ഫയലില്‍ കുരുങ്ങിയ 'ജീവിത'ങ്ങള്‍ക്ക് ഇ ഡിസ്ട്രിക് പദ്ധതിയില്‍ മോചനം
കാക്കനാട്: ജില്ലയിലെ താലൂക്ക് ഓഫിസുകളെയും 124 വില്ലേജ് ഓഫിസുകളെയും 165 അക്ഷയ കേന്ദ്രങ്ങളെയും ബ്രോഡ്ബാന്‍ഡ് ശൃംഖലയുമായി കോര്‍ത്തിണക്കി തുടക്കം കുറിച്ച ഇ ഡിസ്ട്രിക് പദ്ധതിയില്‍ ഫയലില്‍ കുരുങ്ങിയ ജീവിതങ്ങള്‍ക്ക് മോചനം. സര്‍ക്കാര്‍ ഓഫിസുകളിലെ ഫയല്‍ നീക്കങ്ങള്‍ മൂലം കാലതാമസം നേരിടുന്ന പ്രവൃത്തികള്‍ക്ക് പ്രശ്‌നപരിഹാരം തേടിയാണ് 2013 ഫെബ്രവരിയില്‍ സംസ്ഥാനത്ത് ആദ്യമായി ഇഡിസ് ട്രിക് പദ്ധതിയുടെ തുടക്കം. 2016ലെ ഇ ഡിസ്ട്രിക് പെര്‍ഫോമന്‍സ് പ്രകാരം എറണാകുളം 10 ാം സ്ഥാനത്താണ്. ജാതി സര്‍ട്ടിഫിക്കറ്റുകള്‍ മുതല്‍ പോക്ക് വരവ് സര്‍ട്ടിഫിക്കറ്റുകള്‍ വരെ സര്‍ക്കാര്‍ ഓഫിസുകളില്‍ പോകാതെ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജാതി,വരുമാനം,നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ മുതല്‍ വില്ലേജ് ഓഫിസുകളില്‍ നിന്ന് ലഭിക്കുന്ന 23 സര്‍ട്ടിഫിക്കറ്റുകള്‍ അടക്കം ഒമ്പത് വകുപ്പുകളിലെ 46 വിവധ സേവനങ്ങളാണ് അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ഓണ്‍ലൈനില്‍ ലഭിക്കുക.
2017 ജനുവരിയിലെ കണക്കുകള്‍ പ്രകാരം ഇഡിസ്ട്രിക് പദ്ധതിയില്‍ ജില്ലയില്‍ രണ്ട് കോടിയോളം സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തിട്ടുള്ളത്. ഏഴ് താലൂക്കുകളില്‍ 122 വില്ലേജുകള്‍ വഴി ലഭിച്ച അപേക്ഷ പ്രകാരമാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയത്.
87.79 %സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. ജില്ലയിലെ പ്രതിമാസ പ്രവര്‍ത്തനങ്ങളിലെ മികവ് പരിശോധിച്ചതില്‍ 24 വില്ലേജുകളാണ് ഗോള്‍ഡ് റേറ്റഡ് നിലയില്‍. ചൊവ്വര, കറുകുറ്റി, കൈപ്പട്ടൂര്‍, മണകുന്നം, മുളന്തുരുത്തി, ചെല്ലാനം, ഇടക്കൊച്ചി, എളങ്കുന്നപ്പുഴ, കുമ്പളങ്ങി, മട്ടാഞ്ചേരി, തോപ്പുംപടി, പല്ലാരിമംഗലം, പിണ്ടിമന, പോത്താനിക്കാട്, ഐരാപുരം, മാറമ്പിള്ളി, മഴുവന്നൂര്‍, വാഴക്കുളം, മണീട്, മാറാടി, പിറവം, തിരുമാറാടി, കോട്ടുവള്ളി, കുന്നുകര എന്നി വില്ലേജുകളാണ് ഗോള്‍ഡ് റേറ്റഡ് നേട്ടം കൈവരിച്ചത്.
61 വില്ലേജുകള്‍ സില്‍വര്‍ റേറ്റഡ് കരസ്ഥമാക്കി. കാലടി, മലയാറ്റൂര്‍, മൂക്കന്നൂര്‍, തുറവൂര്‍, ചേരാനെല്ലൂര്‍, കടമക്കുടി, കുമ്പളം, മരട്, മുളവുകാട്, നടമ, പൂണിത്തുറ, തിരുവാങ്കുളം, വാഴക്കാല, എടവനക്കാട്, ഫോര്‍ട്ട്‌കൊച്ചി, കുഴുപ്പിള്ളി, നായരമ്പലം, പള്ളുരുത്തി, പുതുവൈപ്പ്, രാമേശ്വരം, കടവൂര്‍, കീരമ്പാറ, കോട്ടപ്പടി, കുട്ടമംഗലം, കുട്ടമ്പുഴ, നേര്യമംഗലം, തൃക്കാരിയൂര്‍, വാരപ്പെട്ടി, അറക്കപ്പടി, അശമന്നൂര്‍, ചേലമറ്റം, ഐക്കരനാട് നോര്‍ത്ത്, കിഴക്കമ്പലം, കോടനാട്, കുമ്പനാട്, കൂവപ്പടി, കുന്നത്ത്‌നാട്, പട്ടിമറ്റം, പെരുമ്പാവൂര്‍, പുത്തന്‍കുരിശ്, രായമംഗലം, തിരുവാണിയൂര്‍, വേങ്ങൂര്‍ ഈസ്റ്റ്, വെങ്ങോല, ആരക്കുഴ, കല്ലൂര്‍ക്കാട്, മുളവൂര്‍, മൂവാറ്റുപുഴ, പാലക്കുഴ, രാമമംഗലം, വെള്ളൂര്‍കുന്നം, വാളകം, ചേന്ദമംഗലം, കടങ്ങല്ലൂര്‍, കരുമാലൂര്‍, മൂത്തകുന്നം, പറവൂര്‍, പുത്തന്‍വേലിക്കര, വടക്കേക്കര, വരാപ്പുഴ എന്നിവയുമാണ്.ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ക്ക് അംഗീകാരം നല്‍കി വിതരണം ചെയ്തത് നടമ വില്ലേജ് ഓഫിസിലാണ്,1515 സര്‍ട്ടിഫിക്കറ്റുകളാണ് ഇവിടെ നിന്നും വിതരണം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."