ഓള്‍ഗ ഫ്‌ളൈറ്റ്‌സ്
തീവണ്ടിയാത്രയ്ക്കിടയിലെ ഉറക്കം. സാനിറ്ററി നാപ്കിനുകളുടെ കവര്‍ചിത്രങ്ങള്‍. പറക്കുന്നതിനിടയില്‍ അനുഭവപ്പെടുന്ന മനംപിരട്ടലില്‍നിന്നു രക്ഷനേടാന്‍ ഉപയോഗിക്കുന്ന ഛര്‍ദ്ദില്‍ കവറിലെ കുത്തിക്കുറിക്കലുകള്‍. ടൂറിസ്റ്റ് ഗൈഡുകളായി മാറുന്ന മാപ്പുകള്‍. ഒരു ദീര്‍ഘദൂര യാത്രയില്‍ സഞ്ചാരികള്‍ അനുഭവിക്കുന്ന ഇടതടവുകള്‍. മുറിഞ്ഞ മുന്നേറ്റങ്ങള്‍. ഇവയുടെ കഥയുടെയും കഥയില്ലായ്മയുടെയും ആഖ്യാനങ്ങളാണ് പോളിഷ് എഴുത്തുകാരി ഓള്‍ഗ ടൊകാര്‍ചുക്കിന് ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ ഇന്റര്‍നാഷനല്‍ പുരസ്‌കാരം നേടിക്കൊടുത്ത കൃതിയായ 'ഫ്‌ളൈറ്റ്‌സ് '.
ഒരു മുഴുനീള നോവലിന്റെ ഒഴുകുന്ന വായനയ്ക്കിടയില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന തടസം ഓള്‍ഗയുടെ ആഖ്യാനരീതിയെ പരിചയമില്ലാത്തവര്‍ക്ക് അമ്പരപ്പുകള്‍ സമ്മാനിക്കും. പക്ഷെ, ടി.എസ് എലിയറ്റ് തന്റെ ''വെയ്സ്റ്റ് ലാന്‍ഡ് ' എന്ന കവിതയില്‍ പറയുന്നതുപോലെ, 'എ ഹീപ് ഓഫ് ബ്രോക്കണ്‍ ഇമേജസ് ' എന്നതാണ് ഈ രീതിയെ വിശേഷിപ്പിക്കാനുള്ള എളുപ്പമാര്‍ഗം. അതെ, മുറിഞ്ഞ ബിംബങ്ങളുടെ ഒരു കൂമ്പാരം! അതിലൂടെ നാം മനുഷ്യരെ അറിയുന്നു. ജീവിതത്തെ അറിയുന്നു. മനുഷ്യ ജീവിതത്തിന്റെ 'ഫ്‌ളൈറ്റുകളെ'യും അറിയുന്നു.
നിരവധി കഥകള്‍ കോര്‍ത്തിണക്കിയ ഒരു നീണ്ട കഥയാണ് 'ഫ്‌ളൈറ്റ്‌സ് '. പക്ഷെ, ഓരോ കഥയ്ക്കും അതിന്റെതായ ഒരനിതരസാധാരണത്വം വായനക്കാരന് അനുഭവവേദ്യമാകും. അതിനിടയില്‍ അപ്രതീക്ഷിതമായ ചില മുറിഞ്ഞുപോകലുകള്‍ സംഭവിക്കാം. ഉദാഹരണത്തിന്, ചോപിന്‍ എന്ന കഥാപാത്രത്തിന്റെ ഹൃദയം ഒരു ജാറില്‍ മൂടപ്പെട്ടു നടത്തുന്ന യാത്ര ഈ നോവലിലെ ഒരു പ്രധാന ഭാഗമാണ്. ഇതിന്റെ യാത്ര അവസാനിക്കുന്നത് പോളണ്ടിലെ യുദ്ധഭീകരതകളുടെ ദുരന്തഓര്‍മകള്‍ മാത്രം സമ്മാനിക്കുന്ന വാഴ്‌സാ പട്ടണത്തിലാണ്. അടുത്ത അധ്യായത്തിലേക്കു നാം പ്രവേശിക്കുമ്പോള്‍ പ്രതീക്ഷിക്കുന്നത് ചോപിന്റെ ഹൃദയത്തിന്റെ പ്രയാണത്തിന്റെ ദിശാമാറ്റങ്ങളെയും അവ സൃഷ്ടിച്ചെടുക്കാന്‍ തയാറെടക്കുന്ന ജീവിതക്രമങ്ങളെയുമൊക്കെയാണെങ്കിലും, മറിക്കപ്പെട്ട താളുകള്‍ നമ്മെ വഞ്ചിക്കും. കാരണം ആ താളുകളില്‍ നാം പരതിനടന്നാല്‍ കിട്ടുന്നത് ഒരു പ്രവാസി പോളിഷ് ബയോളജിസ്റ്റ് സ്വന്തം നാട്ടിലേക്കു തിരിച്ചുപോകുന്ന കഥയാണ്. ആ തിരിച്ചുപോക്കിന് അയാളെ പ്രേരിപ്പിക്കുന്നതാവട്ടെ, ഒരു പഴയ സുഹൃത്തിന്റെ അന്ത്യാഭിലാഷം പൂര്‍ത്തീകരിക്കാനും.
'ഫ്‌ളൈറ്റ്‌സി'ല്‍ അടുത്തതായി 'ബോര്‍ഡ് ' ചെയ്യുന്ന കഥ ക്രൊയേഷ്യയുടെ പ്രാന്തപ്രദേശങ്ങളിലെവിടെയോ അപ്രത്യക്ഷരാവുന്ന ഒരു പോളിഷ് സഞ്ചാരിയുടെ ഭാര്യയും മകനുമാണ്. തലസ്ഥാനമായ സാഗ്‌രബില്‍നിന്നു മാറിയുള്ളൊരു ദിക്കില്‍ അവര്‍ പിന്നീട് തിരിച്ചെത്തുന്നു.
തിമിംഗലവേട്ടക്കാരനായ ഒരു കിറുക്കന്‍ സ്വന്തം വള്ളം തട്ടിയെടുക്കുന്നതാണ് ഈ നോവലിലെ അടുത്ത സംഭവം. അയാള്‍ എന്തിനാണ് അങ്ങിനെ ചെയ്യുന്നതെന്ന് അയാള്‍ക്കോ നാം വായനക്കാര്‍ക്കോ മനസിലാകുന്നില്ല. ഈ പേജുകളിലൊക്കെയും ഓള്‍ഗ വിതറിയിടുന്ന നര്‍മമാണെങ്കിലോ, അത് ഏറെ അതിശയകരവും ഉജ്ജ്വലവുമാണ്.
ആധുനികകാല യാത്രയുടെ ഭൗതികതലങ്ങളെ അവതരിപ്പിക്കുന്ന ഈ പോളിഷ് എഴുത്തുകാരി, മനുഷ്യശരീരത്തിലെ ഏറ്റവും സുപ്രധാനമായ പേശി-നാവ്-യെ പ്രശ്‌നവല്‍ക്കരിക്കുന്നതാണ് ഈ നോവലിന്റെ മറ്റൊരാകര്‍ഷണീയത. ചലനം കൊണ്ടു മനുഷ്യനെ ജീവിക്കുന്ന വസ്തുവാകുന്നതില്‍ നിര്‍ണായകമായ സ്ഥാനം വഹിക്കുന്ന നാവും അതിന്റെ ഉപയോഗവും അതിനെ കുറിച്ചുള്ള വിവരണവുമൊക്കെ അസാധാരണ മിഴിവോടു കൂടിത്തന്നെ നോവലിന്റെ ഇതിവൃത്തത്തെ ശാക്തീകരിക്കുന്നു.
'ബെയ്ഗുനി' എന്ന പേരില്‍ 2007ല്‍ പ്രസിദ്ധീകൃതമായ ഈ നോവലിനെ കുറിച്ച് പ്രത്യേകിച്ചും, ഓള്‍ഗയുടെ നോവലുകളെ കുറിച്ചു പൊതുവായും സാഹിത്യവിമര്‍ശകര്‍ ഉന്നയിക്കുന്ന പരാതികളാണു ചില കഥകള്‍ അപൂര്‍ണമാണെങ്കില്‍ മറ്റു ചിലതിനു വ്യക്തത കുറവാണ് എന്നത്. പക്ഷെ, ഈ അപൂര്‍ണതയും അവ്യക്തതയുമാണു മനുഷ്യരെന്ന നിലയില്‍ നാം നേരിട്ടുകൊണ്ടിരിക്കുന്ന ജീവിതത്തിന്റെ വ്യത്യസ്ത മുഹൂര്‍ത്തങ്ങള്‍. ആ മുഹൂര്‍ത്തങ്ങളെയും അതിന്റെ ഭീകരയാഥാര്‍ഥ്യങ്ങളെയും ഒരു ദീര്‍ഘദൂര യാത്രയ്ക്കിടയിലെ ചില താല്‍ക്കാലിക തുരുത്തുകളാണെന്നും അവ തിരിച്ചറിയുന്ന മനുഷ്യശരീരങ്ങളാണു ഭൂമിയുടെ അവകാശികളെന്നും ഓള്‍ഗ നമ്മെ ഓര്‍മിപ്പിക്കുന്നു. 'മൈല്‍സ് റ്റു ഗോ, ബിഫോര്‍ ഐ സ്ലീപ് ' എന്ന റോബര്‍ട് ഫ്രോസ്റ്റിന്റെ വരികള്‍കൂടി 'ഫ്‌ളൈറ്റ്്‌സ് ' പോലുള്ള നോവലുകളെ മിഴിവുറ്റതാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."