പൊതുശ്മശാന നിര്‍മാണം: അഴിമതി നടന്നതായി ഓഡിറ്റ് റിപ്പോര്‍ട്ട്
വെള്ളിയാമറ്റം: പഞ്ചായത്തിലെ പൊതുശ്മശാന നിര്‍മാണത്തില്‍ അഴിമതിനടന്നതായി ഓഡിറ്റ് റിപ്പോര്‍ട്ട്. കെട്ടിടനിര്‍മാണത്തിലും കുഴല്‍ക്കിണര്‍ നിര്‍മാണത്തിലുമടക്കം അഴിമതി നടത്തിയതായി കണ്ടെത്തി ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം വിജിലന്‍സ് അന്വേഷണത്തിനു ശുപാര്‍ശ ചെയ്തു. മൂന്നുവര്‍ഷങ്ങള്‍ക്കു മുന്‍പാണു വെള്ളിയാമറ്റം പഞ്ചായത്തിലെ ഇളംദേശത്ത് നിലവിലുണ്ടായിരുന്ന പൊതുശ്മശാനം പൊളിച്ച് ആധുനികരീതിലുള്ള ശ്മശാനം നിര്‍മിക്കുന്നതിനു പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചത്. ഇതിനായി രണ്ട് ഘട്ടങ്ങളിലായി 55 ലക്ഷം രൂപയും അനുവദിച്ചു.
എന്നാല്‍, നിര്‍മാണം വൈകിയതോടെ നാട്ടുകാര്‍ കോടതിയെ സമീപിച്ചു. കേസിന്റെ വാദത്തിനിടെ 2015 ജൂണ്‍ മാസത്തിനു മുന്‍പു പണി പൂര്‍ത്തിയാക്കുമെന്നു പഞ്ചായത്ത് ഭരണസമിതി അദാലത്ത് കോടതിയെ അറിയിച്ചു. എന്നിട്ടും പണികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടില്ല. നാല്‍പതു ലക്ഷം രൂപയായിരുന്നു ആദ്യഘട്ടത്തിലെ ടെന്‍ഡര്‍ തുക. ഇതു മുടക്കി കെട്ടിടവും ഫര്‍ണസും ജനറേറ്ററും മറ്റ് അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ചു. കൂടിയ വിലയ്ക്കാണ് ഉപകരണങ്ങള്‍ വാങ്ങിക്കൂട്ടിയത് എന്ന് ആരോപണമുണ്ട്. ഉപകരണങ്ങള്‍ക്കു രണ്ടുവര്‍ഷമായിരുന്നു വാറന്റി കാലാവധി. വാറന്റി കാലാവധി ഇതിനോടകംതന്നെ കഴിഞ്ഞതിനാല്‍ ഉപകരണങ്ങള്‍ക്കു തകരാര്‍ സംഭവിച്ചാല്‍ പഞ്ചായത്തിനു ലക്ഷക്കണക്കിനു രൂപ നഷ്ടമാകും.
ശ്മശാനത്തിനു വേണ്ട ചുറ്റുമതില്‍, പൂന്തോട്ടം, ചിതാഭസ്മം ശേഖരിക്കുന്നതിനുള്ള ടാങ്ക്, ജലസംഭരണി എന്നിവയുടെ നിര്‍മാണം ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല. അറക്കുളം, കുടയത്തൂര്‍, വെള്ളിയാമറ്റം പഞ്ചായത്തുകളില്‍നിന്നു പതിറ്റാണ്ടുകളായി ഈ പൊതുശ്മശാനത്തിലാണു സംസ്‌കാരം നടത്തിയിരുന്നത്. നിര്‍മാണം പൂര്‍ത്തിയാക്കാത്തതിനാല്‍ പ്രദേശവാസികള്‍ തൊടുപുഴയിലെയും മൂവാറ്റുപുഴയിലെയും ശ്മശാനങ്ങളിലാണു സംസ്‌കാരം നടത്തുന്നത്. പഞ്ചായത്തിലെ എഞ്ചിനീയറിങ് വിഭാഗം എസ്റ്റിമേറ്റ് തയാറാക്കിനല്‍കിയെങ്കിലും അദ്യകരാറുകാരനെ മാറ്റിയശേഷം പദ്ധതിയുടെ നിര്‍വഹണച്ചുമതല മറ്റൊരു ഏജന്‍സിക്കു കൈമാറി.
ഇതു നിയമവിരുദ്ധമാണെന്നു പരാതിയുണ്ട്. കഴിഞ്ഞ പഞ്ചായത്തുഭരണസമിതിയുടെ കാലത്താണു നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നതെന്നും ഇതില്‍ അഴിമതിയുണ്ടെങ്കില്‍ കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റ് ഷീബാ രാജശേഖരന്‍ പറഞ്ഞു. ശ്മശാനത്തിന്റെ ജോലികള്‍ പൂര്‍ത്തിയായിവരുന്നതായും അടുത്തമാസം പകുതിയോടെ ഇതിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്നും പ്രസിഡന്റ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."