ലോക്ക് ഡൗണ്‍ പരാജയപ്പെട്ടെന്ന് ബിഹാര്‍ മന്ത്രി
പാറ്റ്‌ന: കൊവിഡിന്റെ സാമൂഹിക വ്യാപനം നിയന്ത്രിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ രാജ്യത്തു പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ബിഹാറില്‍ പരാജയപ്പെട്ടെന്ന് സംസ്ഥാന മന്ത്രി. ഡല്‍ഹിയില്‍നിന്നും ഉത്തര്‍പ്രദേശില്‍നിന്നും തൊഴിലാളികള്‍ കൂട്ടത്തോടെ സംസ്ഥാനത്തെത്തിയതു കാരണം ലോക്ക്ഡൗണിന്റെ ലക്ഷ്യം നടന്നില്ലെന്നു വിമര്‍ശിച്ച മന്ത്രി സഞ്ജയ് ഷാ, ഇക്കാര്യത്തില്‍ ഡല്‍ഹി, യു.പി സര്‍ക്കാരുകളെ വിമര്‍ശിക്കുകയും ചെയ്തു.
തൊഴിലാളികളുടെ കൂട്ടത്തോടെയുള്ള സഞ്ചാരത്തെ തുടര്‍ന്ന് സംസ്ഥാനാതിര്‍ത്തികള്‍ അടയ്ക്കാന്‍ കഴിഞ്ഞ ദിവസം കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ബിഹാറില്‍ കൊവിഡ് പ്രതിരോധത്തിന്റെ ചുമതലകൂടിയുള്ള മന്ത്രി പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. ബിഹാറില്‍ സ്ഥിതി ആശങ്കാജനകമാണെന്നു പറഞ്ഞ അദ്ദേഹം, കൊവിഡിന്റെ സാമൂഹിക വ്യാപനത്തിനു സാധ്യത കാണുന്നുണ്ടെന്നു സൂചിപ്പിക്കുകയും ചെയ്തു.
സംസ്ഥാനാതിര്‍ത്തിയിലെ പ്രത്യേക ക്യാംപുകളില്‍ തൊഴിലാളികളെ സാമസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, ചിലര്‍ അക്രമാസക്തരാകുന്നുണ്ടെന്നും ചിലര്‍ ആത്മഹത്യാ പ്രവണതവരെ കാണിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹി, യു.പി സര്‍ക്കാരുകള്‍ തങ്ങളെ യാത്ര ചെയ്യാന്‍ അനുവദിച്ചെന്നും നിങ്ങളെന്തിനാണ് തടയുന്നതെന്നുമാണ് അവര്‍ ചോദിക്കുന്നതെന്നും മന്ത്രി ആരോപിക്കുന്നു.
നേരത്തെ, ബിഹാറില്‍ തൊഴിലാളികളെ തടവിലാക്കിയ വിഡിയോ പുറത്തുവിട്ട് രാഷ്ട്രീയ നയതന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ രംഗത്തെത്തിയിരുന്നു. ഇതില്‍ തൊഴിലാളികള്‍ തങ്ങളെ മോചിപ്പിക്കാന്‍ കേണപേക്ഷിക്കുന്നതും കാണാമായിരുന്നു. അറുപതിലേറെ തൊഴിലാളികളെ കുത്തിനിറച്ചു കൊണ്ടുപോയ ട്രക്ക് കഴിഞ്ഞ ദിവസം യു.പിയില്‍ പിടിക്കപ്പെടുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."