കാലിക്കറ്റില്‍ അടുത്ത വര്‍ഷം റെഗുലര്‍, വിദൂര വിദ്യാഭ്യാസ ഫലങ്ങള്‍ ഒന്നിച്ചെന്ന് വി.സി
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ വിദൂര വിദ്യാഭ്യാസം ആറാം സെമസ്റ്റര്‍ ഡിഗ്രി പരീക്ഷാഫലവും റെക്കോര്‍ഡ് വേഗത്തില്‍ പ്രസിദ്ധീകരിച്ചു. വെബ്‌സൈറ്റില്‍ പരീക്ഷാഫല പ്രസിദ്ധീകരണ സ്വിച്ച്ഓണ്‍ കര്‍മം വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ നിര്‍വഹിച്ചു.
ജീവനക്കാരുടെയും അധ്യാപകരുടെയും കഠിനപ്രയത്‌നവും ഉന്നത ഉദ്യോഗസ്ഥരുടെ ഏകോപന മികവും കൊണ്ടാണ് റെക്കോര്‍ഡ് വേഗത്തില്‍ ഫലപ്രഖ്യാപനം നടത്താന്‍ സാധിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത വര്‍ഷം കോളജുകളിലെയും വിദൂരവിദ്യാഭ്യാസ വിഭാഗത്തിലെയും പരീക്ഷാ ഫലം ഒരുമിച്ച് പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോളജ് വിദ്യാര്‍ഥികളുടെ ആറാം സെമസ്റ്റര്‍ ബിരുദ ഫലം 26നു പ്രസിദ്ധീകരിച്ച് ചരിത്ര നേട്ടം കൈവരിച്ചിരുന്നു. വിദൂരവിദ്യാഭ്യാസ ഫലവും സമയബന്ധിതമായി പ്രസിദ്ധീകരിക്കാനായത് കേരളത്തിനകത്തും പുറത്തുമുള്ള സര്‍വകലാശാലകളിലും കോളജുകളിലും തുടര്‍പഠനത്തിന് വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ അവസരമൊരുക്കും.
ചടങ്ങില്‍ പ്രോ-വൈസ് ചാന്‍സലര്‍ ഡോ. പി. മോഹന്‍, രജിസ്ട്രാര്‍ ഡോ. ടി.എ അബ്ദുല്‍ മജീദ്, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. വി.വി ജോര്‍ജുകുട്ടി, സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. സി.എല്‍ ജോഷി, കെ.കെ ഹനീഫ, വിവിധ ബ്രഞ്ചുകള്‍ക്കു നേതൃത്വം നല്‍കുന്ന പി.വി ശോഭ, എം.കെ പ്രമോദ്, അബ്ദുല്‍ അഹദ് പതിയില്‍, ഒ. അബ്ദുര്‍റസാഖ്, കെ.വേലായുധന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."