കൊവിഡ് 19: മക്കയിലെ ഹറമിനോട് ചേര്‍ന്നുള്ള പ്രധാന കേന്ദ്രങ്ങളില്‍ കർഫ്യു 24 മണിക്കൂറായി ഉയർത്തി
മക്ക: കൊവിഡ് 19 വൈറസ് വ്യാപന പശ്ചാത്തലത്തിൽ മക്കയുടെ ചില ഭാഗങ്ങളില്‍ കര്‍ഫ്യൂസമയം ഉയർത്തി. മക്കയിലെ ഹറമിനോട് ചേര്‍ന്നുള്ള പ്രധാന താമസ കേന്ദ്രങ്ങളില്‍ ഇന്ന് മൂന്ന് മണി മുതല്‍ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. സഊദി ആഭ്യന്തര മന്ത്രാലയമാണ് കർഫ്യു 24 മണിക്കൂറായി നീട്ടിയതായി അറിയിച്ചത്. അജ്‌യാദ്, അല്‍മസാഫി, മിസ്ഫല, ഹുജൂന്‍, നകാസ, ഹോശ് ബകര്‍ എന്നിവിടങ്ങളിലാണ് കർഫ്യു സമയം ദീർഘിപ്പിച്ചത്.
ഇന്ന് മുതല്‍ കര്‍ഫ്യൂ കാലാവധി അവസാനിക്കുന്നത് വരെ ഈ നിയന്ത്രണം തുടരും. ബഖാലകളിലേക്കും ആരോഗ്യസ്ഥാപനങ്ങളിലേക്കും രാവിലെ ആറു മുതല്‍ ഉച്ചക്ക് മൂന്നു വരെ പോകാവുന്നതാണ്. നേരത്തെ കര്‍ഫൂവില്‍ ഇളവ് ലഭിച്ചവര്‍ക്ക് ആനുകൂല്യം തുടരും.
ഈ മേഖലയിലുള്ളവര്‍ പ്രദേശം വിട്ട് പോകാന്‍ പാടില്ല. മറ്റുള്ളവര്‍ ഇവിടേക്ക് പ്രവേശിക്കുന്നതും വിലക്കി. 14 ദിവസം മേഖലയില്‍ കോവിഡ് 19 നിരീക്ഷണത്തിന്റെ ഭാഗമായാണ് നടപടി. മക്കയിൽ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് കൂടുതൽ നിയന്ത്രണങ്ങൾ. ഇന്ന് മാത്രം മക്കയിൽ 40 വൈറസ് ബാധയാണ് റിപ്പോർട്ട് ചെയ്തത്. മക്കയിൽ വൈറസ് ബാധിതരുടെ എണ്ണം 200 കവിഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."