സര്‍ക്കാരിന്റെ മദ്യാസക്തി
മദ്യ ഉപയോക്താക്കളെ കുടിയന്മാര്‍ എന്നു വിളിക്കുകയാണ് നമ്മുടെ പൊതുരീതി. സംസ്ഥാന ഭരണകൂടത്തെ പൊതുവെയും ധനവകുപ്പിനെ പ്രത്യേകിച്ചും താങ്ങിനിര്‍ത്തുന്ന ഈ കൂട്ടരെ അവഹേളിക്കാന്‍ പാടില്ല. മദ്യ ഉപയോക്താവ് എന്നേ വിളിക്കാവൂ. മാന്യ മദ്യ ഉപയോക്താവ് എന്നായാലും വിരോധമില്ല. എന്തായാലും, കൊറോണ ബാധിതരോടുള്ള കരുണയേക്കാള്‍ കൂടുമോ മാന്യ മദ്യ ഉപയോക്താക്കളോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ കരുണ എന്നൊരു സംശയം പലര്‍ക്കുമുണ്ട്. ഒരു ഘട്ടത്തില്‍, സംസ്ഥാനത്തെ മിക്കവാറുമെല്ലാ അവശ്യ ഏര്‍പ്പാടുകളും നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചപ്പോഴും ബാറുകളും ബിവറേജസ് കടകളും അടക്കാന്‍ സര്‍ക്കാര്‍ കൂട്ടാക്കുകയുണ്ടായില്ല. മദ്യ ഉപയോക്താക്കളോട് ജന്മവിരോധം കൊണ്ടുനടക്കുന്ന മദ്യവിരുദ്ധ സംഘടനക്കാരും വേറെ ചില കൂട്ടരും മദ്യക്കടയടപ്പിക്കണം എന്ന് രാപകല്‍ ആവശ്യപ്പെട്ടിരുന്നു. കൊറോണയ്ക്ക് തെല്ലെങ്കിലും പേടിയുള്ള ഒരു സാധനം ആല്‍ക്കഹോള്‍ ആണെന്ന് മദ്യവിരുദ്ധര്‍ അറിയേണ്ട കാര്യമില്ലല്ലോ....
ഷട്ഡൗണ്‍, ലോക്ക് ഡൗണ്‍ തുടങ്ങിയ നല്ല വാക്കുകളിലൂടെ വിശേഷിപ്പിക്കപ്പെടുന്ന അടച്ചിടല്‍ ആരംഭിച്ചപ്പോള്‍ മദ്യശാലകളെ അതില്‍ പെടുത്തിയിരുന്നില്ല. ഇക്കാര്യം വിശദീകരിക്കാന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ മാധ്യമലേഖകര്‍ സ്വാഭാവികമായും ഇക്കാര്യം ചോദിച്ചു. ചോദിക്കും എന്നറിയാവുന്ന മുഖ്യമന്ത്രി അതിനു വായടപ്പന്‍ മറുപടി കൊടുക്കാനുള്ള ആധികാരിക രേഖകളുമായാണ് വന്നത്. എന്തു കൊണ്ട് ബിവറേജസ് കടകള്‍ അടക്കുന്നില്ല എന്നു വിശദീകരിക്കാന്‍ അദ്ദേഹം ഒരു കേന്ദ്ര ഉത്തരവ് ഇംഗ്ലീഷില്‍ തന്നെയുള്ളത് പത്രക്കാര്‍ക്ക് വായിച്ചു കേള്‍പ്പിച്ചു. അതില്‍ അടച്ചിടലില്‍ നിന്നു ഒഴിവാക്കപ്പെടേണ്ട ഭക്ഷണ, ദ്രാവക വില്‍പനശാലകളുടെ കൂട്ടത്തില്‍ ബിവറേജസ് എന്നു കൂടി ചേര്‍ത്തിരുന്നത് വായിച്ചുകേള്‍പ്പിച്ചു. രാജ്യത്തിന്റെ സ്ഥിതി ഇതാണ് എന്നദ്ദേഹം അല്‍പം പരിഹാസത്തോടെ കൂട്ടിച്ചേര്‍ക്കുകയും ചെയ്തിരുന്നു. ഇംഗ്ലീഷ് നിഘണ്ടു പ്രകാരം 'വെള്ളം ഒഴികെയുള്ള കുടിക്കാവുന്ന എന്തു ദ്രാവകവും' ബിവറേജസ് ആണ്. ചായയും കാപ്പിയുമെല്ലാം ബിവറേജസ്സില്‍ പെടും. മലയാളത്തില്‍ പക്ഷേ, ഇതങ്ങനെയല്ലല്ലോ. ഇവിടെ ബിവറേജസ് എന്ന വാക്കിനു മദ്യം എന്നേ അര്‍ഥമുള്ളൂ. പത്രസമ്മേളനത്തില്‍ ആരും മുഖ്യമന്ത്രിയോട് ഒന്നും ചോദിച്ചില്ല. ആത്മരക്ഷാര്‍ഥം മൗനം പാലിച്ചതായിരിക്കാം.
പക്ഷേ, ഒടുവില്‍ മദ്യക്കടകള്‍ അടക്കേണ്ടിവന്നു. അവശ്യവസ്തുക്കള്‍ സംഭരിക്കാന്‍ സമയം നല്‍കാതെയാണല്ലോ ലോക്ക് ഡൗണ്‍ ഉണ്ടായത്. അതിബുദ്ധിമാന്മാര്‍ കുറച്ചെല്ലാം മുന്‍കരുതല്‍ ശേഖരം സജ്ജമാക്കിയിരിക്കാം. സര്‍ക്കാരില്‍ നല്ല വിശ്വാസമുള്ള ചില മദ്യഉപയോക്താക്കാളാണ് കുടുങ്ങിപ്പോയത്. ആരു ചതിച്ചാലും കേരള ഗവണ്‍മെന്റ് ചതിക്കില്ലെന്നും ബാര്‍ പൂട്ടിയാലും ബിവറേജസ് പൂട്ടില്ലെന്നും അവര്‍ ദുസ്സ്വപ്നങ്ങള്‍ക്കിടയിലും പ്രതീക്ഷ പുലര്‍ത്തിയിരുന്നു. പക്ഷേ, എല്ലാം പൂട്ടി. എങ്കിലും മദ്യഉപയോക്താക്കളെ കൈയൊഴിയാന്‍ സര്‍ക്കാറിന്റെ സന്മനസ്സ് സമ്മതിച്ചില്ല. അവര്‍ പോംവഴികളെക്കുറിച്ച് നിരന്തരം ആലോചിച്ചു. മദ്യം ബാറുകളിലൂടെ വിതരണം ചെയ്യാം, അവിടെയിരുന്നു കുടിക്കാന്‍ പാടില്ലെന്നു മാത്രം എന്നൊരു നിര്‍ദേശം വന്നു. ഹോട്ടലുകളില്‍നിന്നു ഭക്ഷണം പൊതിഞ്ഞുവാങ്ങാം, ഇരുന്നു കഴിക്കരുത് എന്നു പറയുംപോലെയേ ഇതുള്ളൂ എന്നവര്‍ വാദിക്കുകയും ചെയ്തു. ആളുകള്‍ പൊതിഞ്ഞു വീട്ടില്‍ കൊണ്ടുപോയി കഴിക്കുമെന്ന ഒരു തടസ്സവാദം ഉയര്‍ത്തപ്പെട്ടു. കൊറോണയ്ക്ക് ഇങ്ങനെയൊരു സൈഡ് ഇഫക്റ്റ് ആരും പ്രതീക്ഷിച്ചതല്ലല്ലോ. അതും നടന്നില്ല.
മദ്യമില്ലാത്ത അവസ്ഥ കേരളത്തെ സംബന്ധിച്ചിടത്തോളം കൊറോണയെക്കാള്‍ അപായകരമായി എന്നാണ് ഇപ്പോള്‍ തോന്നുന്നത്. കൊറോണ കൊണ്ട് ഒരാളേ മരിച്ചുള്ളൂ. മദ്യമില്ലാത്തതുകൊണ്ട് നാലഞ്ചാളുകള്‍ മരിച്ചതായി വാര്‍ത്തയുണ്ട്. കുടിക്കാന്‍ കിട്ടിയില്ലെങ്കില്‍ ജീവന്‍ വെടിഞ്ഞേക്കാന്‍ മാത്രം മദ്യാസക്തിയുള്ളവര്‍ക്ക് ഡോക്ടറുടെ കുറിപ്പടിയോടെ മദ്യം നല്‍കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ ആലോചിച്ചതാണ്. ഡോക്ടര്‍മാരുടെ സംഘടനയ്ക്ക് അത് അത്ര പിടിച്ചില്ലെന്നു തോന്നുന്നു. മദ്യം കഴിക്കാഞ്ഞാല്‍ മരിക്കും എന്ന അവസ്ഥയിലുള്ള ആളെ ചികിത്സിക്കാന്‍ ക്ലിനിക്കില്‍ പ്രവേശിപ്പിക്കുകയാണത്രെ വേണ്ടത്! അല്ലാതെ, മരുന്നു കുറിപ്പടിയില്‍ 'ബ്രാന്‍ഡി രണ്ട് പെഗ് മൂന്നുനേരം ഭക്ഷണത്തിന് അര മണിക്കൂര്‍ മുമ്പ്' എന്നെഴുതുകയല്ലത്രെ വേണ്ടത്. പ്രതീക്ഷ വെടിയരുതാരും. സര്‍ക്കാര്‍ ഒപ്പമല്ല, കൂടെത്തന്നെയുണ്ട്. എന്തെങ്കിലും ഒരു വഴി കണ്ടെത്താതിരിക്കില്ല.
റോഡില്‍ ഏത്തം
കണ്ണൂരില്‍ റോഡില്‍ കൂടിനിന്ന മൂന്നു പേരെ പിടികൂടി ജില്ലാ പൊലിസ് മേധാവി ഏത്തമിടീച്ചതും മേധാവിയെ മുഖ്യമന്ത്രി ശാസിച്ചതും ചര്‍ച്ചാവിഷയമായിരുന്നു. അമ്മയെ തല്ലിയാലും രണ്ടുണ്ടു പക്ഷം എന്നു ചൊല്ലുണ്ടാക്കിയ കേരളീയര്‍ക്ക് ഇക്കാര്യത്തില്‍ മൂന്നു പക്ഷം തന്നെ ഉണ്ടായേക്കാം. പൊലിസ് മേധാവികള്‍ക്കു മാത്രമല്ല, ജഡ്ജിമാര്‍ക്കുപോലും ചില ഘട്ടങ്ങളില്‍ തങ്ങളെ ഏല്‍പിച്ച പണി എന്ത് എന്നു മറന്നുപോകാറുണ്ട്. ഈയിടെയായി ഈ അസുഖം കൂടിവരുന്നുണ്ട്.
പൗരന്മാര്‍ റോഡിലിറങ്ങരുത് എന്നു അനുശാസിക്കുന്ന നിയമമൊന്നും ഇന്ത്യയിലിതുവരെ ഉണ്ടായിട്ടില്ല. പച്ചക്കറി വാങ്ങാന്‍ കടയില്‍ പോകാം. മടങ്ങിവരുമ്പോള്‍ സുഹൃത്തിനെ കണ്ടാല്‍ നിന്നു സംസാരിക്കാം. അത്യാവശ്യത്തിനേ റോഡിലിറങ്ങാവൂ. കൂട്ടംകൂടി നില്‍ക്കരുത്. ഇത് ഒരു പൊതുനന്മയ്ക്കു വേണ്ടി ജനങ്ങള്‍ ചെയ്യുന്ന സേവനമാണ്. ഒരു പൊതു ബോധവുമില്ലാതെ ഇതു ലംഘിക്കുകയും റോഡില്‍ കൂട്ടംകൂടി നില്‍ക്കുകയും ചെയ്യുന്നവരെ ഏത്തമിടീക്കുന്നതില്‍ എന്താണ് തെറ്റ് എന്നു ചോദിക്കുന്നവരുടെ സന്മനസ്സിനു നല്ല നമസ്‌കാരം. പക്ഷേ, ഒരു പൗരന്‍ പൊതുനിരത്തില്‍ സര്‍ക്കാര്‍ നിര്‍ദേശം ലംഘിക്കുന്നതിനേക്കാള്‍ കുറ്റകരമാണ് നിയമം പാലിക്കേണ്ട ഒരു പൊലിസ് ഓഫിസര്‍ പൊതുറോഡില്‍ നിന്നുകൊണ്ട് നിയമം ലംഘിക്കുന്നതും പൗരനെ അപമാനിക്കുന്നതും. കുറ്റം ചെയ്തവനെ പൊലിസ് മേധാവിക്ക് കസ്റ്റഡിയിലെടുക്കാം. കേസ്സെടുക്കുകയും ചെയ്യാം. പക്ഷേ, ശിക്ഷിക്കാന്‍ ഒരുമ്പെടരുത്. അത് അയാളെ ഏല്‍പിച്ച പണിയല്ല.
നിയമാനുസൃതമായ അധികാരമേ ആര്‍ക്കും ഉള്ളൂ. പണ്ടത്തെ ജന്മിയുടെ അധികാരമുള്ള ആളാണ് താനെന്നു പൊലിസ് ഉദ്യോഗസ്ഥന് തോന്നിത്തുടങ്ങിയാല്‍ അത് കൊറോണയേക്കാള്‍ ദ്രോഹം ചെയ്യുന്ന രോഗമാണ്. ഉത്തരേന്ത്യയില്‍ ഇപ്പോഴും ജന്മിമാരും ജന്മിമനസ്സുള്ള പൊലിസുകാരും ഉണ്ടാവാം. കേരളം അതല്ല നാട് എന്ന് യതീഷ് ചന്ദ്രമാര്‍ ഇനിയെങ്കിലും പഠിക്കട്ടെ.
മുനയമ്പ്
ആയിരക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികള്‍ പ്രതിഷേധവുമായി കോട്ടയത്തു ചട്ടം ലംഘിച്ച് തെരുവിലിറങ്ങി ബഹളം കൂട്ടി - വാര്‍ത്ത.
ഒരൊറ്റ യതീഷ് ചന്ദ്രയെയും അവിടെയെങ്ങും അവസാനം വരെ കണ്ടതേയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."