കൊവിഡ് പരിഭ്രാന്തിക്കിടയില്‍ സംഘ്പരിവാര്‍ നടപ്പാക്കുന്നത്
ഇന്ദിരാ ഗാന്ധിയുടെ വധത്തിനു ശേഷം നടന്ന 1984ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേവലം രണ്ടുസീറ്റ് മാത്രം ലഭിച്ച ബി.ജെ.പി (കോണ്‍ഗ്രസിന് കിട്ടിയത് 401 സീറ്റും 50 ശതമാനം വോട്ടും ) 1989 ആകുമ്പോഴേക്കും 84 സീറ്റ് നേടി മുഖ്യധാരയിലേക്ക് കടന്നുവന്നത് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വന്‍ മുന്നേറ്റത്തെയാണ് അടയാളപ്പെടുത്തിയത്. രാമജന്മഭൂമി പ്രക്ഷോഭത്തിലൂടെ ദേശീയ രാഷ്ട്രീയത്തെ വര്‍ഗീയ സ്വത്വം കൊണ്ട് പുനഃസംവിധാനിക്കുന്നതില്‍ ആര്‍.എസ്.എസ് വിജയിച്ചതാണ് രാഷ്ട്രീയ സമവാക്യങ്ങള്‍ മാറ്റിക്കുറിക്കാന്‍ ഇടയാക്കിയത്. അതുവരെ ഹൈന്ദവവിശ്വാസികളുടെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കപ്പെട്ട ശ്രീരാമ ഭഗവാനെ രാഷ്ട്രീയത്തെരുവിലേക്ക് വലിച്ചിഴച്ചുകൊണ്ടുവന്നതോടെ, കോണ്‍ഗ്രസ് പ്രതിനിധാനം ചെയ്ത ബഹുസ്വരതയിലധിഷ്ഠിതമായ സെക്കുലര്‍ സംസ്‌കൃതിയുടെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെടുകയും ദുര്‍ബലമാക്കുകയും ചെയ്തു. എന്നാല്‍ ശ്രീരാമനെ ജനമനസ്സുകളിലേക്ക് ഇറക്കിക്കൊണ്ടുവരുന്നതില്‍ വലിയ പങ്കുവഹിച്ചത് ആ കാലഘട്ടത്തിന്റെ ദൃശ്യാവിഷ്‌കാരങ്ങളാണ്. ദൂരദര്‍ശന്‍ അതിനുപാധിയായി വര്‍ത്തിച്ചുവെന്നതില്‍ രണ്ടഭിപ്രായമില്ല.
രാമാനന്ദ സാഗറിന്റെ 'രാമായണം' സീരിയല്‍ 1987 ജനുവരി 25 തൊട്ട് 1988 ജൂലൈ വരെ 78 എപ്പിസോഡുകള്‍ എല്ലാ ഞായറാഴ്ച രാവിലെയും 35 മിനുറ്റ് നേരം സംപ്രേഷണം ചെയ്തപ്പോള്‍ അത് സൃഷ്ടിച്ച മത പുനരുത്ഥാനം ഉന്മാദ ദേശീയതയുടെ വിസ്‌ഫോടനത്തിന് അരങ്ങൊരുക്കിക്കൊടുത്തു. അക്കാലഘട്ടത്തിലെ രാഷ്ട്രീയത്തിന്റെ ഭാഷയും വ്യാകരണവും അതോടെ മാറ്റിയെഴുതി. രാമക്ഷേത്രപ്രക്ഷോഭം ആളിക്കത്തിക്കാന്‍ പദ്ധതികളാവിഷ്‌കരിച്ച ആര്‍.എസ്.എസിന്റെയും വി.എച്ച്.പിയുടെയും മുഖ്യപ്രചാരണായുധമായി 'രാമായണം' മാറി. ഒന്നരവര്‍ഷക്കാലം ഇന്ത്യന്‍ തെരുവുകളുടെയും അങ്ങാടികളുടെയും താളമേളങ്ങള്‍ നിര്‍ണയിച്ചത് രാമനും സീതയും ഹനുമാനുമെല്ലാമായിരുന്നു. പ്രൊപ്പഗണ്ട മെഷിനറിയുടെ വിജയം ദൂരദര്‍ശനെ കൊണ്ട് 'മഹാഭാരത'വും 'ചാണക്യ'നും 'ഉപനിഷത് ഗംഗ'യും സംപ്രേഷണം ചെയ്യാന്‍ പ്രചോദനമായി. സംഘ്പരിവാര്‍ പ്രത്യയശാസ്ത്രത്തിന്റെ സന്ദേശവാഹകരായി ദൂരദര്‍ശന്‍ മാറുകയാണെന്ന് അന്ന് രാജ്യം ഭരിച്ചവര്‍ മനസ്സിലാക്കിയില്ല.
എന്നാല്‍, സമീപകാല തിരിച്ചടികളില്‍നിന്ന് പാഠമുള്‍ക്കൊണ്ട ബി.ജെ.പിയും മോദിസര്‍ക്കാറും ഉന്മാദദേശീയതയുടെ നാളുകള്‍ തിരിച്ചുകൊണ്ടുവരുവാനും ഹിന്ദുത്വരാഷ്ട്രനിര്‍മിതിയുടെ പ്രക്രിയ പൂര്‍ത്തീകരിക്കാനും വളരെ ആസൂത്രിതമായി ഈ ഹൈന്ദവ പുരാണേതിഹാസങ്ങളെ പുതിയ തലമുറയിലേക്ക് പകര്‍ന്നുനല്‍കാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ദിവസം രണ്ടുനേരം 'രാമായണം' വീടുകളിലെത്തുന്നത്. 'ജനങ്ങളുടെ ആവശ്യം കണക്കിലെടുത്ത്', 'ദേശീയ താല്‍പര്യം മുന്‍നിര്‍ത്തി' മാര്‍ച്ച് 28 മുതല്‍ രാവിലെ ഒമ്പത് മുതല്‍ 10 വരെയും രാത്രി ഒമ്പത് മുതല്‍ 10 വരെയും രാമായണം റീടെലികാസ്റ്റ് ചെയ്യുന്നതില്‍ സന്തോഷമുണ്ട് എന്നാണ് വാര്‍ത്താ വിതരണ മന്ത്രി പ്രകാശ് ജവേദ്ക്കര്‍ വിളംബരം ചെയ്തത്. ആര് ആവശ്യപ്പെട്ടു, എന്തിന്? കൊവിഡ് ഭീഷണിക്കു നടുവില്‍ രാജ്യം മുഴുവനും ലോക്ക് ഡൗണ്‍ ചെയ്തു ജനങ്ങളെ വീടകങ്ങളില്‍ അടച്ചിട്ട അത്യപൂര്‍വ കാലസന്ധിയിലാണ് രാമഭഗവാനെ ജനങ്ങളുടെ മുന്നിലേക്ക് ഒരിക്കല്‍ക്കൂടി എഴുന്നള്ളിക്കുന്നത്. ഒരു മുന്നൊരുക്കമോ മുന്നറിയിപ്പോ ഇല്ലാതെ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ലക്ഷക്കണക്കിന് പാവങ്ങളെ ജീവിതപ്പെരുവഴിയില്‍ തള്ളിയിട്ട ഘനാന്ധകാരത്തിലാണ് ഭക്തിജ്വരം സന്നിവേശിപ്പിച്ച് ഹിന്ദുത്വ സ്വത്വത്തിലേക്ക് മാര്‍ഗം കൂട്ടാന്‍ അണിയറ നീക്കങ്ങള്‍ നടക്കുന്നത്.
കൊവിഡ് പകര്‍ച്ചവ്യാധി പരത്തിയ ആധിയും വ്യഥയും സംഘ്പരിവാര്‍ നേതൃത്വത്തെ മനുഷ്യത്വപരമായി പെരുമാറാന്‍ പഠിപ്പിക്കുമെന്നും മോദി ഭരണകൂടം ജനങ്ങളുടെ ദുരിതമകറ്റാന്‍ ആത്മാര്‍ഥമായി വല്ലതും ചെയ്യുമെന്നും കണക്കുകൂട്ടുന്ന നിഷ്‌കളങ്കരെ പൂര്‍ണമായും നിരാശപ്പെടുത്തുന്ന നീക്കങ്ങളാണ് ഉണ്ടായിരിക്കുന്നത്. മോദിക്കും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും അധികാരം കാല്‍ചുവട്ടില്‍ ഉറപ്പിക്കുക എന്നതിനപ്പുറം ഒരു അജന്‍ഡയില്ല. രഞ്ജന്‍ ഗൊഗോയി എന്ന നീതിബോധമോ തത്ത്വദീക്ഷയോ ഇല്ലാത്ത ഒരു ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള സുപ്രിം കോടതി ബെഞ്ച് കനിഞ്ഞുനല്‍കിയ അനുകൂല വിധി മുതലെടുത്ത് ബാബരി മസ്ജിദിന്റെ സ്ഥലം കൈക്കലാക്കി എത്രയും പെട്ടെന്ന് രാമക്ഷേത്രം പടുത്തുയര്‍ത്തി ഹിന്ദുരാഷ്ട്രത്തിന്റെ പ്രഖ്യാപനം എത്ര നേരത്തെയാക്കാം എന്ന ചിന്തയിലാണ് ആര്‍.എസ്.എസും കേന്ദ്രത്തിലെയും യു.പിയിലെയും സംഘ്പരിവാര്‍ ഭരണകൂടവും. അതുകൊണ്ടാണ് കൊറോണ വൈറസിന്റെ വ്യാപന ഭീഷണി അവഗണിച്ച് മാര്‍ച്ച് 25ന് യു.പി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ബാബരി മസ്ജിദ് ധ്വംസനത്തിനുശേഷം താല്‍ക്കാലിക ക്ഷേത്രമുണ്ടാക്കി പ്രതിഷ്ഠിച്ച രാംലല്ലവിഗ്രഹം, ബുള്ളറ്റ്പ്രൂഫ് കണ്ണാടിക്കൂട്ടിലേക്ക് മാറ്റുന്ന ചടങ്ങ് മുഖ്യമന്ത്രി നേരിട്ട് നിര്‍വഹിച്ചത്. ഒരു തരത്തിലുള്ള മതചടങ്ങും പാടില്ല എന്ന് മോദി സര്‍ക്കാര്‍ രാജ്യവാസികള്‍ക്ക് നല്‍കിയ നിര്‍ദേശം പച്ചയായി ലംഘിച്ചാണ് 'അടിയന്തര പ്രാധാന്യമുള്ള'ചടങ്ങ് പൂര്‍ത്തിയാക്കിയത്. സാമൂഹ്യ അകലം പാലിക്കണമെന്ന കര്‍ക്കശ നിര്‍ദേശം കാറ്റില്‍ പറത്തിയപ്പോള്‍ ഫൈസാബാദ് ജില്ലാ കലക്ടറും പൊലിസ് മേധാവിയും നിരവധി സ്വാമിമാരും അവിടെ സന്നിഹിതരായിരുന്നു.
ഡല്‍ഹിയില്‍ സംഭവിക്കുന്നത്
മോദി, അമിത്ഷാ, യോഗി ത്രിമൂര്‍ത്തികള്‍ കൊവിഡ് മറയാക്കി തങ്ങളുടെ രാഷ്ട്രീയ അജന്‍ഡകള്‍ ഓരോന്നായി നടപ്പാക്കുമ്പോള്‍, സംഭ്രാന്തിജനകമായ സാഹചര്യത്തില്‍ പരസ്യപ്രതികരണങ്ങള്‍ പോലും ഉണ്ടാവുന്നില്ല എന്നത് കാര്യങ്ങള്‍ എളുപ്പമാക്കി. പൗരത്വ നിയമ ഭേദഗതിക്കെതിരേ രാജ്യമാസകലം പടുത്തുയര്‍ത്തിയ ഷാഹീന്‍ ബാഗുകളും ആസാദി ചത്വരങ്ങളും നിഷ്‌ക്കരുണം അടച്ചുപൂട്ടാന്‍ സാഹചര്യം ഒത്തുവന്നു എന്നതാണ് ഹിന്ദുത്വ നേതൃത്വത്തെ ആഹ്ലാദഭരിതരാക്കിയത്. കൊറോണ വൈറസ് വ്യാപനത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരാന്‍ തുടങ്ങിയപ്പോള്‍ തന്നെ ഡല്‍ഹി ഓഖ്‌ലയിലുള്ള ഷഹീന്‍ ബാഗുകള്‍ അടക്കം അടച്ചുപൂട്ടാന്‍ സംഘ്പരിവാരം അണിയറ നീക്കങ്ങള്‍ ആരംഭിച്ചിരുന്നു.
മാര്‍ച്ച് 12ന് ഈ ലേഖകന്‍ ഷഹീന്‍ ബാഗ് ( 88ാം ദിവസം ) സന്ദര്‍ശിച്ചപ്പോള്‍ ജനപങ്കാളിത്തം അല്‍പം കുറവാണെങ്കിലും അവിടെയുണ്ടായിരുന്നവരുടെ ആവേശത്തിനോ നിശ്ചയദാര്‍ഢ്യത്തിനോ ക്ഷതമേറ്റിരുന്നില്ല. ലക്ഷ്യം നേടാതെ അവിടം വിട്ടുപോകില്ല എന്ന് ഒരേ സ്വരത്തില്‍ ആബാലവൃദ്ധം പറയുന്നുണ്ടായിരുന്നു. എന്നാല്‍, വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഫെബ്രുവരി 23 - 26 തിയതികളില്‍ ആളിക്കത്തിയ സംഘ്പരിവാര്‍ താണ്ഡവങ്ങള്‍ക്ക് ശേഷവും പ്രക്ഷോഭമുഖം ജ്വലിപ്പിച്ചുനിര്‍ത്തുന്നതില്‍ ഇവര്‍ കാട്ടുന്ന ആവേശം ഹിന്ദുവാദികളെ അരിശം പിടിപ്പിക്കുന്നുണ്ടായിരുന്നു. അതുകൊണ്ടാണ് സ്ത്രീകള്‍ ഇരിക്കുന്ന ഷാമിയാനയുടെ ഭാഗത്തേക്ക് പെട്രോള്‍ ബോംബുകള്‍ എറിഞ്ഞ് അവരെ ഓടിക്കാന്‍ ശ്രമിച്ചത്. എന്നിട്ടും സമരപോരാളികള്‍ രംഗം വിടാന്‍ തയാറല്ലെന്ന് കണ്ടപ്പോഴാണ്, രായ്ക്കുരാമാനം പൊലിസും ആര്‍.എസ്.എസ് ഗുണ്ടകളും വന്ന് ഷഹീന്‍ ബാഗ് പൊളിച്ചുമാറ്റി സ്ത്രീജനങ്ങളെ ആട്ടിയോടിക്കാന്‍ ശ്രമിച്ചത്. കൊറോണ വൈറസിനെ കുറിച്ചുള്ള സംഭ്രാന്തി നിറഞ്ഞ വാര്‍ത്തകള്‍ക്കിടയില്‍ ഷഹീന്‍ ബാഗുകള്‍ തകര്‍ത്തതിന് അര്‍ഹിക്കുന്ന മാധ്യമപരിഗണന പോലും ലഭിച്ചില്ല. അതുവരെ പൗരത്വ പ്രക്ഷോഭ മുഖത്തുണ്ടായിരുന്ന മനുഷ്യാവകാശപ്രവര്‍ത്തകരും സാമൂഹിക, മതനേതൃത്വവും സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും ജ്വലിക്കുന്ന ഒരധ്യായത്തിന് യവനിക വീണപ്പോള്‍ ഒരിറ്റ് കണ്ണീര്‍ പോലും വാര്‍ത്തില്ല എന്നത്, മോദി വാഴ്ചക്കാലത്ത് ഇത്തരം കൈരാതങ്ങള്‍ ഏറ്റുവാങ്ങാന്‍ വിധക്കപ്പെട്ടവരാണ് നമ്മള്‍ എന്ന മനോഘടനയോട് പയ്യെ പയ്യെ വിധേയപ്പെട്ടത് കൊണ്ടാവാം.
ഡല്‍ഹിയില്‍ അരങ്ങേറിയ ന്യൂനപക്ഷവിരുദ്ധ കൂട്ടക്കൊലയുടെ ലക്ഷ്യം തന്നെ, ചോരച്ചാലുകളും ചാരക്കൂമ്പാരങ്ങളും കബന്ധങ്ങളും കാട്ടി സമരക്കാരെ ഭീഷണിപ്പെടുത്തി, ലോകത്തിനു മുന്നില്‍ മോദി സര്‍ക്കാരിനെ പ്രതിക്കുട്ടിലാക്കിയ പൗരത്വപ്രക്ഷോഭത്തിന് അന്ത്യം കുറിക്കുകയായിരുന്നു. എന്നാല്‍, കലാപത്തിനു ശേഷവും പ്രക്ഷോഭം തുടര്‍ന്നപ്പോള്‍, കൊവിഡ് മുന്നറിയിപ്പുകളും ലോക്ക് ഡൗണും കര്‍ഫ്യൂവും ആയുധമാക്കി ലക്ഷ്യം നേടിയെടുത്തു. പക്ഷേ, അത്തരം ഹിന്ദുത്വ അജന്‍ഡ വേണ്ടവിധം ചര്‍ച്ച ചെയ്യപ്പെടുകപോലുമുണ്ടായില്ല.
ഇരകളോട് പ്രതികാരബുദ്ധിയോടെ
എല്ലാം നഷ്ടപ്പെട്ട ഡല്‍ഹിയിലെ ഹതഭാഗ്യരായ ഇരകളോട് പോലും മോദി, കെജ്‌രിവാള്‍ സര്‍ക്കാരുകള്‍ ദയാദാക്ഷിണ്യം കാട്ടിയില്ല എന്നല്ല, താല്‍ക്കാലികമായി ഇവരെ പാര്‍പ്പിച്ച റിലീഫ് ക്യംപുകള്‍ പോലും അടച്ചുപൂട്ടി ശിക്ഷിച്ചുകൊണ്ടിരിക്കയാണ്. അതും കൊവിഡ് ഭീഷണി മറയാക്കി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ശേഷം. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ 53 പേരുടെ മരണത്തിന് വഴിവച്ച വര്‍ഗീയകലാപം നൂറുകണക്കിന് മുസ്‌ലിം കുടുംബങ്ങളെ അവരുടെ ആവാസവ്യവസ്ഥയില്‍ നിന്ന് പിഴുതെറിഞ്ഞു. ഒരിക്കലും തിരിച്ചുപോവാന്‍ സാധിക്കാത്തവിധം ഇവരുടെ കുടിലുകളും ജീവിതപരിസരങ്ങളും കത്തിച്ചാമ്പലായിട്ടുണ്ട്. അങ്ങനെയാണ് ജീവിതപ്പെരുവഴിയില്‍ വലിച്ചെറിയപ്പെട്ട ഹതഭാഗ്യര്‍ക്കായി ഓള്‍ഡ് മുസ്തഫാബാദ് മേഖലയില്‍ ഡല്‍ഹി വഖഫ് ബോര്‍ഡിന്റെയും സന്നദ്ധ സംഘടനകളുടെയും മുന്‍കൈയാല്‍ റിലീഫ് ക്യാംപ് പ്രവര്‍ത്തനമാരംഭിച്ചത്. ചുരുങ്ങിയത് ആയിരത്തോളം പേര്‍ ഇവിടെ അഭയം തേടി. ഭക്ഷണവും വസ്ത്രവും അത്യാവശ്യത്തിന് മരുന്നും നല്‍കാന്‍ സംവിധാനമുണ്ടാക്കിയിരുന്നു. അതിനിടയിലാണ് കൊറോണ വൈറസിന്റെ ഭീഷണി ഉയര്‍ന്നത്. വൃത്തിഹീനമായ സാഹചര്യത്തില്‍ ഇവിടെ ഒരു ഡോക്ടര്‍ക്കടക്കം കൊവിഡ് - 19 പിടിപെട്ടതായി കണ്ടെത്തി. തിരിച്ചുപോവാന്‍ വേറെ ഇടമില്ലാത്തത് കൊണ്ട് പകര്‍ച്ചവ്യാധിക്കിടയില്‍ ജീവിക്കാന്‍ തന്നെ പലരും തീരുമാനിച്ചു. പക്ഷേ, മാര്‍ച്ച് 24ന് രാത്രി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യവ്യാപകമായി 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ, റിലീഫ് ക്യാംപുകള്‍ കാലിയാക്കാന്‍ നിര്‍ദേശം വന്നു. എവിടെപോകും? രോഗികളായ മാതാപിതാക്കളും കൈക്കുഞ്ഞുങ്ങളുമായി എത്രയോ കുടുംബങ്ങള്‍ കണ്ണീര്‍ വാര്‍ത്തുപറഞ്ഞു; ഞങ്ങള്‍ക്ക് പോവാന്‍ ഭൂമുഖത്ത് ഒരു ഇടവുമില്ലെന്ന്. സംഘ്പരിവാര്‍ വര്‍ഗീയതയുടെ ഏറ്റവും ക്രൂരമുഖങ്ങള്‍ തുറന്നുകാട്ടപ്പെട്ട ശിവ്‌വിഹാര്‍ ഭാഗത്തേക്ക് പോയാല്‍ ജീവന്‍ ബാക്കിയാവില്ല എന്ന് അവര്‍ക്കറിയാമായിരുന്നു. ജീവനും മരണത്തിനുമിടയില്‍ നെട്ടോട്ടമോടുകയാണ് ഈ ഹതഭാഗ്യര്‍ ഇന്ന്.
കെജ്‌രിവാള്‍ സര്‍ക്കാര്‍ വംശഹത്യാ ഇരകള്‍ക്ക് വാഗ്ദാനം ചെയ്ത സഹായധനം ഇതുവരെ ആര്‍ക്കും ലഭിച്ചിട്ടില്ല. അതിനുവേണ്ടി ശ്രമിക്കാന്‍ അവര്‍ക്കോ ഈ രംഗത്തുള്ള മനുഷ്യാവകാശ സാമൂഹിക പ്രവര്‍ത്തകര്‍ക്കോ സാധിക്കുന്നില്ല. കര്‍ഫ്യൂവിന്റെ മറവില്‍ പൊലിസ് ഗുണ്ടാരാജാണ് നിലനില്‍ക്കുന്നത്. ലോക്ക് ഡൗണ്‍ തങ്ങളുടെ അജന്‍ഡകള്‍ നടപ്പാക്കാന്‍ ഹിന്ദുത്വസര്‍ക്കാര്‍ കണ്ടുപിടിച്ച ഉപായമാണോ എന്ന് ചിലര്‍ ചോദിച്ചുപോകുന്നത് അതുകൊണ്ടാണ്.
ഈ കുതൂഹലങ്ങള്‍ക്കിടയില്‍ മധ്യപ്രദേശില്‍ ഇക്കഴിഞ്ഞ നവംബറില്‍ അധികാരത്തിലെത്തിയ കോണ്‍ഗ്രസ് സര്‍ക്കാരിനെ ബി.ജെ.പി താഴെയിറക്കി എന്ന് മാത്രമല്ല, കുതിരക്കച്ചവടത്തിലൂടെ തങ്ങളുടെ പക്ഷത്തേക്ക് എത്തിയ 22 കോണ്‍ഗ്രസ് എം.എല്‍.എമാരെ ഉപയോഗിച്ച് അധികാരം പിടിച്ചെടുത്തു. ബി.ജെ.പി നേതാവ് ശിവരാജ് സിങ് ചൗഹാന്‍ മുഖ്യമന്ത്രിപദത്തിലെത്തുന്നവരെ കൊറോണ ഭീഷണിക്കിടയിലും സുപ്രിം കോടതി ജാഗരൂകരായി പ്രവര്‍ത്തിച്ചു എന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. എല്ലാം മംഗളമായി പര്യവസാനിച്ച ശേഷമാണ് നരേന്ദ്ര മോദി രാജ്യം അടച്ചുപൂട്ടാന്‍ തീരുമാനിച്ചത്. അപ്പോഴും 'ഭാവി പ്രധാനമന്ത്രി' യോഗി ആദിത്യനാഥ് ശത്രുസംഹാരത്തിനായി ആവനാഴിയിലെ അവസാനത്തെ അസ്ത്രവും എടുത്തു പ്രയോഗിക്കുകയാണ്. പൗരത്വ പ്രക്ഷോഭത്തില്‍ സജീവമായി രംഗത്തുണ്ടായിരുന്ന ഡോ. അഷീഷ് മിത്താള്‍ എന്ന സാമൂഹിക പ്രതിബദ്ധതയുള്ള വ്യക്തിയെ അറസ്റ്റ് ചെയ്തിരിക്കുന്നത് പകര്‍ച്ചവ്യാധി തടയാനുള്ള നിയമം ( ഋുശറലാശര ഉശലെമലെ െഅര,േ 1897) പ്രകാരമാണ്. ഡല്‍ഹിയിലെ പ്രശസ്തമായ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍നിന്ന് ബിരുദമെടുത്ത ഡോ. അഷീഷ് ചെയ്ത ഏക പാതകം പ്രയാഗിലെ മണ്‍സൂര്‍ പാര്‍ക്കില്‍ നടന്ന സ്ത്രീകളുടെ പൗരത്വ നിയമത്തിനെതിരായ ധര്‍ണയില്‍ പങ്കെടുത്തുവെന്നതാണ്. തങ്ങളുടെ ഇംഗിതങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും പദ്ധതികള്‍ക്കുമെതിരേ ആര് ഉരിയാടിയാലും, ചെറുവിരല്‍ അനക്കിയാലും വെറുതെ വിടില്ല എന്ന ഭീഷണിയോടെ മോദിയും അമിത് ഷായും യോഗിയുമൊക്കെ ഹിന്ദുത്വ അജന്‍ഡകളുമായി മുന്നോട്ടുപോകുമ്പോള്‍, ജനത്തിന്റെ ശ്രദ്ധ മറ്റൊരു വഴിക്ക് തിരിച്ചുവിടാനും കര്‍ക്കശ നിയമത്തിലൂടെ പൗരസ്വാതന്ത്ര്യം ഹനിക്കാനുമുള്ള ഒരായുധമായി കൊറോണ ഇന്ത്യനവസ്ഥയില്‍ മാറിയിട്ടുണ്ട് എന്നതാണ് യാഥാര്‍ഥ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."