ജെട്ടി നിര്‍മാണം ഇഴയുന്നു; റോ റോ ജങ്കാര്‍ സര്‍വീസ് വൈകും
മട്ടാഞ്ചേരി: കൊച്ചി കോര്‍പ്പറേഷന്റെ അഴിമുഖ വാഹന കടത്ത് സംവിധാനമായ റോ റോ സര്‍വീസ് തുടങ്ങാന്‍ വൈകും. റോ റോ സര്‍വീസിനുള്ള ജെട്ടി നിര്‍മാണത്തിലെ മെല്ലെ പോക്കും സാങ്കേതിക പ്രശ്‌നങ്ങളുമാണ് കാലതാമസത്തിനിടയാക്കുന്നത്.
ഫോര്‍ട്ടുകൊച്ചിയിലും വൈപ്പിനിലും നിര്‍മിക്കുന്ന റോ റോ ജെട്ടി നിര്‍മാണത്തിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ നഗരസഭ അധികൃതരെ വലയ്ക്കുകയാണ്. അഴിമുഖത്ത് വേലിയേറ്റിറക്കവേളയില്‍ റോ റോ വെസല്‍ ജെട്ടിയില്‍ സുരക്ഷിതമായി അടുപ്പിക്കുവാനുള്ള സംവിധാനമൊരുക്കുന്നതില്‍ നഗരസഭാധികൃതര്‍ മുന്‍കരുതലോടെ പ്രവര്‍ത്തിക്കാത്തതാണ് മാസങ്ങളായി ജെട്ടി നിര്‍മാണത്തിലെ ഇഴഞ്ഞു നീക്കത്തിന് കാരണമെന്ന് ബോട്ട് യാത്രാ സംഘടന ചുണ്ടിക്കാട്ടി.
കൊച്ചിന്‍ ഷിപ്പിയാര്‍ഡില്‍ 2015 മാര്‍ച്ചില്‍ തുടങ്ങിയ രണ്ടു റോ റോ വെസ്സലുകളും ട്രയല്‍ റണ്‍ നടത്തി സര്‍വീസിന് തയ്യാറായി നില്‍ക്കുകയാണ്. 75 കോടി രൂപ ചിലവഴിച്ച് നിര്‍മിച്ച റോ റോ വെസ്സലില്‍ 60 ടണ്‍ വരെ ഭാരം കയറ്റാമെന്നതും ആധുനിക സംവിധാനത്തിലുള്ളതുമാണ്. ഏപ്രില്‍ 30നകം റോ റോജെട്ടി നിര്‍മാണം പുര്‍ത്തിയാക്കുമെന്നാണ് പുതിയ പ്രഖ്യാപനം. എന്നാല്‍ ജെട്ടിയില്‍ സ്ഥാപിക്കേണ്ട ഗര്‍ഡറുകളും പ്ലേറ്റുകളും തൂണുകളില്‍ ഒരുക്കുന്നതിന് എത്തുന്ന ബാര്‍ജുകള്‍ക്ക് സൗകര്യമൊരുക്കാന്‍ നിലവിലെ ജങ്കാര്‍ ഫെറി സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കുകയോ മറ്റു മേഖലകളിലേയ്ക്ക് മാറ്റുകയോ ചെയ്യേണ്ടി വരും. ഇത് ജനകീയ ദുരിതത്തിനും പ്രതിഷേധത്തിനുമിടയാക്കും.
ഇതുമുലം റോ റോ ജെട്ടി പൂര്‍ത്തികരണം അനിശ്ചിതമായി നീളുകയും ചെയ്യും. കൊച്ചിന്‍ കോര്‍പ്പറേഷന്റെ പദ്ധതി നടത്തിപ്പിലും കാര്യക്ഷമതയിലുമുള്ള നിരുത്തരവാദ സമീപനമാണിത് വ്യക്തമാക്കുന്നതെന്ന് വിവിധ ജനകീയ സംഘടനകള്‍ ചുണ്ടിക്കാട്ടി. നിലവിലെ സര്‍വീസ് സ്തംഭനമൊഴിവാക്കി റോ റോജെട്ടി പ്രവര്‍ത്തനസജ്ജമാക്കുന്നതിന് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് കൊച്ചിന്‍ ഷിപ്പി യാര്‍ഡ് എന്നിവിടങ്ങളിലെ എന്‍ജിനിയറിങ് വിഭാഗത്തിന്റെ സഹായം തേടാനൊരുങ്ങുകയാണ് കൊച്ചി നഗരസഭാധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."