'പനിക്കുന്നുണ്ട് നാട്ടിലേക്ക് വരാന്‍ വല്ലാതെ കൊതി തോന്നുന്നു'- സാമൂഹിക വ്യാപനമുണ്ടായിട്ടു പോലും നിയന്ത്രണങ്ങളില്ലാത്ത സ്വീഡനില്‍ നിന്ന് ആശങ്കകള്‍ പങ്കുവെച്ച് മലയാളി യുവതി
സ്വീഡന്‍: ലോകമെങ്ങും കൊവിഡ് പടര്‍ന്നു കയറിയിട്ടും ആയിരങ്ങള്‍ മരിച്ചു വീണിട്ടും യാതൊരു നിയന്ത്രണങ്ങളുമില്ലാതെ പഴയപടി തുടരുന്ന സ്വീഡനില്‍ നിന്ന് ആശങ്കകള്‍ പങ്കുവെച്ച് മലയാളി. എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ജലീഷ ഉസ്മാനാണ് തന്‍രെ ആശങ്കള്‍ ഫേസബുക്ക് വഴി പങ്കുവെച്ചിരിക്കുന്നത്.
എല്ലാവരും അതിര്‍ത്തികളും തെരുവുകളും അടച്ചു പൂട്ടിയിട്ടും ലോക്കഡൗണ്‍ വേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ് ഇവിടുത്തെ ജനതയെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. കൊവിഡ് സാമൂഹിക വ്യാപനമുുണ്ടെന്ന് പ്രഖ്യാപിച്ചിട്ടു പോലും തെരുവുകളില്‍ ജനം പുഴ പോലെ ഒഴുകുകയാണെന്ന് ആശങ്കപ്പെടുന്നു.
യുവാക്കളോ ചെറിയ ലക്ഷണങ്ങള്‍ ഉള്ളവരോ ആണെങ്കില്‍ ആശുപത്രികള്‍ ചെല്ലേണ്ട എന്നാണത്രെ ഔദ്യോഗിക അറിയിപ്പ്. ടെസ്റ്റിങ് കിറ്റുകള്‍ ഇല്ലെന്നാണ് വിശദീകരണം. മരിക്കും എന്ന് ഉറപ്പായാല്‍ മാത്രമേ പരിചരണം ലഭിക്കൂ എന്നും പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു. നാട്ടിലേക്ക് വരാന്‍ വല്ലാതെ ആഗ്രഹിക്കുന്നുവെന്നും അവര്‍ പറയുന്നുണ്ട്.
പൂര്‍ണരൂപം
നാട്ടിലേക്ക് വരാന്‍ കഴിഞ്ഞെങ്കില്‍ എന്ന് അത്രമേല്‍ ആഗ്രഹിച്ചു പോവുന്നു. ദിവസങ്ങളോളമായി ഇവടെ ആധി തിന്ന് ജീവിക്കുന്നു. സ്വീഡന്റെ നയങ്ങള്‍ മറ്റു ലോക രാഷ്ട്രങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. മറ്റു സ്‌കാന്റിനേവിയന്‍ രാജ്യങ്ങളൊക്കെ ബോഡറുകളും തെരുവുകളും അടച്ചു പൂട്ടിയിട്ടും ഇവിടത്തെ ജനങ്ങള്‍ ലോക്ക്ടൗണ് വേണ്ട എന്നും, ജന ജീവിതം എന്നത്തേയും പോലെ മുന്നോട്ട് പോവട്ടെ എന്നുമാണ് തീരുമാനിച്ചിരിക്കുന്നത്.
എല്ലായിടത്തും ആളുകളുണ്ട്. കൊറോണ സാമൂഹിക വ്യാപനമായി പ്രഖ്യാപിച്ചിട്ടുണ്ട്. മരണ സംഖ്യ എക്സ്സ്പൊണന്‍ഷ്യലായാണ് കൂടുന്നത്. എന്നിട്ടും തെരുവുകളില്‍ ഇപ്പോഴും ജനം പുഴപോലെ ഒഴുകുന്നു. റസ്റ്റോറന്റുകളും ബാറുകളും പഴയപോലെ തന്നെ നിറഞ്ഞിരിക്കുന്നു. പൊതു സ്ഥാപനങ്ങളില്‍ ഒരുപാട് ആളുകള്‍ ഹോം ഓഫീസില്‍ പോയിട്ടുണ്ട്. പക്ഷെ അത്രയും ആളുകള്‍ തെരുവില്‍ എണ്ണം കൂടിയിട്ടുണ്ടെന്നാണ് തോന്നുന്നത്. കിന്റര്‍ ഗാര്‍ഡന്‍ തൊട്ട് യൂണിവേഴ്‌സിറ്റികള്‍ വരെ ഇപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഒരാള്‍ പോലും മാസ്‌ക്ക് വയ്ക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. സോഷ്യല്‍ ഡിസ്റ്റന്‍സ് പാലിക്കപ്പെടുന്നില്ല, പോട്ടെ, കൈ സാനിട്ടയ്സ് ചെയ്യുന്നത് പോലും കാണാന്‍ കഴിയില്ല.!
പരസ്പരം ആശ്രയിച്ചു കഴിയുന്ന ഒരു സമൂഹത്തില്‍ ഒരു കിന്റര്‍ ഗാര്‍ഡന്‍ അടച്ചുപൂട്ടിയാല്‍ പോലും അത് ആരോഗ്യ മേഖലയില്‍ ഉള്‍പ്പെടെ പല തൊഴിലാളികളെയും ബാധിച്ചേക്കാം, കുഞ്ഞുങ്ങളെ നോക്കേണ്ടി വരുന്നതിനാല്‍ അവര്‍ക്ക് ജോലി ചെയ്യാന്‍ കഴിയാതെ വന്നേക്കാം എന്നാണ് സ്വീഡന്റെ ഔദ്യോഗിക വിശദീകരണം.
എനിക്കിപ്പോ നാലു ദിവസമായി നേരിയ പനിയും ജലദോഷവും അനുഭവപ്പെടുന്നു. എന്താണ് അസുഖം എന്നറിഞ്ഞൂടാ. അറിയാന്‍ വഴി ഒന്നും തന്നെ ഇല്ല. വളരെ പ്രായം ചെന്നവരോ ക്രിട്ടിക്കല്‍ ആയി അസുഖബാധ ഉള്ളവരോ അല്ലെങ്കില്‍ ആശുപത്രികള്‍ സാമ്പിള്‍ എടുക്കുകയോ ടെസ്റ്റ് നടത്തുകയോ ഇല്ല. യുവാക്കളോ ചെറിയ ലക്ഷണങ്ങള്‍ ഉള്ളവരോ ആണെങ്കില്‍ ആശുപത്രികള്‍ ചെല്ലേണ്ട എന്നാണ് ഔദ്യോഗിക അറിയിപ്പ്. ഇവടെ ടെസ്റ്റിങ് കിറ്റുകള്‍ ഇല്ലത്രേ..! അതായത് നിങ്ങള്‍ മരിക്കും എന്ന് ഉറപ്പായാല്‍ മാത്രമേ പരിചരണം ലഭിക്കൂ..! എത്ര സമ്പന്നമായ ഒരു യൂറോപ്പ്യന്‍ രാജ്യമാണ് ഇതെന്നോര്‍ക്കണം..! സത്യത്തില്‍ നിങ്ങള്‍ ഈ കാണുന്ന സ്ഥിതീകരിച്ച പോസിറ്റിവ് കണക്കുകള്‍ യദാര്‍ത്ഥത്തില്‍ ഉള്ള പോസിറ്റിവ് കണക്കുകളല്ല, മറിച്ച് അങ്ങേ അറ്റം സീരിയസ് ആയ രോഗികളുടെ കണക്കുകളാണ്. യദാര്‍ത്ഥ കണക്കുകള്‍ ഇതിനും എത്രയോ, എത്രയോ മുകളില്‍ ആണ്.
ഈ പറഞ്ഞ തെരുവുകളും ബാറുകളും റസ്റ്റോറന്റുകളും കടന്ന് എല്ലാ ദിവസവും ഞാന്‍ യൂണിവേഴ്‌സിറ്റിയില്‍ പോവാറുണ്ട്. പോവാതിരിക്കാന്‍ കഴിയും, വീട്ടില്‍ നിന്ന് വര്‍ക്ക് ചെയ്യാം. പക്ഷെ വീട്ടില്‍ സ്ഥിതി അതിനേക്കാള്‍ പ്രശ്‌നമാണ്. കിഴക്കന്‍ സ്വീഡനില്‍ ഡെന്മാര്‍ക്കിനോട് ചേര്‍ന്നു കിടക്കുന്ന ചെറിയൊരു നഗരമാണിത്. ലോകപ്രശസ്തമായ ഒരു യൂണിവേഴ്‌സിറ്റി ഉണ്ട് എന്നതൊഴിച്ചാല്‍ കാര്യമായ ഒന്നും ഇവടെ ഇല്ല. ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ വന്നും പോയും ഇരിക്കുന്നതിനാല്‍ താമസിക്കാന്‍ ഇവടെ ഒരു ഇടം കിട്ടാന്‍ നന്നേ പ്രയാസമാണ്. പ്രത്യേകിച്ചും ഡോക്ടറല്‍ വിദ്യാര്‍ത്ഥികള്‍ക്ക് (ശമ്പളം തരുന്നത് കൊണ്ട് യൂണിവേഴ്‌സിറ്റി താമസം തരില്ല. പുറത്ത് സ്വന്തമായി ഒരു അപാര്‍ട്‌മെന്റ് റെന്റ് ചെയ്യാന്‍ മാത്രം ശമ്പളം തികയില്ല താനും). അതുകൊണ്ട് മിക്കവാറും സ്റ്റുഡന്റ്‌സ് ഏതെങ്കിലും അപാര്‍ട്‌മെന്റ് ഷെയര്‍ ചെയ്യാറാണ് പതിവ്.
നന്നേ പ്രായം ചെന്ന ഒരു പഴയകാല സ്വീഡിഷ് പോപ്പ് ഗായകന്റെ വീട്ടിലാണ് ഞാന്‍. അയാളാണെങ്കില്‍ ഏത് സമയവും കറക്കം. ഇപ്പൊ കൊറോണ വന്നപ്പോ പ്രത്യേകിച്ചും. മൂപ്പരുടെ പഴയകാല സുഹൃത്തുക്കള്‍ എന്‍പത് പിന്നിട്ട പലരും ഐസൊലേഷനില്‍ ആണ് എല്ലാവരെയും കണ്ട് സുഖവിവരം അന്വേഷിക്കലാണ് ഇപ്പോഴത്തെ പണി. 'നല്ല ചെയിന്‍ സ്‌മോക്കര്‍ അല്ലെ, ശ്വാസകോശം പിഴിഞ്ഞാല്‍ കരിഓയില്‍ വരുന്ന അവസ്ഥ ആയിരിക്കില്ലേ, പെട്ടന്ന് ബാധിക്കാന്‍ സാധ്യത ഇല്ലേ' എന്നൊക്കെ പറഞ്ഞു വിരട്ടി നോക്കി. നടക്കുന്നില്ല. ഒരാഴ്ചയായി അയാള്‍ക്ക് ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നു തോന്നുന്നു. കാഴ്ചയ്ക്ക് വിളറിയിരിക്കുന്ന പോലെ തോന്നി. ചുമയ്ക്കുന്നതും കേട്ടിരുന്നു.
ഓരോ നിമിഷവും നാട്ടിലേക്ക് പോരാന്‍ വഴി എന്തെങ്കിലും ഉണ്ടോ എന്ന് കണ്ണും നട്ടിരിക്കുകയാണ് ഇപ്പൊ. പനി വന്നാ വയ്യാതെ ആണെങ്കിലും കഷ്ടിച്ച്, ഏന്തി ഒരു കട്ടന്‍ ഇട്ടുതരാനോ കഞ്ഞി വച്ചു തരാനോ ഉമ്മച്ചി ഉണ്ടാവും. മരിക്കുവാണെങ്കിലും കൂടപ്പിറപ്പിന്റെ വീല്‍ചെയറില്‍ തല ചായ്ച്ചു മരിക്കാലോ.
നാട്ടില്‍ വീട്ടുകാരുടെയും അടുത്തവരുടെയും വീട്ടില്‍ ആവശ്യത്തില്‍ കൂടുതല്‍ കെയറും, ഭക്ഷണവും ഒക്കെയായി അടച്ചു പൂട്ടപ്പെടുമ്പോ അവിടുള്ളവര്‍ക്ക് തോന്നുന്ന തോന്നാലുകളല്ല യാതൊരു ശ്രദ്ധയും ഇല്ലാതെ, അസുഖം പടര്‍ന്നുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തിന്റെ നടുക്ക് ഭാഷ പോലും അറിയാതെ തനിച്ചു, പകച്ചു നില്‍ക്കുമ്പോള്‍ ഒരാള്‍ക്ക് ഉണ്ടായേക്കാവുന്നത്. എന്നെപോലെ കുടുംബം നോക്കാന്‍ വേണ്ടി പ്രവാസികള്‍ ആയവര്‍ക്ക് പ്രത്യേകിച്ചും. എല്ലാ മനുഷ്യരും ഒരുപോലെ അല്ല. ചിലര്‍ക്ക് മരിക്കുക എന്ന ഒരു ഒപ്ഷന്‍ ഉണ്ടായെന്ന്‌പോലും വരില്ലല്ലോ..!
വീട്ടില്‍ പ്രായം ചെന്ന ഒരുമ്മയും സ്‌പൈനല്‍ കോഡ് തകര്‍ന്ന ഒരു അനുജത്തിയും ഉണ്ട്..!
പറയാന്‍ വന്നത് വേറെ ചിലതാണ്. ഇത്തരം രാജ്യങ്ങളുടെ അനാസ്ഥകള്‍ക്കാണ് നമ്മള്‍ അടങ്ങുന്ന ദരിദ്ര നാരായണ രാജ്യങ്ങള്‍ വരെ വില കൊടുക്കേണ്ടി വരുന്നത്. നമ്മള്‍ അവിടെ ജീവന്‍ മരണ പോരാട്ടം നടത്തുമ്പോള്‍ ഇത്തരം സമ്പന്ന രാജ്യങ്ങള്‍ അവരുടെ ബിസിനസ് ബാങ്ക്‌റപ്റ്റ് ആവുന്നതിനെ പറ്റിയും ആരോഗ്യ രംഗത്ത് അമിത ചിലവ് വരുന്നതിനെ പറ്റിയും ആശങ്കപ്പെടുന്നു.
നമ്മള്‍ ഉള്ളതെല്ലാം ഇട്ടെറിഞ്ഞു പോരാടുമ്പോള്‍ ഇവര്‍ ഇതില്‍ നിന്ന് എങ്ങനെ ലാഭം ഉണ്ടാക്കാം എന്ന് ചിന്തിക്കുന്നു. പ്രായമായ ആളുകളും, ആദ്യമേ അസുഖം ഉള്ള, സമൂഹത്തിന് വലിയ ആശുപത്രി ചിലവുകള്‍ വരുത്തി വയ്ക്കുന്നവരും കൂട്ടത്തോടെ ചത്തൊടുങ്ങിയാല്‍ ഉണ്ടാവുന്ന പെന്‍ഷന്‍ രംഗത്തെയും, ഇന്‍ഷുറന്‍സ് രംഗത്തെയും, ലാഭത്തെ പറ്റി കണക്ക് കൂട്ടുന്നു. പ്രവാസികളായി ഇത്തരം രാജ്യങ്ങളില്‍ (ഗള്‍ഫ് നാടുകള്‍ അടക്കം) കഴിഞ്ഞു കൂടുന്നവര്‍ അത്രമേല്‍ അരക്ഷിതാവസ്ഥ അനുഭവിക്കുന്നത് കൊണ്ടാണ് നാട്ടിലേക്ക് വരണമെന്ന് മുറവിളി കൂട്ടുന്നത്. എത്രയായാലും ഓരോ പ്രവാസിയും അന്യനാട്ടില്‍ അന്യര്‍ തന്നെയാണ്. മലയാളിക്ക് മനസ്സിലാവുന്ന ഭാഷയില്‍ പറഞ്ഞാല്‍ കേരളത്തിലെ ബംഗാളികള്‍, അതെത്ര പൈസക്കാരനായാലും, എത്ര വലിയ ടെക്കി ആയാലും ശെരി. ഇതിന്റെ ഒക്കെ അവസാനം എന്താവും എന്ന് കണ്ടു തന്നെ അറിയേണ്ടി ഇരിക്കുന്നു..!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."