പാവുട്ടിച്ചിറ ജലസമൃദ്ധം കുടിവെള്ളത്തിനായി നെട്ടോട്ടമോടി പരിസരവാസികള്‍
തിരൂരങ്ങാടി: ചുട്ടുപൊള്ളുന്ന വേനലിന്റെ തീക്ഷ്ണതയില്‍ നീന്തിത്തുടിക്കാന്‍ വെള്ളമുണ്ടെങ്കിലും കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുന്നു. തിരൂരങ്ങാടി നഗരസഭ പതിനെട്ടാം ഡിവിഷന്‍ വെന്നിയൂര്‍ ചുള്ളിപ്പാറയിലാണ് പാവുട്ടിച്ചിറ ജല സമൃദ്ധിയില്‍ നിലനില്‍ക്കുമ്പോഴും ജനം കുടിവെള്ളത്തിന് കഷ്ടപ്പെടുന്നത്. നഗരസഭയിലെ ഉയര്‍ന്ന പ്രദേശങ്ങളിലൊന്നാണ് ചുള്ളിപ്പാറ. അഞ്ഞൂറോളം വീടുകളും, ഏക്കര്‍ കണക്കിന്കൃഷിയും നിലവിലുള്ള ഇവിടെ ബാക്കിക്കയം പമ്പ് ഹൗസില്‍ നിന്നു വെള്ളം പമ്പ്‌ചെയ്താണ് കുടിവെള്ള ക്ഷാമം പരിഹരിക്കുന്നത്.
എന്നാല്‍ കടലുണ്ടിപ്പുഴ വറ്റിയതോടെ ജലവിതരണം ഗണ്യമായി കുറയുകയും ചെയ്തു. ആഴ്ചകള്‍ക്കകം ജലവിതരണം പൂര്‍ണമായി നിലയ്ക്കുമെന്ന് അധികൃതര്‍ ഈയിടെ വ്യക്തമാക്കിയിരുന്നു. ചാലിശ്ശേരിതാഴം, മണ്ണാര്‍കുണ്ട്, ജുമുഅത്ത് പള്ളി പരിസരം എന്നീ ഭാഗങ്ങളില്‍ വിവിധ ചെറുകിട ജലവിതരണ പദ്ധതികള്‍ ഉണ്ടെങ്കിലും ഇവയൊന്നും കാര്യക്ഷമമല്ല.
നെല്‍കൃഷിയിലേക്ക് വെള്ളം പമ്പ് ചെയ്യുവാനും നാട്ടിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാനുമായി 1981ല്‍ മുന്‍ വാര്‍ഡ് അംഗം ചെമ്മല ഖാദര്‍കുട്ടിഹാജിയുടെ പരിശ്രമഫലമായി വയലില്‍ നിര്‍മിക്കപ്പെട്ടതാണ് ഒരേക്കറോളം വിസ്തീര്‍ണവും പതിനഞ്ചടിയോളം താഴ്ചയുമുള്ള ചിറ.
പിന്നീട് പമ്പ് ഹൗസും കനാലും നിര്‍മിച്ചു. മോട്ടോര്‍ സ്ഥാപിച്ചെങ്കിലും വൈദ്യുതി ലഭിക്കാത്തതിനാല്‍ പ്രവര്‍ത്തിപ്പിക്കാനായില്ല. പിന്നീട് വൈദ്യുതി എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കെ ഖാദര്‍കുട്ടിഹാജി മരണപ്പെടുകയും പദ്ധതി പാതിവഴിയില്‍ അവസാനിക്കുകയും ചെയ്തു. വാര്‍ഡ് അംഗങ്ങള്‍ മാറി മാറി വന്നെങ്കിലും പാവുട്ടിച്ചിറയുടെ കാര്യത്തില്‍ മാത്രം തീരുമാനമായില്ല. അതോടെ മോട്ടോര്‍ തുരുമ്പെടുത്ത് നശിച്ചു. സമീപ പ്രദേശങ്ങളിലെ തോടുകളും പുഴകളുടെ പലഭാഗങ്ങളും വരണ്ടുണങ്ങിയെങ്കിലും പാവുട്ടിച്ചിറയില്‍ രണ്ടുമീറ്ററിലേറെ താഴ്ചയില്‍ വെള്ളം ഇപ്പോഴും ഉണ്ട്. പാവുട്ടിച്ചിറ കേന്ദ്രീകരിച്ച് ബൃഹത്തായ കുടിവെള്ള പദ്ധതികൊണ്ടുവന്നാല്‍ അത് ചുള്ളിപ്പാറയിലെയും പരിസരപ്രദേശങ്ങളിലെയും കുടിവെള്ള പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."