ജലസേചന മന്ത്രി സന്ദര്‍ശനം നടത്തണമെന്ന്
പുല്‍പ്പള്ളി: അതിരൂക്ഷമായ വരള്‍ച്ചയ്ക്ക് പ്രതിവിധി കാണുന്നതിനായി സംസ്ഥാന ജലസേചന മന്ത്രി ജില്ലയില്‍ സന്ദര്‍ശനം നടത്തണമെന്ന് കെ.എല്‍ പൗലോസ് ആവശ്യപ്പെട്ടു. വരള്‍ച്ചയെ തുടര്‍ന്ന് രൂക്ഷമായ കൃഷിനാശവും കുടിവെള്ള ക്ഷാമവും കാര്‍ഷിക വിളകള്‍ ഉള്‍പ്പെടെ കരിഞ്ഞുണങ്ങുന്ന അവസ്ഥയാണ്. ഇത്രയും രൂക്ഷമായ വരള്‍ച്ചയുണ്ടായിട്ടുപോലും ജലസേചന മന്ത്രി ജില്ലയില്‍ സന്ദര്‍ശനം നടത്താത്തത് വയനാടിനോടുള്ള അവഗണനയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണത്തിലേറിയിട്ട് ഒരു വര്‍ഷത്തോളമായിട്ടും ജലസേചന മന്ത്രി ജില്ലയില്‍ സന്ദര്‍ശനം നടത്താന്‍ തയാറായിട്ടില്ല. മറ്റു മന്ത്രിമാരെല്ലാം വിവിധ ആവശ്യങ്ങള്‍ക്കായി ജില്ലയിലെത്തുന്നുണ്ടെങ്കിലും രൂക്ഷമായ വരള്‍ച്ച മൂലം പുഴകളും തോടുകളും കിണറുകളും കുഴല്‍കിണറുകളും തലക്കുളങ്ങളും ചെക്ക് ഡാമുകളുമെല്ലാം വറ്റിവരളുമ്പോഴും അതിനെ പ്രതിരോധിക്കുന്നതിന് ആവശ്യമായ പദ്ധതികള്‍ നടപ്പാക്കുന്നതിനോ, ജനങ്ങള്‍ അനുഭവിക്കുന്ന വരള്‍ച്ചാക്കെടുതി നേരില്‍ കാണുന്നതിനോ വകുപ്പ് മന്ത്രി തയാറായിട്ടില്ല. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ ദുരിതങ്ങള്‍ മനസിലാക്കാന്‍ പോലും എല്‍.ഡി.എഫ് സര്‍ക്കാര്‍ തയാറായിട്ടില്ല. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, പൂതാടി, നൂല്‍പ്പുഴ, നെന്‍മേനി പഞ്ചായത്തുകള്‍ രൂക്ഷമായ വരള്‍ച്ചയാണ് നേരിടുന്നതെന്നും അടിയന്തിരമായി മുഖ്യമന്ത്രി, കൃഷി മന്ത്രി, റവന്യു മന്ത്രി, ജലസേചന മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ജില്ല സന്ദര്‍ശിച്ച് വരള്‍ച്ചയെ പ്രതിരോധിക്കുന്നതിനാവശ്യമായ ജലസേചന പദ്ധതികള്‍ നടപ്പിലാക്കി കര്‍ഷകരെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."