ചുള്ളിക്കോട് റോഡില്‍ വീണ്ടും മാലിന്യം തള്ളി
കിഴിശ്ശേരി: ഒരിടവേളക്ക് ശേഷം ചുള്ളിക്കോട് റോഡില്‍ വീണ്ടും മാലിന്യം തള്ളി. തവനൂര്‍ ഒന്നാം മൈലിനും ചുള്ളിക്കോടിനും ഇടയിലുള്ള ആളൊഴിഞ്ഞ സ്ഥലത്താണ് രാത്രി കാലങ്ങളില്‍ നടുറോഡില്‍ മാലിന്യം തള്ളിയത്. അറവു മാലിന്യങ്ങളും വിവിധ കടകളില്‍ നിന്നുള്ള ചീഞ്ഞു നാറിയ വസ്തുക്കളും ഈ പ്രദേശത്ത് തള്ളുന്നത് പതിവായിരുന്നു. പത്രങ്ങളില്‍ മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ട് വാര്‍ത്ത വന്നതോടെ ഇവിടെ പിന്നീട് മാലിന്യം എത്തിയിരുന്നില്ല. എന്നാല്‍ തിങ്കളാഴ്ച രാത്രിയാണ് വീണ്ടും ഫ്രൂട്സ് കടകളിലെ മാലിന്യം നടുറോഡില്‍ തള്ളിയിരിക്കുന്നത്.
ചെറിയ പ്ലാസ്റ്റിക് ചാക്കുകളിലാക്കിയാണ് മാലിന്യം ഇവിടെ കൊണ്ട് വന്ന് തള്ളുന്നത്. റോഡിന്റെ ഇരു വശവും കാട് മൂടിയതും തെരുവ് വിളക്കുകള്‍ ഇല്ലാത്തതുമാണ് ഇവിടെ മാലിന്യം തള്ളാന്‍ സാമൂഹ്യ ദ്രോഹികളെ പ്രേരിപ്പിക്കുന്നത്. ഇവിടെ നിക്ഷേപിക്കുന്ന മാലിന്യം ഭക്ഷിക്കാനെത്തുന്ന തെരുവ് നായകള്‍ കാരണം കാല്‍നടയാത്രക്കാരും പ്രയാസം നേരിടുന്നുണ്ട്. ഒന്നാം മൈലിലെ നൂറുല്‍ ഇസ്ലാം മദ്രസയിലേക്കും ചുള്ളിക്കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലേക്കും വിദ്യാര്‍ഥികള്‍ ആശ്രയിക്കുന്നതും ഈ റോഡ് തന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."