ആണ്‍കുട്ടികള്‍ക്ക് കഠിനജോലിയും പീഡനവും: രണ്ടാനച്ഛന്‍ റിമാന്റില്‍
ചവറ(കൊല്ലം): നിരന്തരമായി കുട്ടികളെ ക്രൂരമായി മര്‍ദ്ദിക്കുകയും കഠിനമായജോലികള്‍ ചെയ്യിപ്പിച്ചും പീഡിപ്പിച്ച രണ്ടാനച്ഛനെ റിമാന്റ് ചെയ്തു. കരുനാഗപ്പള്ളി ആദിനാട് ശശി ഭവനത്തില്‍ കുമാര്‍ എന്ന് വിളിക്കുന്ന ശശികുമാറിനെയാണ(37) കോടതി റിമാന്റ് ചെയ്തത്.
പള്ളിയാടി ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ചെറുശ്ശേരിഭാഗം കളീലില്‍ പടിഞ്ഞാറ്റതില്‍ ബിന്ദുവിന്റെ മക്കളായ അനു (13),മനു (11) എന്നിവര്‍ക്കാണ് പീഡനമേറ്റത്.
നാട്ടുകാരുടെ പരാതിയെ തുടര്‍ന്നായിന്നു ചവറ പൊലിസ് ഇയാള്‍ക്കെതിരെ ബാലപീഡന നിയമം അനുസരിച്ച് കേസെടുത്തത്. ക്രൂരമായി ഉപദ്രവിക്കുന്നത് കണ്ടിട്ട് മാതാവ് പോലും പ്രതികരിക്കാതായതോടെയാണ് ഗ്രാമപഞ്ചായത്തംഗവും നാട്ടുകാരും പൊലിസില്‍ വിവരം അറിയിക്കുന്നത്. മനുവിനാണ് ഏറ്റവും കൂടുതല്‍ പീഡനം ഏറ്റത്. നടുവിന് ചട്ടുകം വെച്ച് പൊള്ളിച്ചപാടുണ്ട്.
ശരീരത്തും മുഖത്തും നഖം കൊണ്ട് മുറിഞ്ഞ അടയാളങ്ങളും അടിയേറ്റ പാടുകളുമുണ്ട്. അനുവിന്റെ മുഖത്തും ശരീരത്തും മര്‍ദ്ദനമേറ്റ പാടുകളുണ്ട്. മനു സമീപ വീട്ടില്‍ ട്യൂഷന് എത്തിയപ്പോള്‍ ഇരിക്കാന്‍ കഴിയാതായതോടെ ട്യൂഷന്‍ ടീച്ചറാണ് മുറിവുകള്‍ കണ്ടെത്തിയത്. ഇവര്‍ വിവരം അറിയിച്ചതനുസരിച്ച് നാട്ടുകാര്‍ ഗ്രാമപഞ്ചായത്തംഗത്തെ ബന്ധപ്പെടുകയായിരുന്നു. ഈ വീട്ടില്‍ മുഴുവന്‍ ജോലികളും ചെയ്യുന്നത് മര്‍ദ്ദനമേറ്റ കുട്ടികളാണെന്ന് നാട്ടുകാര്‍ പറയുന്നു. കുമാര്‍ കുട്ടികളെ നിരന്തരമായി ഉപദ്രവിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിരുന്നതായും പരാതിക്കാര്‍ ഇല്ലാത്തത് കാരണമാണ് ഇടപെടാനെതെന്നും പഞ്ചായത്തംഗം പറഞ്ഞു.
കുമാര്‍ കഴിഞ്ഞ കുറച്ചു നാളായി ക്രുരമായി ഉപദ്രവിക്കാറുണ്ടെന്നും ഒരാഴ്ചയ്ക്ക് മുന്‍പാണ് ചട്ടുകം വച്ച് പൊള്ളിച്ചതെന്ന് കുട്ടികള്‍ പൊലീസിനോട് പറഞ്ഞു.
കോടതിയില്‍ ഹാജരാക്കിയ കുട്ടികളെ കൊല്ലത്തെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."