കിഡ്‌നി റാക്കറ്റുമായി ബന്ധം: അഞ്ചു ഡോക്ടര്‍മാര്‍ക്കെതിരേ പൊലിസ് നടപടി
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കിഡ്‌നി റാക്കറ്റുമായി ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന അപ്പോളോ ആശുപത്രിയിലെ അഞ്ചു ഡോക്ടര്‍മാര്‍ക്ക് ഡല്‍ഹി പൊലിസ് സമന്‍സയക്കും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് സമന്‍സ് അയക്കുക. ഇത് രണ്ടുദിവസത്തിനകം ഉണ്ടാകുമെന്നും ഡല്‍ഹി പൊലിസ് ജോയിന്റ് കമ്മിഷണര്‍ രാജേന്ദര്‍ പാല്‍ ഉപാധ്യായ പറഞ്ഞു.
വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ക്കാണ് സമന്‍സ്. ജൂണ്‍ രണ്ടിനാണ് ഡല്‍ഹിയിലെ കിഡ്‌നി റാക്കറ്റിലെ കണ്ണികളെ പൊലിസ് പിടികൂടിയത്.
ഡോ. അശോക് സരിന്‍, ഡോ. അന്‍ശുമന്‍ അഗര്‍വാള്‍ എന്നിവരേയും അവരവരുടെ ഭാഗം വിശദീകരിക്കാനായി വിളിപ്പിക്കുമെന്നും പൊലിസ് വ്യക്തമാക്കി. കേസില്‍ അസിം സിക്ദര്‍, സത്യപ്രകാശ്, ദേവാശിഷ് മൗലിക് എന്നിവര്‍ തുടക്കത്തില്‍ തന്നെ അറസ്റ്റിലായിരുന്നു. പിന്നീട് ഇവരുടെ പേഴ്‌സണല്‍ സെക്രട്ടറിമാരേയും പിടികൂടി.
റാക്കറ്റുമായി ഡോക്ടര്‍മാര്‍ക്കുള്ള ബന്ധം തള്ളിക്കളയാനാകില്ലെന്ന് പൊലിസ് വ്യക്തമാക്കി. കൂടുതല്‍ ഡോക്ടര്‍മാര്‍ക്കുള്ള പങ്ക് സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണ്.
അറസ്റ്റിലായവരില്‍ രണ്ടുപേര്‍ അപ്പോളോയിലെ ജീവനക്കാരാണ്. മൂന്നു പേര്‍ ഇടനിലക്കാരും. മുഖ്യ ആസൂത്രകനായ രാജ് കുമാറിനെ കൊല്‍ക്കത്തയില്‍ കിഡ്‌നിദാനം ചെയ്യാന്‍ എത്തിയ രണ്ടു പേര്‍ക്കൊപ്പമാണ് പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."