' സര്‍ക്കാര്‍ ജനങ്ങളെ കുടിപ്പിച്ചേ അടങ്ങൂ'
കല്‍പ്പറ്റ: ജനങ്ങള്‍ക്ക് വേണ്ടെങ്കിലും കുടിപ്പിച്ചേ അടങ്ങൂ എന്ന വാശിയില്‍ സര്‍ക്കാര്‍. ദേശീയപാതയോരങ്ങളിലെ മദ്യശാലകള്‍ മാറ്റണമെന്ന സുപ്രിം കോടതി ഉത്തരവ് നടപ്പാക്കാനുള്ള സമയം കഴിയാനിരിക്കെയാണ് ഒറ്റദിവസം കൊണ്ട് ഇരുനില വീട് ബീവറേജസ് അധികൃതര്‍ മദ്യശാലയാക്കിയത്. കല്‍പ്പറ്റ നഗരസഭയിലെ പുഴമുടിയിലെ സ്വകാര്യ വ്യക്തിയുടെ വീടാണ് അധികൃതര്‍ മദ്യശാലയാക്കിയിരിക്കുന്നത്. വൈത്തിരി ടൗണില്‍ പ്രവര്‍ത്തിച്ചിരുന്ന മദ്യശാലയാണ് ഇന്നലെ ഇങ്ങോട്ട് മാറ്റിയത്.
എന്നാല്‍ ഉത്തരവ് നടപ്പാക്കാന്‍ ജനവാസ കേന്ദ്രത്തിലേക്കാണ് അധികൃതര്‍ മദ്യശാല മാറ്റി സ്ഥാപിച്ചിരിക്കുന്നത്. ഇതിന് പുറമേ കല്‍പ്പറ്റ നഗരസഭയുടെ അനുമതിയോ, ലൈസന്‍സോ നേടാതെയാണ് മദ്യശാല പ്രവര്‍ത്തനമാരംഭിച്ചതെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു.
മികച്ച അധ്യാപകനുള്ള അവാര്‍ഡ് ലഭിച്ച വ്യക്തിയുടെ ഇരുനില വീടാണ് ഒറ്റ ദിവസം കൊണ്ട് മദ്യശാലയായി മാറിയത്. ഇതിന് സമീപത്ത്, മീറ്ററുകള്‍ അകലെയുള്ള ക്രിസ്തുരാജ സ്‌കൂള്‍, രണ്ട് ആദിവാസി കോളനികള്‍, ക്രിസ്തീയ ദേവാലയം എന്നിവ സ്ഥിതിചെയ്യുന്നത്. ഇടുങ്ങിയ റോഡായതിനാല്‍ വാഹനങ്ങള്‍ വര്‍ധിക്കുന്നതോടെ പ്രദേശത്ത് കാല്‍ നടയാത്രക്കാരും ദുരുതത്തിലാവും.
കൂടാതെ കോഴിക്കോട്ടേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യബസുകളുടെ റൂട്ട് ഇതാണ്. കല്‍പ്പറ്റ ഗവ. കോളജിലെ വിദ്യാര്‍ഥികളും ഈറോഡിനെയാണ് ആശ്രയിക്കുന്നത്. മദ്യശാല പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ വാഹനാപകടങ്ങള്‍ക്കും കാരണമാകും.
സുപ്രീം കോടതി വിധി പ്രകാരം ദേശീയ പാതയോരത്ത് മദ്യശാല പ്രവര്‍ത്തിക്കാവുന്ന അവസാന തിയതിയാണ് ഇന്ന്. ഇതിനിടയിലാണ് ബീവറേജസ് കോര്‍പ്പറേഷന്‍ അധികാരികള്‍ അതീവ രഹസ്യമായി മദ്യശാല മാറ്റിയത്. മദ്യശാലക്കെതിരേ പന്തല്‍കെട്ടി സമരം ആരംഭിക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു.
നിലവില്‍ ജില്ലയില്‍ പുഴമുടിയിലേതുള്‍പ്പടെ അഞ്ച് മദ്യശാലകളാണ് പ്രവര്‍ത്തിക്കുന്നത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഒരു വര്‍ഷം മുമ്പ് കല്‍പ്പറ്റയിലെ മദ്യശാല അടച്ചുപൂട്ടിയിരുന്നു. അതിനാല്‍ തന്നെ പുഴമുടിയില്‍ മദ്യശാല ആരംഭിക്കുന്നതോടെ മികച്ച വില്‍പ്പനയാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."