തലപ്പിള്ളി താലൂക്ക് ഭരണ സിരാകേന്ദ്രത്തിന് പുതുമോടി
വടക്കാഞ്ചേരി : നഗര ഹൃദയത്തിലെ തലപ്പിള്ളി താലൂക്ക് ഭരണസിരാകേന്ദ്രമായ മിനി സിവില്‍ സ്‌റ്റേഷന്‍ കെട്ടിട കോമ്പാണ്ടിനു ഒടുവില്‍ പുതുമോടി.
വന സമാനമായി മദ്യപന്മാരുടേയും സാമൂഹിക വിരുധരുടേയും താവളമായി കടന്നിരുന്ന ഓഫിസ് കോമ്പൗണ്ട് എന്‍.ജി.ഒ യൂനിയന്‍ വടക്കാഞ്ചേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശുചീകരിച്ചു.
സുപ്രഭാതം വാര്‍ത്തയെ തുടര്‍ന്നാണ് ജീവനക്കാരുടെ സേവന പ്രവര്‍ത്തനം. വടക്കാഞ്ചേരി ബാര്‍ അസോസിയേഷന്‍ ഓഫിസിനു മുന്നില്‍ കുമ്പളങ്ങാട് റോഡിലെ ഓട്ടോസ്റ്റാന്റിനോടു ചേര്‍ന്ന പ്രദേശങ്ങളാണു കാട്ടുപൊന്തകള്‍ വളര്‍ന്നു പടര്‍ന്നു സിവില്‍ സ്‌റ്റേഷന്‍ കെട്ടിടത്തോളം ഉയരത്തില്‍ നിലകൊണ്ടിരുന്നത്.
സിവില്‍ സ്‌റ്റേഷനിലേയ്ക്കുള്ള വൈദ്യുതി എത്തിക്കുന്ന ട്രാന്‍സ്‌ഫോര്‍മറും കാട്ടുവള്ളികളാല്‍ ചുറ്റപ്പെട്ടു പുറത്തു കാണാത്ത അവസ്ഥയിലായിരുന്നു.
മദ്യ കുപ്പികള്‍ പ്രദേശത്തു നിറഞ്ഞു കിടക്കുന്ന അവസ്ഥയും ഉടലെടുത്തിരുന്നു. കാട്ടുചെടികള്‍ വളര്‍ന്നു വലുതായി കെട്ടിടം തന്നെ പുറത്തേയ്ക്കു കാണാത്ത സ്ഥിതിയായിരുന്നു.
സുപ്രഭാതം വാര്‍ത്ത പുറത്തു വിട്ടതോടെ ഉദ്യോഗസ്ഥര്‍ക്കെതിരേ ജന രോഷവും ശക്തമായി. 2015 ജൂണ്‍ അഞ്ചിനാണു അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സിവില്‍ സ്‌റ്റേഷന്‍ നാടിനു സമര്‍പ്പിച്ചത്. അതിനു ശേഷം ഈ ബഹുനില കെട്ടിട പരിസരം ശുചീകരിച്ചിട്ടില്ലെന്നതാണു വസ്തുത.
കഴിഞ്ഞ മാസം കോമ്പൗണ്ടിലെ കിണര്‍ മാലിന്യമയമായതു വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.കിണറില്‍ കക്കൂസ് മാലിന്യം കലര്‍ന്നതായും ആരോപണമുയര്‍ന്നിരുന്നു.
അന്നു വലിയ പ്രതിഷേധമുയര്‍ത്തിയ ജീവനക്കാരെല്ലാം പ്രതി കൂട്ടില്‍ നില്‍ക്കുന്ന അവസ്ഥയായിരുന്നു.
സബ്ബ് ട്രഷറി, മണ്ണ് സംരക്ഷണ ഓഫിസ്, താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസ്, സബ് ആര്‍.ടി ഓഫിസ്, സാമൂഹ്യ നീതി വകുപ്പ് ഓഫിസ്, അസിസ്റ്റന്റ് ലേബര്‍ ഓഫിസ്, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫിസ്, താലൂക്ക് വ്യവസായ കേന്ദ്രം, സര്‍വേ സൂപ്രണ്ട് ഓഫിസ് തുടങ്ങിയ ഒഫിസുകളിലായി നിരവധി ജീവനക്കാര്‍ ജോലി ചെയ്യുന്ന ഓഫിസ് കോമ്പൗണ്ട് വെട്ടി വൃത്തിയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കു എന്‍.ജി.ഒ യൂനിയന്‍ നേതാക്കളായ ലിസമ്മ കുരുവിള, പി.എസ് രഘുനാഥ്, പി. രാജേഷ്, മന്ത്രി മൊയ്തീന്റെ പത്‌നി എസ്. ഉസൈബാ ബീവി, പി. ബാബുരാജ് , എ.എം റഷീദ്, കെ.ജി ധന്യ, പി.ജെ സംഗീത, പി.എസ് ശ്രീകൃഷ്ണന്‍, എച്ച്. ഗിരീഷ് കുമാര്‍, എം.എ ജയചന്ദ്രന്‍ , ജെബീര്‍ കാര്യാട് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."