നഗരത്തിലെ അനധികൃത കൈയേറ്റങ്ങള്‍ ഓപ്പറേഷന്‍ പാലക്കാട് നടപ്പിലാക്കും
പാലക്കാട്: നഗരത്തിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് ഓപ്പറേഷന്‍ പാലക്കാട് നടപ്പിലാക്കാന്‍ നഗരസഭ തീരുമാനം. എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് നഗരത്തിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്ന് നഗരസഭാ സെക്രട്ടറി എം ശങ്കരന്‍കുട്ടി കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു. പലയിടത്തും ഓരോ കടകളും 200 മീറ്ററോളം സ്ഥലമാണ് കൈയേറിയിരിക്കുന്നത്.
സ്റ്റേഡിയം സ്റ്റാന്‍ഡ് ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ നിരവധി കൈയേറ്റങ്ങളാണ് നടന്നിരിക്കുന്നത്. സ്റ്റാന്‍ഡിന് പരസിരത്തെ ഓട്ടോ സ്റ്റാന്‍ഡ് നീക്കം ചെയ്‌തെങ്കിലും ഒരു ഹോട്ടല്‍ ആ സ്ഥലം അവരുടെ പാര്‍ക്കിംഗ് കേന്ദ്രമാക്കിയതായും കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി. തൊട്ടടുത്തുള്ള വി.എഫ്.പി.സി.കെ പൊളിച്ചുനീക്കുന്നത് സംബന്ധിച്ച് നിയമപരമായി പരിശോധിച്ച ശേഷം നടപടിയെടുക്കും. സ്റ്റേഡിയം മുതല്‍ കല്‍മണ്ഡപം വരെ നിരവധി കൈയേറ്റം കണ്ടെത്തിയിട്ടുണ്ട്. തെരുവ് വിളക്കുകള്‍ ഉപയോഗ്യമാക്കാന്‍ എത്രയും പെട്ടെന്ന് തന്നെ ഇടെണ്ടര്‍ വിളിച്ച് നടപടികള്‍ പൂര്‍ത്തിയാക്കും.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ടെണ്ടര്‍ വഴി ലഭിച്ച ലൈറ്റുകളും അനുബന്ധ വസ്തുക്കളും നിലവാരം കുറഞ്ഞതാണെന്ന് വൈസ് ചെയര്‍മാന്‍ സി കൃഷ്ണകുമാര്‍ ആരോപിച്ചു. തെരുവുവിളക്ക് പ്രശ്‌നം പരിഹരിക്കുന്നതിന് രണ്ടുഘട്ടമായി പദ്ധതി നടപ്പാക്കും. ജൂലായ് എട്ടിനകം തൊഴിലാളികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൂര്‍ത്തിയാക്കും. ഒന്നിച്ചുള്ള പര്‍ച്ചേയ്‌സ് വഴി നഷ്ടം ഒഴിവാക്കും. ട്യൂബ് ലൈറ്റിന് വേണ്ടി 3000 രൂപയുടെ സ്റ്റാര്‍ട്ടര്‍ വാങ്ങി നല്‍കുമെന്ന് കൗണ്‍സിലര്‍ വി നടേശന്‍ പറഞ്ഞു. എട്ടിന് ഉച്ചയ്ക്ക് മൂന്നിന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ മീറ്റിംഗ് വിളിക്കുമെന്ന് നഗരസഭാധ്യക്ഷ പ്രമീള ശശിധരന്‍ അറിയിച്ചു. മേലാമുറിയിലെ കംഫര്‍ട്ട് സ്റ്റേഷന്‍ എത്രയും പെട്ടന്ന് തുറന്നു കൊടുക്കണമെന്ന് കൗണ്‍സിലര്‍ സുനില്‍ ആവശ്യപ്പെട്ടു. നഗരസഭയിലെ കെട്ടിക്കിടക്കുന്ന ഫയലുകള്‍ സെക്ഷന്‍ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥികളെകൊണ്ട് അടുക്കിവയ്ക്കും.
മുന്‍കാലങ്ങളില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന പല ഫയലുകളും നഗരസഭയില്‍ നിന്ന് കാണാതായിട്ടുണ്ടെന്നും ചില കോക്കസുകള്‍ ചേര്‍ന്നുള്ള പൂഴ്ത്തിവയ്പാണ് ഇതിന് പിന്നിലെന്നും കൗണ്‍സിലര്‍ സാബു ആരോപിച്ചു. നഗരസഭയുടെ സ്ഥലത്ത് ഫ്‌ളാറ്റ് നിര്‍മ്മിച്ചത് സംബന്ധിച്ച് പരിശോധിക്കുമെന്ന് ചെയര്‍മാന്‍ അറിയിച്ചു. മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 40 ദിവസത്തെ തൊഴില്‍ ദിനങ്ങള്‍ ഓരോ വാര്‍ഡിലേക്കും അനുവദിച്ചിട്ടുണ്ടെന്ന് ചെയര്‍പേഴ്‌സണ്‍ അറിയിച്ചു. ശുചീകരണ തൊഴിലാളികള്‍ക്ക് മഴക്കോട്ട്, തൊപ്പി, ഷൂസുകള്‍ തുടങ്ങിയവയും അനുവദിച്ചിട്ടുണ്ട്. നഗരത്തിലെ ഓരോ പ്രദേശവും സന്നദ്ധ സംഘടനകള്‍ ഏറ്റെടുത്ത് ശുചീകരികരിക്കും. ജനങ്ങളെ മാലിന്യസംസ്‌കരണം സംബന്ധിച്ച് ബോധവല്‍ക്കരിക്കും. ഹോട്ടല്‍ മാലിന്യം തള്ളുന്നത് സംബന്ധിച്ച് പരിശോധന നടത്തി നടപടി സ്വീകരിക്കും.
നഗരസഭയിലെ വാഹനങ്ങളും മറ്റും സ്ഥിരം കേടാവുന്നതും, ഇത്തരം സാധനങ്ങള്‍ വാങ്ങുമ്പോള്‍ പരിശോധിക്കുന്നതിനും മറ്റുമായി നഗരസഭയില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് തസ്തികയിലേക്ക് ആളെ നിയോഗിക്കണമെന്നും തെരുവ് വിളക്കുകള്‍ സംബന്ധിച്ച ഇടെണ്ടറുകള്‍ ഉടന്‍ നടപടിയെടുക്കണമെന്നും ബി.ജെ.പി പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് എസ്.ആര്‍ ബാലസുബ്രഹ്മണ്യം ആവശ്യപ്പെട്ടു. അമൃത് നഗരം പദ്ധതി നടത്തിപ്പിനായുള്ള നഗരസഭയുടെ ഫണ്ട് സംബന്ധിച്ച നടപടികള്‍ നടക്കുകയാണ്. വഴിയോരങ്ങളിലെ അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ നടപടി വേണമെന്ന ആവശ്യം ഉയര്‍ന്നു. വനംവകുപ്പ് അധികൃതരുമായും ജലസേചന വകുപ്പ് അധികൃതരുമായും ചര്‍ച്ച ചെയ്ത് ഇതില്‍ തീരുമാനമുണ്ടാക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. തുച്ഛമായ വാടക നല്‍കി സ്വന്തം കെട്ടിടം നിര്‍മ്മിച്ച് നഗരസഭയുടെ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ഐ.എം.എ എന്ന സ്ഥാപനത്തിനെതിരെ നടപടി വേണമെന്നും പ്രസ്തുത സ്ഥലം തിരിച്ചു പിടിക്കണമെന്നും കൗണ്‍സിലര്‍ വി നടേശന്‍ ആവശ്യപ്പെട്ടു. ഇത് കൗണ്‍സില്‍ ഐക്യകണ്‌ഠേന അംഗീകരിച്ചു. ഐ.എം.എ ജംഗ്ഷന്‍ റോഡിന് ലഫ്. കേണല്‍ നിരജ്ഞന്‍ റോഡ് എന്ന ബോര്‍ഡ് സ്ഥാപിക്കാനും തീരുമാനമായി. നഗരത്തിലെ കടകളില്‍ പരിശോധന നടത്താന്‍ സ്‌ക്വാഡ് രൂപീകരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."