ലക്ഷക്കണക്കിനുവരുന്ന പ്രവാസി തൊഴിലാളികളെ അനിശ്ചിതത്വത്തിലാക്കി കൊവിഡ് 19
ജിദ്ദ: കൊവിഡ് 19 മൂലം ഗള്‍ഫ് രാഷ്ട്രങ്ങള്‍ സ്വീകരിച്ച നടപടികള്‍ ലക്ഷക്കണക്കിനുവരുന്ന വിദേശ തൊഴിലാളികളെ അനിശ്ചിതത്വത്തിലും പ്രതിസന്ധിയിലുമാക്കുന്നു. ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്ന തൊഴിലാളികള്‍ ജോലിയില്ലാതെ പട്ടിണിയിലേക്ക് നീങ്ങുന്നതിനു പുറമെ കൊവിഡ് വെല്ലുവിളിയും നിലനില്‍ക്കുന്നു.
കൊവിഡ് ജാഗ്രതയുടെ ഭാഗമായി എല്ലാ ഗള്‍ഫ് രാജ്യങ്ങളും പൂര്‍ണമായോ ഭാഗികമായോ അടച്ചിട്ട നിലയിലാണ്. ദശലക്ഷക്കണക്കിന് തൊഴിലാളികളാണ് അനിശ്ചിതത്വം നേരിടുന്നതെന്ന് എ.എഫ്.പി തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ശമ്പളം പിടിച്ചുവെച്ച തൊഴിലുടമകള്‍ ജീവനക്കാരെ പിരിച്ചുവാനും നാടുകടത്താനുമുള്ള വഴികളാണ് തേടുന്നത്.ഇതിന്റെ ഭാഗമായി സ്വകാര്യ മ്പനികള്‍ക്ക് ആവശ്യമെങ്കില്‍ തൊഴിലാളികളെ പിരിച്ചുവിടാനും, ശമ്പളം വെട്ടിക്കുറക്കാനും അനുമതി നല്‍കി യു.എ.ഇ മാനവ വിഭവശേഷി മന്ത്രാലയം ഉത്തരവിറക്കി. ഇതനുസരിച്ച്, അധിക ജീവനക്കാരുടെ സേവനം തല്‍ക്കാലികമായി അവസാനിപ്പിക്കാനോ പരസ്പര ധാരണയനുസരിച്ച് ശമ്പളം കുറയ്ക്കാനോ കമ്പനികള്‍ക്ക് സാധിക്കും.
ശമ്പളത്തോടുകൂടിയോ അല്ലാതെയോ ഹ്രസ്വ-ദീര്‍ഘകാല അവധി നല്‍കാനും വീട്ടിലിരുന്ന് ജോലി ചെയ്യിക്കാനും അനുമതിയും നല്‍കിയിട്ടുണ്ട്. അതുമല്ലെങ്കില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയോ ചെയ്യാമെന്ന് മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു. കൊവിഡ് പ്രതിസന്ധിയില്‍പെട്ട കമ്പനികള്‍ക്ക് അതിജീവനത്തിനു വഴിയൊരുക്കുന്ന ഭാഗമായാണ് നിര്‍ദ്ദേശം. അതേ സമയം യു. എ.ഇ സ്വീകരിച്ച ഈ നടപടി മറ്റു ഗൾഫ് രാഷ്ട്രങ്ങളും സ്വീകരിക്കുമോ എന്ന ആധിയും പ്രവാസികൾക്കിടയിലുണ്ട്.
അതേസമയം സാമ്പത്തിക പ്രയാസത്തിലും ആശങ്കയിലും കഴിയുന്നത് ആയിരക്കണക്കിന് പ്രവാസി കച്ചവടക്കാരുമുണ്ട്. പല നാടുകളിലെയും പാരമ്പരാഗത മാര്‍ക്കറ്റുകളും വാണിജ്യ കേന്ദ്രങ്ങളിലെ കടകളും അടച്ചിട്ട് രണ്ടാഴ്ചയാവുകയാണ്. ചെറുകിട കച്ചവട സ്ഥാപനങ്ങള്‍ നടത്തിയിരുന്നവരും ഇവിടെ കുറഞ്ഞ വേതനത്തിന് ജോലിചെയ്തിരുന്നവരുമാണ് ഭാവിയെ കുറിച്ച അങ്കലാപ്പിലും ആധിയിലും കഴിയുന്നത്.പലരുടെയും പോക്കറ്റുകള്‍ കാലിയായി തുടങ്ങി. കൊവിഡിനെ പിടിച്ചുകെട്ടുന്നത് വൈകിയാല്‍ കടകളുടെ അടച്ചിടല്‍ നീളാനാണ് സാധ്യത. ഇങ്ങനെ നീളുന്ന പക്ഷം . ചെറുകിട കച്ചവട സ്ഥാപനങ്ങള്‍ നടത്തിയിരുന്നവരും ഇവിടെ കുറഞ്ഞ വേതനത്തിന് ജോലിചെയ്തിരുന്നവരുമാണ് ഭാവിയെ കുറിച്ച അങ്കലാപ്പിലും ആധിയിലും കഴിയുന്നത്പലരും.
കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്ന പലരും ശമ്പളത്തില്‍ ചെലവിനുള്ള പൈസ മാത്രം കൈയില്‍ വെച്ച് ബാക്കി തുക നാട്ടിലേക്ക് അയക്കുന്നവരാണ്. ഇവരില്‍ പലരും കൈവശമുള്ള പൈസ തീര്‍ന്നതിനെ തുടര്‍ന്ന് കടം വാങ്ങിയും മറ്റുമാണ് ഇപ്പോള്‍ ജീവിതം പുലര്‍ത്തുന്നത്. കടകള്‍ അടച്ചിടല്‍ നീളുന്ന പക്ഷം അടുത്തമാസം ശമ്പളം ലഭിക്കാനുള്ള സാധ്യത കുറവാണ്. ഇങ്ങനെ സംഭവിക്കുന്ന പക്ഷം ഇവിടെ ചെലവിനും നാട്ടിലെ കുടുംബത്തിനും പണം അയക്കാന്‍ കഴിയാത്ത അവസ്ഥയാകുമെന്ന് ഇവര്‍ പറയുന്നു. വിമാന സര്‍വിസ് ഇല്ലാത്തതിനാല്‍ നാട്ടിലേക്ക് പോകാന്‍ കഴിയാത്ത അവസ്ഥയുമുണ്ട്. നാട്ടില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് പല കൂട്ടായ്മകളും സഹായം എത്തിക്കുന്നുണ്ടെങ്കിലും ഇവര്‍ പ്രവാസി കുടുംബങ്ങളെ പൂര്‍ണമായി അവഗണിക്കുന്ന സ്ഥിതിയാണ് ഉള്ളതെന്നും ഇവര്‍ പറയുന്നു. നിരവധി ആവശ്യങ്ങള്‍ക്കായി ബാങ്കുകളില്‍നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍നിന്നുമൊക്കെ വായ്പയും ലോണുകളുമൊക്കെ എടുത്തവരുടെ ആശങ്കകള്‍ വിവരണാതീതമാണ്. വീടു നിര്‍മാണത്തിനും ഉറ്റവരുടെ കല്യാണം, വിദ്യാഭ്യാസംപോലുള്ള അത്യാവശ്യങ്ങള്ക്കുമൊക്കെ ആയി അവധിപറഞ്ഞ് കടം വാങ്ങിയവരും വട്ടിപ്പലിശക്ക് കടമെടുത്തവരും ബാങ്കുകളില്‍നിന്ന് ലോണെടുത്തവരും ആഭരണങ്ങള്‍ പണയം വെച്ചവരുമൊക്കെ വന്നുപെട്ട ഗുരുതരാവസ്ഥയില്‍ നെടുവീര്‍പ്പിടുകയാണ്.
അടവിന് ഇളവ് നല്‍കുമെന്നൊക്കെ വാര്‍ത്തകളില്‍ പറഞ്ഞുകേള്ക്കാമെന്നല്ലാതെ ആര്‍ക്കും അതേപ്പറ്റി ഒരു ധാരണയില്ല. അതേ സമയം സാധാരണ തൊഴിലാളികളില്‍ കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ദോഹയിലെ ഇന്‍ഡ്‌സട്രിയില്‍ ഏരിയയില്‍ പതിനായിരക്കണക്കിനു തൊഴിലാളികളെയാണ് നിരീക്ഷണത്തല്‍ പാര്‍പ്പിച്ചിരിക്കുന്നത്. വേണ്ടത്ര ശുചിത്വമില്ലാത്ത ക്യാമ്പുകളിലാണ് ഗള്‍ഫില്‍ തൊഴിലാളികള്‍ കഴിയുന്നതെന്നും ആരോഗ്യ വെല്ലുവിളി നേരിടുകയാണെന്നും മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്‍ര്‍നാഷണല്‍ മുന്നറിയിപ്പ് നല്‍കുന്നു.
ആരോഗ്യം സംബന്ധിച്ചും തൊഴില്‍ സുരക്ഷ സംബന്ധിച്ചും അത്യന്തം ആശങ്കയിലാണ് കഴിയുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ 3200 കോവിഡ് കേസുകളാണ് ഇതിനകം സ്ഥിരീകരിച്ചത്. സാമൂഹിക അകലം സാധ്യമല്ലാത്ത ലേബര്‍ ക്യാമ്പുകളിലാണ് തൊഴിലാളികളെ അടച്ചിട്ടിരിക്കുന്നതെന്ന് ആംനസ്റ്റി ചൂണ്ടിക്കാണിക്കുന്നു. ഗള്‍ഫ് നാടുകളിലുള്ള പ്രവാസി തൊഴിലാളികളില്‍ ബഹുഭൂരിഭാഗവും ബംഗ്ലാദേശ്, ഇന്ത്യ, നേപ്പാള്‍, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."