സ്വര്‍ഗഭൂമിയിലൊരു നോമ്പുകാലം
ഡല്‍ഹിയിലെ കൊടുംചൂടില്‍ നിന്നൊരാശ്വാസം. മുന്‍പ് പഠിപ്പിച്ചിരുന്ന യാസീന്‍ സ്‌കൂളിലെ കുട്ടികളെ വീണ്ടും കാണാം, ക്ലാസെടുക്കാം. എല്ലാത്തിനുമപ്പുറം കശ്മിരിലെ നോമ്പുകാലം അനുഭവിക്കുകയുമാകാം. ഇത്തവണ കശ്മിരിലേക്കുള്ള യാത്രയ്ക്ക് ആവശ്യത്തിലധികം കാരണങ്ങളുണ്ടായിരുന്നു. ചെങ്കോട്ടയ്ക്കു സമീപത്തുള്ള കബൂത്തര്‍ മാര്‍ക്കറ്റില്‍നിന്ന് ജമ്മുവിലേക്കുള്ള ബസ് കയറാനുള്ള യാത്രയ്ക്കിടയില്‍ ഡല്‍ഹി ജുമാ മസ്ജിദില്‍ മഗ്‌രിബ് നിസ്‌കരിക്കാന്‍ കയറി. മിഹ്‌റാബിന്റെ തൊട്ടടുത്തുള്ള ശാഹി ഇമാമിന്റെ വസതിക്കു മുന്‍പില്‍ ജനങ്ങള്‍ ക്ഷമയോടെ, നോമ്പിന്റെ പ്രഖ്യാപനം വരുന്നതും കാത്തിരിക്കുന്നു. എന്റെ മഗ്‌രിബ് നിസ്‌കാരം കഴിഞ്ഞയുടന്‍ തന്നെ പ്രഖ്യാപനം വന്നു, മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ നാളെ നോമ്പില്ല.
പ്രഖ്യാപനം വന്നതോടെ തറാവീഹിനായി അണിഞ്ഞൊരുങ്ങി വന്ന പൈജാമധാരികളായ ദില്ലിവാലകള്‍ക്കൊപ്പം ഞാനും മസ്ജിദിന്റെ ഒന്നാം ഗൈറ്റിലൂടെ പുറത്തേക്കിറങ്ങി. എങ്ങും കടകള്‍ ദീപാലങ്കൃതം, റോഡിനിരുവശവും പൊടിപൊടിക്കുന്ന കാരക്കക്കച്ചവടക്കാര്‍ക്കും, ട്രാഫിക് ജാമുകള്‍ക്കുമിടയിലൂടെ ഒരു വിധം ബസിലെത്തി. യാത്ര തുടങ്ങിയതേയുള്ളൂ, യാസീന്‍ സ്‌കൂളുകളുടെ രജൗരി ജില്ലാ കോഡിനേറ്റര്‍ ഫസല്‍ സാറിന്റെ വിളി വന്നു, ഇവിടെ നാളെ നോമ്പാണ് അത്താഴം കരുതാന്‍ മറക്കേണ്ട. ഉടന്‍ തന്നെ ഡല്‍ഹിയിലും മാസം കണ്ടു നോമ്പായിട്ടുണ്ടെന്ന വിവരം ഡല്‍ഹി സര്‍വകലാശാലാ വിദ്യാര്‍ഥി അല്‍താഫ് വിളിച്ചറിയിച്ചു. പഞ്ചാബിലെങ്ങോ ഒരു വഴിയോര ഹോട്ടലിലായിരുന്നു ഈ വര്‍ഷത്തെ ആദ്യ അത്താഴം, സാന്‍വിച്ചും ചായയും.
ജമ്മുവിലാണ് ബസിറങ്ങേണ്ടത്. മുസ്‌ലിംകള്‍ ഭൂരിപക്ഷമല്ലാത്ത പ്രദേശമായതു കൊണ്ട് റമദാന്‍ വന്നതിന്റെ ഒരുതരത്തിലുമുള്ള ഭാവമാറ്റങ്ങളൊന്നും ജമ്മുവില്‍ കാണാന്‍ കഴിഞ്ഞില്ല. രജൗരിയിലെ സ്‌കൂളിനു സമീപമുള്ള ഈദ് ഗാഹ് മസ്ജിദില്‍ കൂട്ട ഇഫ്താറുകളുണ്ടാവും. ഹംദര്‍ദ് ധാരയില്‍ വികസിപ്പിച്ചെടുത്ത, റൂഹ് അഫ്‌സ പാനിയാണ് കശ്മിരികളുടെ മുഖ്യ ഇഫ്താര്‍ പാനീയം. ബോട്ടിലില്‍ ശീതളപാനീയങ്ങള്‍ വാങ്ങുക എന്നതിനപ്പുറം നമ്മുടെ നാട്ടില്‍ കാണുന്ന പോലെയുള്ള ജ്യൂസ് സിസ്റ്റം ഇവിടെ തീരെയില്ല എന്നു തന്നെ പറയാം. നമ്മുടെ ചക്കരച്ചോറിനു സമാനമായിട്ടുള്ള മീട്ട ചാവല്‍, ആടും കോഴിയും ചേര്‍ത്തുണ്ടാക്കിയ ബിരിയാണി, പഴം, ഈത്തപ്പഴം എന്നിവയാണ് കശ്മിരി മസ്ജിദ് ഇഫ്താറുകളിലെ പ്രധാന വിഭവം.
മുസ്‌ലിംകള്‍ ബഹുഭൂരിപക്ഷമുള്ള കശ്മിരാണ് അടുത്ത ലക്ഷ്യം. അങ്ങോട്ടുള്ള യാത്രാമധ്യേ, മലൂറയിലെ യെസ് സ്‌കൂള്‍ അധ്യാപകനായ ഹാഷിമിന്റെ വിളി വന്നു, 'ഇന്നു വരേണ്ട , സ്‌ട്രൈക്കാണ് '. തൊട്ടുമുന്‍പു നടത്തിയ സാഹസികയാത്രയും വിവരിച്ചാണ് ഹാഷിം സാര്‍ ഫോണ്‍ വച്ചത്. അന്ന് തെന്നാമണ്ടി സ്‌കൂളില്‍ തങ്ങി പിറ്റേന്നു യാത്ര തുടര്‍ന്നു. സാധാരണ ടൂറിസ്റ്റുകള്‍ യാത്ര ചെയ്യാത്ത, ചെങ്കുത്തായ മലകള്‍ വെട്ടിത്തുരന്നുണ്ടാക്കിയ മുഗള്‍ റോഡിലൂടെയാണു യാത്ര. മുഗള്‍ റോഡിന്റെ എറ്റവും ഉച്ചിയിലാണ് പീര്‍ക്കി ഗലിയുള്ളത്. മഞ്ഞുകാലത്ത് ടൂറിസ്റ്റുകള്‍ ഒഴുകിയെത്തുന്ന സ്ഥലം. മഞ്ഞു വീണ് റോഡില്‍ കുന്നുകൂടി കിടക്കുന്നതുകൊണ്ട് വിന്ററില്‍ മാസങ്ങളോളം ഈ റോഡ് അടച്ചിടും.
പീര്‍ക്കി ഗലി വഴി, ഇടതൂര്‍ന്ന പൈന്‍ മരങ്ങള്‍ക്കിടയിലൂടെ, തളിര്‍ത്തുനില്‍ക്കുന്ന ആപ്പിള്‍ തോട്ടങ്ങള്‍ക്കിടയിലൂടെ, പ്രസിദ്ധവും ഭീകരവേട്ടകള്‍ക്കു 'കുപ്രസിദ്ധവു'മായ ഷോപിയാന്‍ കടന്നു വേണം ശ്രീനഗറിലെത്താന്‍. കൊടും തണുപ്പു മാറി നേരിയ ചൂടുള്ള കാലാവസ്ഥയിലാണു നഗരം. എങ്ങും പഴക്കടകളും ഈത്തപ്പഴക്കടകളും നിറഞ്ഞുനില്‍ക്കുന്നു. കേരളത്തെപ്പോലെ എണ്ണക്കടികളുടെ വൈവിധ്യം ഇവിടെ തീരെയില്ല. പഴങ്ങളും പാലും തൈരും കമ്പപ്പൊടികൊണ്ടുണ്ടാക്കിയ റൊട്ടിയും ആടുമൊക്കെയാണ് കശ്മിരികളുടെ പ്രധാനപ്പെട്ട ഇഫ്താര്‍-അത്താഴ വിഭവങ്ങള്‍. കശ്മിരിലെ പ്രധാന ടൂറിസ്റ്റുകേന്ദ്രങ്ങളായ മുഗള്‍ ഗാര്‍ഡന്‍, ഗുല്‍മര്‍ഗ്, ദാല്‍ തടാകം എന്നിവിടങ്ങളിലൊക്കെ റമദാനായതോടെ സഞ്ചാരികള്‍ വളരെ കുറവാണ്. എന്നാല്‍, പ്രധാന സൂഫി തീര്‍ഥാടനകേന്ദ്രങ്ങളായ മഖ്ദൂം സാഹിബ്(16-ാം നൂറ്റാണ്ടില്‍ കശ്മിരില്‍ ജീവിച്ച സൂഫി ഗുരുവായ ഹംസ മഖ്ദൂം കശ്മിരി), പയാമുദ്ദീന്‍ ബാബ ഋഷീ(16-ാം നൂറ്റാണ്ടില്‍ തന്നെ കശ്മിരില്‍ ജീവിച്ച മറ്റൊരു സൂഫി ഗുരു ബാബ പയാമുദ്ദീന്‍ ഋഷി) എന്നിവരുടെ ദര്‍ഗകളിലൊക്കെ ജനങ്ങള്‍ നിറഞ്ഞുകവിയുകയും ചെയ്യുന്നു.
+പ്രവാചകന്റെ തിരുകേശം സൂക്ഷിച്ചിട്ടുള്ള, ദാല്‍ തടാകത്തിനു സമാന്തരമായി ഉയര്‍ന്നുനില്‍ക്കുന്ന പ്രസിദ്ധമായ ഹസ്‌റത്ത് ബാല്‍ മസ്ജിദില്‍ നോമ്പു തുറക്കണം എന്ന അതിയായ ആഗ്രഹത്തോടെയാണു രണ്ടാം ദിനം അങ്ങോട്ട് ബസ് കയറിയത്. വൈകുന്നേരം വളരെ നേരത്തെ എത്തിയതിനാല്‍ ദാല്‍ തടാകത്തില്‍ ശിക്കാര്‍ബോട്ടില്‍ കറങ്ങാനിറങ്ങി. തടാകത്തിന്റെ സൗന്ദര്യം ചുറ്റിക്കറങ്ങി ആസ്വദിച്ച് മഗ്‌രിബ് വാങ്കിന് ഒരു മണിക്കൂര്‍ മുന്‍പ് മസ്ജിദ് പരിസരത്തെത്തി. അന്നവിടെ സുബ്ഹി വാങ്ക് 3.40നും മഗ്‌രിബ് വാങ്ക് 7.45നുമാണു കൊടുത്തത്. വളരെ ദൈര്‍ഘ്യമേറിയ നോമ്പ്.
ഹസ്‌റത്ത് ബാല്‍ മസ്ജിദിനു തൊട്ടടുത്തുള്ള കശ്മിരി സര്‍വകലാശാലയില്‍നിന്നുള്ള വിദ്യാര്‍ഥിനികള്‍ നോമ്പുതുറയ്ക്ക് ആവശ്യമായ പഴങ്ങളും പാനീയങ്ങളും വാങ്ങി സര്‍വകലാശാലയുടെ പ്രധാന കവാടമായ റൂമി ഗൈറ്റിലൂടെ ധൃതിയില്‍ നടന്നുനീങ്ങുന്നു. പുരുഷന്മാരെല്ലാം തൊപ്പിയണിഞ്ഞ് മസ്ജിദിലേക്കും നടക്കുന്നു. ദൃശ്യമനോഹാരിതയും ഭക്തിഗാംഭീര്യവും തുളുമ്പിനില്‍ക്കുന്ന ഹസ്‌റത്ത് ബാല്‍ മസ്ജിദിനകത്ത് എല്ലാവരും സ്വഫായി അണിനിരന്നിരുന്നു അപ്പോഴേക്കും. നോമ്പു തുറയ്ക്കു മുന്‍പ് പ്രത്യേക സ്വലാത്തും പ്രാര്‍ഥനയും കശ്മിരികള്‍ക്കു പതിവാണ്. അകത്തെ പള്ളി വളരെ ശാന്തമാണ്. നോമ്പു തുറക്കാന്‍ പാലില്‍ കസ്‌കസും കൊപ്രയും ചേര്‍ത്ത ഒരുതരം മധുരപാനീയവും കാരക്കയും പള്ളിയുടെ ചെലവില്‍ നല്‍കും. ഈ വെള്ളം എത്ര വേണമെങ്കിലും ലഭിക്കും. അതിനായി പള്ളിയില്‍ വരുന്നവര്‍ കാലി ബോട്ടിലുകളും മറ്റും കൊണ്ടുവരും. അതോടൊപ്പം തുറക്കാന്‍ വരുന്നവര്‍ പഴങ്ങളും മറ്റും വീട്ടില്‍നിന്നു കൊണ്ടുവന്നിട്ടുണ്ടാകും. അതവിടെ വീതിച്ചുനല്‍കും. ചെറിയ കുട്ടികള്‍ കിട്ടുന്നതെല്ലാം ശേഖരിച്ചു പള്ളിക്കു പുറത്ത് ഒരു ചെറിയ വട്ടമുണ്ടാക്കി വാങ്കുവിളി കാത്തുനില്‍ക്കുന്നത് മനോഹരമായ കാഴ്ചയാണ്.
അകത്തെ പള്ളിയിലെങ്ങും അതിമനോഹരവും ഭക്തിനിര്‍ഭരവുമായ നിശബ്ദത. ഇംഗ്ലീഷില്‍ പിന്‍ ഡ്രോപ് സൈലന്‍സ് എന്നു പറയുന്ന സൂചിവീണാല്‍ കേള്‍ക്കുന്നത്ര തളംകെട്ടിനില്‍ക്കുന്ന നിശബ്ദത അത്ര ഗംഭീരമായി ഞാനതുവരെ അനുഭവിച്ചിട്ടില്ല. സമയം വാങ്കിനോടടുക്കുന്നതിനനുസരിച്ച് ആളുകള്‍ വന്നുകൊണ്ടേയിരിക്കുന്നു. ഭക്തിയും ശാന്തതയും നിറഞ്ഞ അന്തരീക്ഷത്തില്‍ മുഅദ്ദിന്‍ 'ഇഫ്താര്‍' എന്നു മൂന്നുതവണ മൈക്കിലൂടെ വിളിച്ചുപറഞ്ഞു. എല്ലാവരും നോമ്പു തുറന്നു. നോമ്പ് തുറന്നയുടനെ എല്ലാവരും കൈകളുയര്‍ത്തി പ്രാര്‍ഥിച്ചു. നമ്മുടെ നാട്ടിലൊന്നും കണ്ടും കേട്ടും പരിചയമില്ലാത്ത ശൈലി. പിന്നീടാണു വാങ്കുവിളിച്ചത്. തുടര്‍ന്ന് നിസ്‌കാരത്തിനുള്ള ഒരുക്കമായി. അപ്പോഴേക്കും അകംപള്ളി നിറഞ്ഞുകവിഞ്ഞിരുന്നു.
നിസ്‌കാരം കഴിഞ്ഞയുടന്‍ പള്ളിയില്‍നിന്നു പുറത്തേക്കിറങ്ങി. പുറത്ത് നമ്മുടെ ഇറച്ചിച്ചോറുപോലെയുള്ള ഒരുതരം ഭക്ഷണവിഭവമുണ്ടാക്കി ചിലര്‍ കുടുംബസമേതം വന്നു വിതരണം ചെയ്യുന്നുണ്ട്. ഏകദേശം 20 കിലോമീറ്റര്‍ ദൂരത്തുള്ള യാസീന്‍ സ്‌കൂളിലാണ് അന്നത്തെ അന്തിയുറക്കം. അവിടേക്കുള്ള വാഹനം തിരഞ്ഞ് റോഡിലിറങ്ങി നോക്കുമ്പോള്‍ എങ്ങും വിജനമായിരുന്നു. വണ്ടി കിട്ടില്ലെന്ന യെസ് മിഷന്‍ ശ്രീനഗര്‍ കോഡിനേറ്റര്‍ ശറഫുദ്ദീന്‍ സാറിന്റെ വാക്കിനു ചെവി കൊടുക്കാതെയും അവരുടെ ഭാര്യ പാകം ചെയ്ത നല്ല കേരള ഭക്ഷണം ഉപേക്ഷിച്ചും ഹസ്‌റത്ത്ബാലില്‍ വന്നത് അമളിയായെന്നു ശങ്കിച്ചുനില്‍ക്കുമ്പോഴാണ് പര്‍വേസ് അക്തര്‍ എന്ന കശ്മിരിയെ കണ്ടുമുട്ടുന്നത്. എന്റെ അപരിചിതത്വവും മുഖത്തെ വിഭ്രാന്തിയും മനസിലാക്കിയിട്ടാവാം കണ്ടമാത്രയില്‍ അയാള്‍ ചോദിച്ചു: 'ആപ് കഹാം രഹ്‌ന വാലാ ഹെ?' ഞാന്‍ കേരളക്കാരനാണെന്നറിഞ്ഞതോടെ തോളില്‍ കൈയിട്ട് അയാള്‍ വീട്ടിലേക്കു ക്ഷണിച്ചു. ഒഴിവുകഴിവുകള്‍ പറഞ്ഞപ്പോള്‍ ദൂരെ കാണുന്ന തന്റെ വീട്ടിലേക്കു ചൂണ്ടി വാഹനം കിട്ടിയില്ലെങ്കില്‍ എന്തായാലും വീട്ടിലേക്കു വരണമെന്നു പറഞ്ഞു. എത്ര മനോഹരമായ ആതിഥ്യമര്യാദ!
അല്‍പം കഴിഞ്ഞപ്പോള്‍ ലാല്‍ചൗക്കിലേക്കു പോകുന്ന ഒരു ഓട്ടോ കിട്ടി. അങ്ങനെ ലാല്‍ചൗക്കില്‍ വണ്ടിയിറങ്ങി. അവിടെനിന്നു കൈ കാണിച്ചപ്പോള്‍ ഒരു ഇന്നോവ കാര്‍ മുന്നില്‍ വന്നുനിര്‍ത്തി. ഗുല്‍മര്‍ഗിലെ ഹോട്ടലില്‍ ടൂറിസ്റ്റുകളെ വിട്ട് വീട്ടിലേക്കു തിരിച്ചുപോകുകയാണ് ഡ്രൈവര്‍ ജാവേദ് ഭായ്. ബട്ടുമാല്‍ വരെ എത്തിച്ചുതരാമെന്ന ഉറപ്പില്‍ അദ്ദേഹം എന്നെ കൂടെക്കൂട്ടി. പരസ്പരം പരിചയപ്പെട്ട ശേഷം പുറംകാഴ്ചകളിലേക്കു കണ്ണുതുറന്നിരിക്കുകയായിരുന്നു ഞാന്‍. അടച്ചിട്ട ഷട്ടറുകളിലും പഴയ കെട്ടിടങ്ങളുടെ ചുമരുകളിലും എഴുതിയ അക്ഷരങ്ങളില്‍ എന്റെ കണ്ണുടക്കി. 'ബുര്‍ഹാന്‍ അവര്‍ ഹീറോ, ഇന്ത്യ ഗോ ബാക്ക് ' തുടങ്ങിയ മുദ്രാവാക്യങ്ങളായിരുന്നു അവയില്‍ എഴുതിവച്ചിരുന്നത്. എന്റെ നോട്ടം കണ്ട ജാവേദ് ഭായ് 'യെഹ് സബ് സമീന്‍ ക ലഡായി ഹെ' എന്ന് അരിശം പൂണ്ടു.
കാര്‍ ബട്ടുമാലില്‍ എത്തിയതോടെ ഞാന്‍ പൈസ എടുത്തുനീട്ടി. അദ്ദേഹം പക്ഷെ അതു വാങ്ങിയില്ലെന്നു മാത്രമല്ല, കാറില്‍നിന്നിറങ്ങി റോഡിലൂടെ ചീറിപ്പോകുന്ന ഓരോ വാഹനങ്ങള്‍ക്കും കൈകാട്ടി. അസമയത്ത് തനിക്കു മുന്‍പില്‍ വന്നുവീണ 'മെഹ്മാനെ'(അതിഥി) ലക്ഷ്യസ്ഥാനത്തെത്തിക്കാനാണ് ഈ പെടാപാട്. ഇത്ര നിഷ്‌കളങ്കരും സ്‌നേഹസമ്പന്നരുമായ കശ്മിരികള്‍ സമാധാനപൂര്‍ണമായ ഒരു ജീവിതം അര്‍ഹിക്കുന്നില്ലേ? വഴിയിലുടനീളം മസ്ജിദുകളില്‍നിന്ന് ഉയര്‍ന്നുകേട്ട പ്രാര്‍ഥനകള്‍ക്കൊരു ഉത്തരമുണ്ടാകില്ലേ? നേരത്തെ ഹസ്‌റത്ത്ബാലില്‍ നിന്നനുഭവിച്ച ശാന്തത കശ്മിര്‍ താഴ്‌വരയിലാകമാനം അനുഭവവേദ്യമാകുന്ന ഒരുകാലത്തിനായി ഈ നോമ്പുകാലത്ത് നമുക്കും പ്രാര്‍ഥനകളാകാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."