കര്‍ണ്ണാടക സോഷ്യല്‍ മീഡിയകളില്‍ കാസര്‍കോട്ടുകാര്‍ക്കെതിരെ വ്യാജ പ്രചാരണം
കാസര്‍കോട്: കര്‍ണ്ണാടക സോഷ്യല്‍ മീഡിയകളില്‍ കാസര്‍ക്കോട്ടുകാര്‍ക്കെതിരെ വ്യാജ പ്രചാരണം. ഇതേ തുടര്‍ന്നാണ് അതിര്‍ത്തികളില്‍ കര്‍ണ്ണാടക പാതകള്‍ അടച്ചു കടുത്ത നടപടികള്‍ സ്വീകരിച്ചെതെന്നാണ് സൂചന. കാസര്‍ക്കോട്ടുകാരാണ് കര്‍ണ്ണാടകയില്‍ കൊവിഡ് കൊണ്ട് വന്നതെന്നും ഇക്കാരണത്താല്‍ അവരെ കര്‍ണ്ണാടകയില്‍ പ്രവേശിപ്പിക്കുകയോ, കര്‍ണ്ണാടകയിലെ ആശുപത്രികളില്‍ കാസര്‍ക്കോട്ടുകാര്‍ക്കു ചികിത്സ നല്കരുതെന്നുമുള്ള സന്ദേശങ്ങളാണ് കര്‍ണ്ണാടകയിലെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ ഏറെ പ്രചരിക്കുന്നതെന്നാണ് വിവരം.
അതെ സമയം കാസര്‍കോട് ജില്ലക്കാരായ ആകെ അഞ്ചുപേരാണ് കര്‍ണ്ണാടകയിലെ ആശുപത്രികളില്‍ കൊവിഡ് ചികിത്സയിലുള്ളത്.
ഒരാള്‍ ബംഗളൂരുവിലെ ആശുപത്രിയിലും നാല് പേര്‍ മംഗളൂരുവിലെ ആശുപത്രിയിലും ഉള്ളതായി കര്‍ണ്ണാടക ആരോഗ്യ വകുപ്പ് നാല് ദിവസം മുമ്പ് വ്യക്തമാക്കിയിരുന്നു.
മംഗളൂരുവില്‍ ചികിത്സയില്‍ കഴിയുന്ന നാല് പേരില്‍ പ്രായമായ ഒരു സ്ത്രീ ഇക്കഴിഞ്ഞ 21 നാണു മംഗളൂരുവിലെ ആശുപത്രിയിലെത്തിയത്. ഉംറ കഴിഞ്ഞു കോഴിക്കോട് വിമാനത്താവളം വഴി മാര്‍ച്ച് 9 ന് നാട്ടിലെത്തിയ ഇവര്‍ പനിയും മുമ്പേ ഉണ്ടായിരുന്ന മറ്റു അസുഖങ്ങളും കാരണം മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സക്ക് വേണ്ടി എത്തിയതായിരുന്നു. രോഗ കൂടുതല്‍ കാരണം ഇവരെ അഡ്മിറ്റ് ചെയ്തു ചികിത്സ നടത്തി വരുന്നതിനിടയിലാണ് കൊവിഡ് ബാധ കണ്ടെത്തിയത്. മറ്റു മൂന്നു പേര്‍ മംഗളൂരു വിമാനത്താവളം വഴി ദുബൈയില്‍ നിന്നും വരുകയും അസുഖ ലക്ഷണം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്ന് തന്നെ നേരിട്ട് ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു.
അതെ സമയം രാജ്യത്ത് കൊവി ഡ് ബാധയെ തുടര്‍ന്ന് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത് കര്‍ണ്ണാടകയിലെ കല്‍ബുര്‍ഗിയിലാണ്. ഈ ഭാഗത്ത് ഒട്ടനവധി ആളുകള്‍ നിരീക്ഷണത്തിലും മറ്റും കഴിയുന്നതിനിടയിലാണ് കര്‍ണ്ണാടകയിലെ സംഘ് പരിവാര്‍ സംഘടനകള്‍ സമൂഹ മാധ്യമങ്ങളില്‍ കാസര്‍ക്കോട്ടുകാര്‍ക്കെതിരെ കൊവിഡിന്റെ പേരില്‍ വ്യാജ പ്രചാരണം വ്യാപകമായി നടത്തി വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."