ബാര്‍കോഴ: ഗൂഢാലോചനയിലെ പങ്കിനെച്ചൊല്ലി വീണ്ടും വിവാദം
കോണ്‍ഗ്രസിന്റെ ദൗര്‍ബല്യം മുതലാക്കാന്‍ കെ.എം മാണി രംഗത്ത്
കോട്ടയം: ബാര്‍കോഴ കേസിന് പിന്നിലെ ഗൂഢാലോചന വിവാദം പ്രസ്താവനകളിലൂടെ പുറത്തെത്തിച്ച് കേരളാ കോണ്‍ഗ്രസ് (എം) തുറന്ന പോരിന്. കോണ്‍ഗ്രസിനെതിരേ വാളോങ്ങി എല്‍.ഡി.എഫിലേക്കോ വേണ്ടി വന്നാല്‍ എന്‍.ഡി.എയിലേക്കോ പ്രവേശനത്തിനുള്ള വഴി തുറക്കാനുള്ള നീക്കമാണെന്നാണ് സൂചന. മുന്‍ മന്ത്രി അടൂര്‍ പ്രകാശിന്റെ മകനും ബാര്‍കോഴ കേസിലെ പ്രധാന സാക്ഷിയായ ബിജു രമേശിന്റെ മകളും തമ്മിലുള്ള വിവാഹ നിശ്ചയത്തില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുത്തത് ചൂണ്ടിക്കാട്ടിയാണ് ബാര്‍കോഴ ഗൂഢാലോചനയില്‍ കോണ്‍ഗ്രസിന്റെ പങ്ക് കേരളാ കോണ്‍ഗ്രസ് സ്ഥിരീകരിക്കുന്നത്. ബിജു രമേശിന്റെ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുത്തത് ശരിയായില്ലെന്ന് കെ.പി.സി.സി പ്രസിഡന്റും തുറന്നടിച്ചിരുന്നു.
സുധീരന്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നിലപാടിനെ പിന്തുണച്ച് കേരളാ കോണ്‍ഗ്രസ് (എം) ജനറല്‍ സെക്രട്ടറി ജോസഫ്.എം.പുതുശേരിയാണ് ആദ്യം രംഗത്തെത്തിയത്. ഇതിന് പിന്നാലെ തങ്ങളെ യു.ഡി.എഫില്‍ തളച്ചിടാനുള്ള ഗൂഢാലോചനയാണ് ബാര്‍കോഴ വിവാദത്തിന് പിന്നിലെന്ന് കെ.എം മാണിയും സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതോടെ കേരളാ കോണ്‍ഗ്രസ് (എം) ചിലതൊക്കെ ഉറപ്പിച്ചു തന്നെയാണ് രംഗത്തെത്തിയതെന്നത് വ്യക്തം.
ബാര്‍കോഴക്കേസില്‍ കെ.എം മാണിയെ കുടുക്കാന്‍ യു.ഡി.എഫിനുള്ളില്‍ നിന്ന് തന്നെ ഗൂഢാലോചന നടന്നുവെന്ന് തുടക്കംമുതലേ പരോക്ഷമായി ആരോപണങ്ങളുന്നയിച്ച കേരളാ കോണ്‍ഗ്രസ് (എം) എന്നാല്‍ ആരുടെയെങ്കിലും പേരോ മറ്റു വിശദാംശങ്ങളോ പുറത്തുവിടാന്‍ തയാറായിരുന്നില്ല.
തദ്ദേശ -നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ സീറ്റുകള്‍ക്കായും സര്‍ക്കാരുമായി ബന്ധപ്പെട്ട മറ്റു ചില ആനുകൂല്യങ്ങള്‍ക്കുമായി വിലപേശലിന് വേണ്ടി കൂടുതല്‍ വെളിപ്പെടുത്തലില്‍ നിന്ന് പിന്തിരിയുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കോണ്‍ഗ്രസ് കൂടുതല്‍ ദുര്‍ബലാവസ്ഥയിലായത് കെ.എം മാണിക്ക് യു.ഡി.എഫില്‍ പടപ്പുറപ്പാടിനിറങ്ങാന്‍ കരുത്തേകി. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരേ കാര്യമായ ആരോപണങ്ങളുന്നയിക്കാതെ മയപ്പെടുത്തല്‍ സമീപനമാണ് കെ.എം മാണി സ്വീകരിച്ചിരുന്നത്. എല്‍.ഡി.എഫുമായി കൂടുതല്‍ അടുക്കുന്നതിന്റെ സൂചനകള്‍ ഇരുവിഭാഗം നേതാക്കളില്‍ നിന്നുണ്ടായിരുന്നു.
മധ്യകേരളത്തില്‍ കൂടുതല്‍ കരുത്ത് നേടാനും കോണ്‍ഗ്രസിനെ നാമാവശേഷമാക്കാനും കേരളാ കോണ്‍ഗ്രസ് (എം)നെ കൂട്ടു പിടിക്കാനുള്ള താല്‍പര്യം എല്‍.ഡി.എഫിനുണ്ട്. കൂടാതെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ യു.ഡി.എഫ് ചെയര്‍മാനായി നിയോഗിച്ചത് തങ്ങളറിയാതെയാണെന്ന് മാണി വെടി പൊട്ടിക്കുകയും ചെയ്തിരുന്നു.
ബാര്‍കോഴ ഗൂഢാലോചനക്ക് പിന്നിലെ പങ്കിന്റെ പേരില്‍ ആദ്യമൊക്കെ കോണ്‍ഗ്രസ് എ വിഭാഗത്തിനെതിരേ ഒളിയമ്പെയ്തിരുന്ന കേരളാ കോണ്‍ഗ്രസ് ഇപ്പോള്‍ രമേശ് ചെന്നിത്തലക്കും ഐ ഗ്രൂപ്പിനുമെതിരേയാണ് തിരിഞ്ഞിരിക്കുന്നത്.
ജോസ്.കെ.മാണിക്ക് കേന്ദ്രമന്ത്രിപദവും മാണിക്ക് ഗവര്‍ണര്‍ പദവിയും വാഗ്ദാനം നല്‍കിയാണ് എന്‍.ഡി.എ കേരളാ കോണ്‍ഗ്രസിനായി വലവീശുന്നത്. കേരളത്തില്‍ പ്രബല ന്യൂനപക്ഷമായ ക്രിസ്ത്യന്‍ വിഭാഗത്തെ കൂടെ നിര്‍ത്തി കരുത്ത് നേടാനുള്ള ബി.ജെ.പിയുടെ നീക്കത്തോടും മാണി പൂര്‍ണമായും പുറംതിരിഞ്ഞിട്ടുമില്ല. നേരത്തെ ബി.ജെ.പി പ്രസിഡന്റ് അമിത്ഷായുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങിയെങ്കിലും അപ്പോഴത്തെ സാഹചര്യം പരിഗണിച്ച് പിന്മാറുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."