പ്രതിരോധത്തിലെ പായിപ്പാട് അട്ടിമറി
ലോക്ക് ഡൗണ്‍ ലംഘിച്ചു നാലായിരത്തോളം അതിഥി തൊഴിലാളികള്‍ ചങ്ങനാശ്ശേരിയിലെ പായിപ്പാട് കവലയിലിറങ്ങി പ്രതിഷേധിച്ചത് അമ്പരപ്പോടെയല്ലാതെ ആരും കണ്ടിരിക്കാനിടയില്ല. പൊലിസ് നിരീക്ഷണം കവലകള്‍ തോറും കര്‍ശനമായി നടപ്പാക്കിക്കൊണ്ടിരിക്കുന്നതിനിടയില്‍ നാലായിരത്തോളമാളുകള്‍ സംഘടിച്ചെത്തിയത് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കണിശമായി നടപ്പാക്കിക്കൊണ്ടുവന്ന ലോക്ക് ഡൗണിനെ അപ്പാടെ അട്ടിമറിക്കുന്നതായി.
കൊവിഡ് വ്യാപനം തടയാനായി ശാരീരിക അകലം പാലിക്കുക എന്ന സര്‍ക്കാര്‍ തീരുമാനത്തെ പായിപ്പാട്ട് അതിഥി തൊഴിലാളികള്‍ പരാജയപ്പെടുത്തുകയായിരുന്നു. ഇതിന്റെ അനന്തരഫലം എന്തായിരിക്കുമെന്നു വരും നാളുകളില്‍ കണ്ടറിയേണ്ടിയിരിക്കുന്നു. ഞായറാഴ്ചയുണ്ടായ അനിഷ്ട സംഭവത്തെ തുടര്‍ന്ന് കോട്ടയം ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്നലെ മുതല്‍.
ഭക്ഷണം കിട്ടുന്നില്ലെന്നും നാട്ടിലേക്കു മടങ്ങാന്‍ സൗകര്യമൊരുക്കണമെന്നും ആവശ്യപ്പെട്ടാണിവര്‍ സംഘം ചേര്‍ന്നു പ്രതിഷേധിച്ചത്. പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിട്ടും അതു പാലിക്കാതെ വന്നതോടെ ഇവരെ പിരിച്ചുവിടാന്‍ പൊലിസിനു ലാത്തി വീശേണ്ടി വന്നു. സംഭവത്തിനു പിന്നില്‍ സമൂഹത്തില്‍ അസ്വസ്ഥത സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ചില ശക്തികളുണ്ടെന്നും അവരെ പുറത്തു കൊണ്ടുവരുമെന്നും മുഖ്യമന്ത്രി സംഭവം കഴിഞ്ഞ ഉടന്‍ തന്നെ വ്യക്തമാക്കുകയുണ്ടായി.
നിനച്ചിരിക്കാതെ ഇത്രയും വലിയൊരാള്‍ക്കൂട്ടം പായിപ്പാട് കവലയില്‍ ഞായറാഴ്ച രാവിലെ 11 മണിക്കു സംഘടിച്ചെത്തണമെങ്കില്‍ അതിനു പിന്നില്‍ കൃത്യമായ ആസൂത്രണമുണ്ടായിരിക്കണം. അയല്‍ ജില്ലയില്‍ നിന്നു പോലും തൊഴിലാളികള്‍ കൂട്ടമായെത്തിയത് ഗൂഢാലോചനാരോപണത്തിനു ശക്തി പകരുന്നതാണ്. ആളുകളോട് സംഘടിച്ചെത്താന്‍ ഫോണിലൂടെ ആവശ്യപ്പെട്ട പശ്ചിമ ബംഗാള്‍ സ്വദേശി ഇപ്പോള്‍ പൊലിസ് കസ്റ്റഡിയിലാണ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്, പ്രത്യേകിച്ച് ഡല്‍ഹിയില്‍ നിന്ന് തൊഴിലാളികള്‍ കൂട്ടത്തോടെ പലായനം തുടങ്ങിയപ്പോള്‍ അതു ചൂണ്ടിക്കാണിച്ചു ചങ്ങനാശ്ശേരിയിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന അതിഥി തൊഴിലാളികളെ ആരൊക്കെയോ പറഞ്ഞിളക്കി വിടുകയായിരുന്നു എന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. ഡല്‍ഹിയില്‍ നിന്നുള്ള കൂട്ട പലായനത്തിന്റെ പശ്ചാത്തലത്തില്‍ അതതു സംസ്ഥാനങ്ങളിലുള്ള അതിഥി തൊഴിലാളികളെ അവിടെത്തന്നെ പിടിച്ചുനിര്‍ത്തണമെന്നും അവര്‍ക്കാവശ്യമായ ഭക്ഷണവും താമസസ്ഥലവും ഒരുക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചതിനു തൊട്ടുപിറകെയാണ് നാലായിരത്തോളം തൊഴിലാളികള്‍ പായിപ്പാട്ട് സംഘടിച്ചെത്തിയത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ തൊഴില്‍ നഷ്ടപ്പെട്ട അതിഥി തൊഴിലാളികള്‍ പരിഭ്രാന്തിയിലായിരുന്നു. നാട്ടിലേക്ക് ആഴ്ചതോറും പണമയയ്ക്കുന്നതു മുടങ്ങുകയും കൈയിലുള്ള കാശ് തീര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന ഒരവസ്ഥയില്‍ ഇവരെ പ്രതിഷേധത്തിലേക്കു തള്ളിവിടാന്‍ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് എളുപ്പത്തില്‍ കഴിഞ്ഞു.
കേരളത്തില്‍ ഏറ്റവുമധികം അതിഥി തൊഴിലാളികളുള്ളത് പെരുമ്പാവൂരിലാണ്. ഇവര്‍ക്കൊന്നും നിശ്ചിത കരാറുകാരില്ല. പലരും തനിയെ വന്നവരാണ്. ഇവരെ പാര്‍പ്പിക്കുന്ന കെട്ടിട ഉടമകള്‍ക്കാണ് ഇവരുടെ സുരക്ഷിതത്വ ചുമതല. ഒരു മുറിയില്‍ ഇരുപതിലധികം ആളുകളെ ഇവര്‍ പാര്‍പ്പിക്കുന്നു. തീര്‍ത്തും വ്യത്തിഹീനമായ ചുറ്റുപാടിലാണ് ഇവരുടെ താമസം. ഇവരില്‍ നിന്ന് മാസംതോറും ഓരോ കെട്ടിട ഉടമയ്ക്കും വാടകയിനത്തില്‍ കനത്ത തുകയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
എന്നാല്‍ ലോക്ക് ഡൗണ്‍ വന്നതോടെ കെട്ടിട ഉടമകളുടെ വരുമാനം ഇല്ലാതായി. ഓരോ കെട്ടിടത്തിലും മുന്നൂറിലധികം തൊഴിലാളികളുണ്ട്. ഇവര്‍ക്കു മൂന്നു നേരവും ഭക്ഷണം കൊടുക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം കെട്ടിട ഉടമകള്‍ക്കു വമ്പിച്ച സാമ്പത്തിക ഭാരമായിരിക്കും വരുത്തിവയ്ക്കുക. ഇതില്‍ നിന്നൊഴിവാകാനും തൊഴിലാളികളെ പറഞ്ഞുവിടാനും ആരെങ്കിലും നടത്തിയ ഗൂഢാലോചനയുടെ ഫലമായിരുന്നോ പായിപ്പാട്ടെ ആള്‍ക്കൂട്ട പ്രതിഷേധം?
അന്വേഷണോദ്യോഗസ്ഥരാണ് ഇതു കണ്ടെത്തേണ്ടത്. ലക്ഷണക്കിന് അതിഥി തൊഴിലാളികള്‍ പായിപ്പാട്, പെരുമ്പാവൂര്‍, പാലക്കാട് എന്നിവിടങ്ങളിലുണ്ട്. ഇവരൊക്കെ ഭക്ഷണമില്ല, നാട്ടില്‍ പോകണം എന്നൊക്കെ പറഞ്ഞു പ്രതിഷേധിക്കാന്‍ തുടങ്ങിയാല്‍ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളൊക്കെയും പരാജയപ്പെടുകയേയുള്ളൂ. അതു പാടില്ല. പായിപ്പാട്ടെ പ്രതിഷേധത്തോടെ ഇതവസാനിക്കണം. രണ്ടുമൂന്നു ദിവസമായി പായിപ്പാട്ടും പരിസരത്തും അതിഥി തൊഴിലാളികള്‍ തിങ്ങിത്താമസിക്കുന്ന മറ്റിടങ്ങളിലുമെല്ലാം അസ്വസ്ഥത പുകയാന്‍ തുടങ്ങിയിട്ടെന്നു പറയപ്പെടുന്നു. എന്നിട്ടും പൊലിസിലെ ഇന്റലിജന്‍സ് വിഭാഗത്തിന് ഇതു കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. ഈ വലിയ വീഴ്ചയാണ് പായിപ്പാട്ടെ അനിഷ്ട സംഭവത്തിനു വഴിയൊരുക്കിയത്.
മാത്രമല്ല ഒരു സംസ്ഥാനം മുഴുവന്‍ അടച്ചിടുന്നതിനു മുമ്പ് സര്‍ക്കാര്‍ മുന്നൊരുക്കങ്ങള്‍ പലതും നടത്തേണ്ടതുമായിരുന്നു. അതുണ്ടായില്ല. ലക്ഷക്കണക്കിനു വരുന്ന അതിഥി തൊഴിലാളികളുടെ ഭക്ഷണവും അവരുടെ തൊഴില്‍ നഷ്ടം കാരണമുണ്ടാകുന്ന സാമ്പത്തിക ഞെരുക്കവും എങ്ങനെ പരിഹരിക്കാന്‍ കഴിയുമെന്നും പരിശോധിക്കേണ്ടിയിരുന്നു.
കേന്ദ്ര സര്‍ക്കാരാകട്ടെ, നോട്ട് നിരോധനം ഏര്‍പ്പെടുത്തിയപ്പോഴുണ്ടായ വീഴ്ച ലോക്ക് ഡൗണിലും ആവര്‍ത്തിച്ചു. ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചതു ജനങ്ങള്‍ സ്വീകരിച്ചത് ഒറ്റ ദിവസത്തേക്കാണല്ലോ എന്നു കരുതിയായിരുന്നു. പിന്നാലെ ലോക്ക് ഡൗണ്‍ പോലുള്ള കടുത്ത നടപടികള്‍ക്കു സര്‍ക്കാര്‍ നിര്‍ബന്ധിതമാകുമെന്നും ജനങ്ങളുടെ പൂര്‍ണസഹകരണം ഉണ്ടാകണമെന്നും പ്രധാനമന്ത്രി അന്നു പറഞ്ഞിരുന്നെങ്കില്‍, ബോധവല്‍കരണം നടന്നിരുന്നെങ്കില്‍ ജനങ്ങള്‍ക്ക് അതിനനുസരിച്ചു സ്വയം പാകപ്പെടാമായിരുന്നു. എങ്കില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടതുപോലെ ഡല്‍ഹിയില്‍ നിന്ന് യു.പിയിലേക്കു വന്‍ ജനപ്രവാഹം ഉണ്ടാകുമായിരുന്നില്ല. ലോക്ക് ഡൗണ്‍ അട്ടിമറിക്കുന്നതായിരുന്നു ഈ പലായനം.
പ്രതിരോധ പ്രവര്‍ത്തനങ്ങളെയെല്ലാം നിഷ്ഫലമാക്കുന്നതും അട്ടിമറിക്കപ്പെടുന്നതുമായ നീക്കങ്ങള്‍ കൊവിഡിനെതിരേയുള്ള ഇന്ത്യയുടെ, പ്രത്യേകിച്ചു കേരളത്തിന്റെ കൊവിഡ് പ്രതിരോധ പരിശ്രമങ്ങളെ പിന്നോട്ടടിപ്പിക്കുകയേയുള്ളൂ. പായിപ്പാട്ടുണ്ടായതുപോലുള്ള പ്രതിരോധത്തിലെ അട്ടിമറി ഇനി ആവര്‍ത്തിക്കില്ലെന്നു കരുതാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."