പട്ടികജാതി വിഭാഗങ്ങള്‍ക്ക് സ്ഥലത്തിന് ഫണ്ട് അനുവദിച്ചില്ല; നഗരസഭാ യോഗത്തില്‍ ബഹളം പ്രതിപക്ഷം ഇറങ്ങിപോയി
നിലമ്പൂര്‍: പട്ടികജാതി വിഭാഗങ്ങള്‍ക്ക് സ്ഥലം വാങ്ങുന്നതിനുള്ള ഫണ്ട് അനുവദിക്കാത്തതില്‍ നഗരസഭ യോഗത്തില്‍ ബഹളം. വ്യത്യസ്ത കാര്യങ്ങള്‍ ഉന്നയിച്ച് ഭരണ പക്ഷവും പ്രതിപക്ഷവും കൗണ്‍സില്‍ യോഗത്തില്‍ വാക്കേറ്റുമുണ്ടാവുകയും തുടര്‍ന്ന് പ്രതിപക്ഷം യോഗത്തില്‍ നിന്നും ഇറങ്ങി പോയി.
ഫണ്ട് ലഭിക്കുന്നതിന് തടസം പട്ടികജാതി വികസന വകുപ്പ് ഉദ്യോഗസ്ഥരാണെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ ചെയര്‍പേഴ്‌സന്റെ നേതൃത്വത്തില്‍ ഓഫിസില്‍ ഉപരോധ സമരം നടത്തിയിരുന്നു. ഇക്കാര്യത്തില്‍ വീണ്ടും കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമെടുക്കാന്‍ ശ്രമിക്കവേയാണ് പ്രതിപക്ഷ അംഗങ്ങളും സ്വതന്ത്ര അംഗമായ മുസ്തഫ കളത്തുപടിക്കലും ഭരണസമിതിക്കെതിരെ തിരിഞ്ഞത്. നടപടികള്‍ വൈകിയതിന് ഉത്തരവാദിത്വം ഭരണസമിതിക്ക് നേതൃത്വം നല്‍കുന്നവര്‍ക്കാണെന്നും ഉദ്യോഗസ്ഥരെ മുള്‍മുനയില്‍ നിര്‍ത്തി കാര്യം നടപ്പാനാകില്ലെന്നും പ്രതിപക്ഷനേതാവ് എന്‍.വേലുക്കുട്ടി പറഞ്ഞു. വീഴ്ച പറ്റിയതില്‍ പ്രതിഷേധമുണ്ടെന്നും സമരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുഴുവന്‍ കൗണ്‍സിലര്‍മാരും അറിഞ്ഞിട്ടില്ലെന്നും വേലുക്കുട്ടി യോഗത്തില്‍ പറഞ്ഞു. എല്ലാ അവസരവും കളഞ്ഞിട്ട് സമരനാടകം നടത്തുകയാണെന്നും ഭരണസമിതിക്ക് കൂട്ടുത്തരവാദിത്വമില്ലെന്നും വൈസ് ചെയര്‍മാന്‍ വിഷയത്തില്‍ ഉത്തരവാദിത്വമില്ലെന്നു പറഞ്ഞിരുന്നതായും കൗണ്‍സിലര്‍ പി.എം ബഷീര്‍ യോഗത്തില്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ക്കു മറുപടിയായി സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എ.ഗോപിനാഥ് സംസാരിക്കവെ പ്രതിപക്ഷം വീണ്ടും ബഹളം ഉയര്‍ത്തുകയായിരുന്നു. എസ്.സി വിഭാഗത്തിലുള്ള 11 കുടുംബങ്ങള്‍ക്കുള്ള ഭൂമിക്കായി 49.5 ലക്ഷം രൂപ വകയിരുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാല്‍ തുക ലാപ്‌സാകുന്ന അവസ്ഥയാണ് സാമ്പത്തിക വര്‍ഷാന്ത്യത്തലുണ്ടായിരിക്കുന്നത്. ഇത് പരിഹരിക്കുന്നതിനായി വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ ഇന്നലെ ഉച്ചയോടെ നിലമ്പൂരിലെത്തി എസ്.ഐ മനോജ് പറയറ്റയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."