കെ.എ സാബുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ എസ്.ഐ ആയിരുന്ന കെ.എ സാബുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസില്‍ മുന്‍പ് വാദം കേട്ടിരുന്നുവെങ്കിലും വിധി പ്രസ്താവിച്ചത് ഇന്നലെയാണ്.
സാബുവിനെതിരേ ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റങ്ങള്‍ ഒരു പരിഷ്‌കൃത സമൂഹത്തിന് ഉള്‍ക്കൊള്ളാന്‍ പറ്റാത്തതാണെന്ന് ഉത്തരവില്‍ പറയുന്നു. ഇയാള്‍ പൊലിസ് സബ് ഇന്‍സ്‌പെക്ടര്‍ ആയതുകൊണ്ടു തന്നെ സമൂഹത്തില്‍ ഉന്നത സ്വാധീനം ചെലുത്താന്‍ ഇടയുണ്ടെന്നും കോടതി വിലയിരുത്തി. ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിച്ചാല്‍ തെളിവ് നശിപ്പിക്കപ്പെടാനും സാക്ഷികളെ സ്വാധീനിക്കാനും ഇടയാകും. ഇയാള്‍ക്കെതിരേയുള്ള ആരോപണം നിസാരമായി കാണാനാവില്ല. അതുകൊണ്ടുതന്നെ ആഴത്തിലുള്ള അന്വേഷണം അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി. ജാമ്യം അനുവദിച്ചാല്‍ നിഷ്പക്ഷമായ അന്വേഷണം അസാധ്യമാണെന്ന് വ്യക്തമാക്കിയ കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
ഫിനാന്‍സ് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് നെടുങ്കണ്ടം സ്വദേശി രാജ്കുമാറിനെ 2019 ജൂണ്‍ 12 നാണ് കസ്റ്റഡിയിലെടുത്തത്. നാലു ദിവസങ്ങള്‍ക്കു ശേഷമാണ് മജിസ്‌ട്രേറ്റ് മുന്‍പാകെ ഹാജരാക്കിയത്. കസ്റ്റഡിയില്‍ സൂക്ഷിച്ചിരുന്ന കാലയളവില്‍ ക്രൂരമായ ശാരീരിക പീഡനങ്ങള്‍ക്കിരയാക്കിയെന്നാണ് ആരോപണം. ജൂണ്‍ 21 ന് പീരുമേട് താലൂക്ക് ആശുപത്രിയില്‍ വച്ചാണ് രാജ്കുമാര്‍ മരണപ്പെട്ടത്. ലോക്കല്‍ പൊലിസ് അന്വേഷിച്ച കേസ് ഹൈക്കോടതി ഉത്തരവിനെതുടര്‍ന്ന് സി.ബി.ഐ ഏറ്റെടുത്തു. സാബുവിനും മറ്റു പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും സാബുവിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ഹരജി സമര്‍പ്പിച്ചു. ജാമ്യം സുപ്രിംകോടതി റദ്ദാക്കിയതിനെതുടര്‍ന്ന് സി.ബി.ഐ അറസ്റ്റു ചെയ്ത സാബു ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുകയാണ്. അന്വേഷണ ഏജന്‍സി മാറിയതിനെത്തുടര്‍ന്നാണ് വീണ്ടും ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."