കര്‍ണാടക സര്‍ക്കാരിന്റെ ക്രൂരത: മൂന്നു മനുഷ്യ ജീവനുകള്‍ കൂടി പൊലിഞ്ഞു
മഞ്ചേശ്വരം: കര്‍ണാട അതിര്‍ത്തി കൊട്ടിയടച്ചതു മൂലം ഇന്നലെ മാത്രം പൊലിഞ്ഞത് മൂന്നു മനുഷ്യ ജീവനുകള്‍. കര്‍ണാടക സര്‍ക്കാരിന്റെ ക്രൂരമായ നടപടിക്കെതിരേ ശക്കമായ പ്രതിഷേധം ഉയരുകയാണ്.
തലപ്പാടി അതിര്‍ത്തിയില്‍ രോഗികളുമായി പോകുന്ന ആംബുലന്‍സ് കടത്തിവിടാതിരുന്നതും മംഗളൂരുവിലെ ഡോക്ടര്‍ കൈയൊഴിഞ്ഞതും കാരണമാണ് ഇന്നലെ മൂന്നു പേര്‍ക്ക് മരണത്തിനു കീഴടങ്ങേണ്ടി വന്നത്. മഞ്ചേശ്വരം കുഞ്ചത്തൂര്‍ തൂമിനാട് സ്വദേശി മാധവന്‍, കുഞ്ചത്തൂരിലെ ആയിഷ, ഉപ്പള ചെറുഗോളിയിലെ അബ്ദുല്‍ അസീസ് ഹാജി (63) എന്നിവരാണ് മരിച്ചത്. ഇതില്‍ രണ്ടു പേര്‍ തലപ്പാടി അതിര്‍ത്തിക്കടുത്തുള്ളവരാണ്.
വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മൂന്നു ദിവസം മുന്‍പ് കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാധവനു രോഗം മൂര്‍ച്ഛിച്ചതിനാല്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വഴിമധ്യേ ഇന്നലെ വൈകീട്ട് 5.30ഓടെയാണ് ആംബുലന്‍സില്‍ വച്ച് മരണം സംഭവിച്ചത്. മംഗളൂരു അതിര്‍ത്തി അടച്ചതിനാലാണ് ഏറെ ദൂരമുള്ള കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലേക്ക് മാധവനെ കൊണ്ടുപോയത്.
കുഞ്ചത്തൂരിലെ ആയിഷയെയും അത്യാസന നിലയില്‍ ഉപ്പളയിലെ ആശുപത്രിയില്‍ ഇന്നലെ പ്രവേശിപ്പിച്ചിരുന്നു. നില അതീവ ഗുരുതമായതിനാല്‍ മംഗളൂരുവിലേക്ക് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ഇതു സാധ്യമല്ലാത്തതിനാല്‍ ആയിഷയെയും കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഉദുമയില്‍ വച്ചാണ് മരണം സംഭവിച്ചത്. കാറിലായിരുന്നു ആയിഷയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
വൃക്ക രോഗിയായ ഉപ്പള ചെറുഗോളി സ്വദേശി അസീസ് ഹാജി മംഗളൂരുവിലെ ആശുപത്രി അധികൃതര്‍ ചികിത്സ നല്‍കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് മരിച്ചത്. കഴിഞ്ഞ പത്തു വര്‍ഷമായി വൃക്ക സംബന്ധമായ അസുഖത്തിന് മംഗളൂരുവിലെ ഒരു ആശുപത്രിയില്‍ സ്ഥിരമായി ചികിത്സ നടത്തിവരികയായിരുന്നു അസീസ് ഹാജി. കാസര്‍കോട്ടാണ് ഡയാലിസിസ് ചെയ്തു വന്നിരുന്നത്. രണ്ടു മാസത്തിലൊരിക്കല്‍ മംഗളൂരുവില്‍ ചെക്കപ്പിനു പോകാറുണ്ട്. കഴിഞ്ഞ ദിവസം ഡോക്ടറെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ലോക്ക് ഡൗണ്‍ കാരണം ഇവിടെ വരരുതെന്ന് പറയുകയായിരുന്നു. തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അസീസ് ഹാജി മരിച്ചു. മംഗളൂരുവിലെ ചികിത്സയെക്കുറിച്ചു തിരക്കാന്‍ ഡോക്ടറെ വിളിച്ചപ്പോള്‍ ഡോക്ടര്‍ ഫോണ്‍ കട്ട് ചെയ്തുവെന്നും ബന്ധുക്കള്‍ ആരോപിച്ചു. ഇതോടെ കര്‍ണാടക അതിര്‍ത്തി അടച്ച കാരണത്താല്‍ വിദഗ്ധ ചികിത്സ കിട്ടാതെ കാസര്‍കോട്ടെ അഞ്ചു പേരുടെ ജീവനുകളാണ് പൊലിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."