച്ച് ജനങ്ങള്‍ ബോധവാന്മാരല്ലെന്ന് സൂചന.
മുന്‍കരുതല്‍ എന്ന നിലയില്‍ സാധാരണ ക്ലിനിക്കല്‍ മാസ്‌ക് ഉപയോഗിക്കുന്നതിന് അപ്പുറം യാതൊരു നിര്‍ദേശവും ഇവിടങ്ങളില്‍ നല്‍കിയിട്ടില്ലെന്നാണ് വിവരം. കുടുംബശ്രീ അടക്കമുള്ള സാമൂഹിക സംവിധാനങ്ങളെല്ലാം വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്താമെന്നിരിക്കെ നിപാ ബാധിക്കാതിരിക്കാന്‍ ചെയ്യേണ്ട മുന്‍കരുതലുകളെ കുറിച്ചു പോലും അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.
അതിനിടെ നിപാ ആശുപത്രിയില്‍ നിന്നാണ് പടരുന്നതെന്ന് റിപോര്‍ട്ട് പുറത്തുവന്നതോടെ സാധാരണ പനി ബാധിച്ചവര്‍ പോലും ഇവിടങ്ങളില്‍ ചികിത്സ തേടുന്നില്ലെന്നതാണ് വസ്തുത.
റസിന്റെ മാതാപിതാക്കള്‍ നിരീക്ഷണത്തില്‍
നടുവണ്ണൂര്‍: നിപാ വൈറസ് ബാധിച്ച് മരിച്ച കോട്ടൂര്‍ പൂനത്ത് നെല്ലിയുള്ളതില്‍ റസിന്റെ മാതാപിതാക്കള്‍ നിരീക്ഷണത്തില്‍. റസിനെ പരിചരിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മാതാവും പിതാവും മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ റസിന്‍ മരിച്ചതോടെ നിരീക്ഷണത്തിലുള്ള പിതാവ് സ്വസ്ഥത നഷ്ടപ്പെട്ട് വ്യാഴാഴ്ച രാത്രി മെഡിക്കല്‍ കോളജില്‍ നിന്ന് പൂനത്തുള്ള വീട്ടിലേക്ക് പോയിരുന്നു. വെള്ളിയാഴ്ച രാവിലെ നിരീക്ഷണ വാര്‍ഡില്‍ ഇദ്ദേഹത്തെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷണം നടത്തുന്നതിനിടെ വീട്ടില്‍ ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് അധികൃതര്‍ സ്ഥലത്തെത്തി പ്രത്യേക ആംബുലന്‍സില്‍ മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു.
വ്യാജ സന്ദേശം; ദുരിതത്തിലായത് വിദ്യാര്‍ഥി
കോഴിക്കോട്: നിപാ വൈറസിന്റെ പേരില്‍ പ്രചരിച്ച വ്യാജ സന്ദേശം ദുരിതത്തിലാക്കിയത് വിദ്യാര്‍ഥിയെ.
കോഴിക്കോട് ബൈപാസിലെ ഹൈലൈറ്റ് മാള്‍ അടച്ചുവെന്നും സുരക്ഷാ ജീവനക്കാരന് നിപാ ബാധിച്ചുവെന്നുമുള്ള വ്യാജ സന്ദേശങ്ങളില്‍ വിദ്യാര്‍ഥിയുടെ മൊബൈല്‍ നമ്പര്‍ ചേര്‍ത്തതാണ് കുടുംബത്തിന് ഒന്നടങ്കം പ്രയാസമായത്. കാലിക്കറ്റ് സര്‍വകലാശാല ജീവനക്കാരനും എഴുത്തുകാരനുമായ മടവൂര്‍ സ്വദേശി ലത്തീഫ് മുട്ടാഞ്ചേരിയുടെ മകന്റെ മൊബൈല്‍ നമ്പറാണ് ഹൈലൈറ്റ് മാള്‍ ജീവനക്കാരന്റേതെന്ന പേരില്‍ വ്യാജമായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സന്ദേശത്തില്‍ ചേര്‍ത്തിട്ടുള്ളത്.
ഇതുകാരണം കഴിഞ്ഞ ദിവസം അര്‍ധരാത്രിവരെ ധാരാളം കോളുകള്‍ വിദ്യാര്‍ഥിയുടെ ഫോണിലേക്കു വന്നു. അപ്രതീക്ഷിതമായ വന്ന കോളുകള്‍ വിദ്യാര്‍ഥിയെ തളര്‍ത്തിയിരിക്കുകയാണ്. പ്ലസ്ടു പരീക്ഷ കഴിഞ്ഞ് ബിരുദ പ്രവേശനത്തിനുള്ള തയാറെടുപ്പിലായിരുന്നു വിദ്യാര്‍ഥി.
തന്റെ മകന്റെ മൊബൈല്‍ നമ്പര്‍ വ്യജമായി പ്രചരിപ്പിച്ച സംഭവത്തില്‍ പൊലിസില്‍ പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് പിതാവ് ലത്തീഫ്.
വിഷയത്തില്‍ മാള്‍ അധികൃതര്‍ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
നല്ലൂരില്‍ നിപാ; വാട്‌സ്ആപ് സന്ദേശം വ്യാജം
ഫറോക്ക്: നല്ലൂരില്‍ നിപാ വൈറസ് ബാധ സ്ഥീരികരിച്ചുവെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം വ്യജമാണെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. ഫറോക്ക് നഗരസഭയിലെ നല്ലൂരില്‍ നിപാ സ്ഥീരികരിച്ചിട്ടുണ്ടെന്നും മണിപ്പാലിലേക്ക് സ്രവം അയച്ചിട്ടുണ്ടെന്നും പ്രദേശത്തുള്ള ജനം ശ്രദ്ധിക്കണമെന്നുമുള്ള ശബ്ദസന്ദേശമാണ് ഇന്നലെ വാട്ട്‌സ്ആപ്പ് വഴി പ്രചരിപ്പിച്ചത്. ഫറോക്ക് താലൂക്ക് ആശുപത്രിക്കു കീഴില്‍ ഇതുവരെ ഒരു നിപാ കേസും സ്ഥിരീകരിച്ചിട്ടില്ലെന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യ വിഭാഗം അറിയിച്ചു.
പനി ലക്ഷണങ്ങള്‍ ആര്‍ക്കെങ്കിലും ഉണ്ടായാല്‍ ആശുപത്രിയില്‍ ചികിത്സ തേടുകയോ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയോ ചെയ്യണം. പ്രദേശത്ത് പകര്‍ച്ചപ്പനിയുടെ ഗുരുതര സ്ഥിതിയില്ലെന്നും താലൂക്ക് ആശുപത്രിയില്‍ പ്രത്യേക ഒ.പി ആരംഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് നീട്ടും: കലക്ടര്‍
കോഴിക്കോട്: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് നീട്ടുമെന്ന് കലക്ടര്‍ യു. വിജോസ്.
കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ ജൂണ്‍ അഞ്ചിന് തുറക്കാനാണ് തീരുമാനം. നിപാ ഭീതി ഒഴിയാത്ത സാഹചര്യത്തില്‍ 10 ദിവസം കൂടി നീട്ടി നല്‍കാനാണ് ഉദ്ദേശ്യം. ഇന്ന് ആരോഗ്യ മന്ത്രിയുമായി ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്ന് കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."