കേരളത്തിന്റെ സ്വന്തം ബാങ്ക് ഇന്നു കൂടി; ആശങ്കയോടെ എസ്.ബി.ടി ജീവനക്കാരും ഇടപാടുകാരും
കൊച്ചി:പതിനാറ് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി പടര്‍ന്ന് പന്തലിച്ചു കിടക്കുന്ന കേരളത്തിന്റെ സ്വന്തം ബാങ്കായ സ്റ്റ്റ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ (എസ്.ബി.ടി) പ്രവര്‍ത്തനം ഇനി ഇന്ന് കൂടി മാത്രം.ഏപ്രില്‍ ഒന്നുമുതല്‍ വിവിധ സംസ്ഥാനങ്ങളുടെ അഞ്ച് അസോസിയേറ്റ് ബാങ്കുകളും ഭാരതീയ മഹിളാ ബാങ്കും എസ്.ബി.ഐയില്‍ ലയിക്കുന്നതോടെ എസ്.ബി.ടിയും ഓര്‍മയായി മാറും.
എസ്.ബി.ഐയെ അന്താരാഷ്ട്രാതലത്തില്‍ മികവുറ്റ 50 ബാങ്കുകളില്‍ ഒന്നാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ ലയനം നടപ്പാക്കുന്നത്.രാജ്യത്തുടനീളമുള്ള എസ്.ബി.ഐയുടെ 1177 ശാഖകളില്‍ ചിലത് അടച്ചു പൂട്ടുകയും മറ്റുള്ളവ എസ്.ബി.ഐ ശാഖയായി മാറുകയും ചെയ്യും.852 ശാഖകളാണ് എസ്.ബി.ടിക്ക് കേരളത്തിലുള്ളത്.കേരളത്തില്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സുള്ള ഏക ബാങ്കും എസ്.ബി.ടി ആണ്. എന്നാല്‍ എസ്.ബി.ടിയുടെ ലയനം
ജീവനക്കാരെയും ഇടപാടുകരെയും ഒരുപോലെ ആശങ്കിയിലാക്കിയിരിക്കുകയാണ്.ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ സ്വമേധയാ പിരിഞ്ഞുപോകാന്‍ (വി.ആര്‍.എസ്) നേരത്തെ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.ഏപ്രില്‍ ഏഴുവരെയാണ് പിരിഞ്ഞുപോകുന്നവര്‍ക്ക് അപേക്ഷ നല്‍കാനും അപേക്ഷനല്‍കിയവര്‍ക്ക് പിന്‍വലിക്കാനും സമയം അനുവദിച്ചിരിക്കുന്നത്.കേരളത്തില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന സ്ഥലംമാറ്റം മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുമെന്നാണ് മറ്റൊരു ആശങ്ക.സ്ഥാനക്കയറ്റം സംബന്ധിച്ചും ആശങ്ക നിലനില്‍ക്കുന്നുണ്ട്.8500 ഓളം ജീവനക്കാരും അയ്യായിരത്തോളം ഓഫിസര്‍ റാങ്കിലുള്ളവരുമാണ് എസ്.ബി.ടിക്ക് കേരളത്തിലുള്ളത്.ഇത്രയും പേരുടെ സേവനം ലയനം പ്രാബല്യത്തില്‍ വരുമ്പോള്‍ ആവശ്യമായി വരില്ലെന്നാണ് വിലയിരുത്തല്‍.30 ശതമാനം ശാഖകള്‍ അടച്ചുപൂട്ടണമെന്നായിരുന്നു ഉപദേശക കമ്മിറ്റിയുടെ നിര്‍ദേശം.എന്നാല്‍ ബാങ്ക് ജീവനക്കാരുടെ നിരന്തരമായ പ്രതിഷേധത്തെ തുടര്‍ന്ന് നേരിയ തോതിലെങ്കിലും ഇതിന് ഇളവ് വന്നിട്ടുണ്ട്. വിവിധ ഇടപാടുകള്‍ക്ക് തങ്ങള്‍ കനത്ത സര്‍വ്വീസ് ചാര്‍ജ് നല്‍കേണ്ടിവരുമെന്നാണ് ഇടപാടുകാരുടെ ആശങ്ക. വന്‍തുക മിനിമം ബാലന്‍സായി നിജപ്പെടുത്തുന്നതോടെ ഇടപാടുകാര്‍ക്ക് മറ്റ് ബാങ്കുകളിലേക്ക് ചേക്കേറേണ്ടിവരും.ചെറുഗ്രാമങ്ങളില്‍ 1000,സെമി അര്‍ബന്‍ 2000,അര്‍ബന്‍ 3000,മെട്രോ 5000 എന്നിങ്ങനെയാണ് എസ്.ബി അക്കൗണ്ടിലെ ബാലന്‍സ് നിജപ്പെടുത്തിയിരിക്കുന്നത്.മിനിമം ബാലന്‍സ് കുറഞ്ഞാല്‍ 50 രൂപമുതല്‍ 100 രൂപ വരെ പിഴ ഈടാക്കും.പണം അടക്കുന്നതിനും പിന്‍വലിക്കുന്നതിനും നിയന്ത്രണവുമുണ്ടാകും.എസ്.ബി.ടിയില്‍ നിന്ന് ലളിതമായ വ്യവസ്ഥകളിലൂടെ ലഭ്യമായിരുന്ന വീട്.കാര്‍ തുടങ്ങിയ ലോണുകള്‍ക്കും ഇനി നിയന്ത്രണമുണ്ടാകും.എസ്.ബി.ടിയുടെ നെയിം ബോര്‍ഡുകള്‍ നീക്കം ചെയ്യുന്ന നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. നാളെമുതല്‍ ഇവിടെയൊക്കെ എസ്.ബി.ഐയുടെ ബോര്‍ഡുണ്ടാകും,ഇല്ലെങ്കില്‍ മറ്റൊരുബ്രാഞ്ചില്‍ സേവനം ലഭ്യമാകുമെന്ന അറിയിപ്പും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."