ബി.ജെ.പിയെ അകറ്റേണ്ടത് അനിവാര്യം
? കര്‍ണാടക തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ രാഷ്ട്രീയ വിലയിരുത്തല്‍
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 104 സീറ്റുകള്‍ നേടി ഏറ്റവും വലിയ കക്ഷിയായി. കോണ്‍ഗ്രസ്-ജെ.ഡി.യു സഖ്യം 117 സീറ്റുകള്‍ നേടി. എന്നാല്‍, ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പി അവകാശവാദമുന്നയിച്ചതും അതിന് ഗവര്‍ണര്‍ അനുമതി നല്‍കിയതും തെറ്റായ തീരുമാനമാണ്. ഗോവ, മണിപ്പൂര്‍, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ കക്ഷിയായിട്ടും അവര്‍ക്ക് കര്‍ണാടകയില്‍ ബി.ജെ.പിക്ക് നല്‍കിയതുപോലെ സൗകര്യവും സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍മാര്‍ അനുവാദവും നല്‍കിയില്ല. ബി.ജെ.പിയോട് ഒരു നയവും മറ്റ് രാഷ്ട്രീയപ്പാര്‍ട്ടികളോട് മറ്റൊരു നയവും പ്രകടമാക്കിയെന്നതാണ് കര്‍ണാടകയിലുണ്ടായത്. ഇത് രാജ്യവ്യാപകമായ പ്രതിഷേധത്തിനാണ് ഇടയാക്കിയത്. ഇത് പ്രതിപക്ഷത്തെ ഏകോപിപ്പിക്കാന്‍ സാഹചര്യമൊരുക്കി.
? പ്രതിപക്ഷ മുന്നേറ്റത്തില്‍ കോണ്‍ഗ്രസിന്റെ പങ്ക്
പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ കോണ്‍ഗ്രസിന് മുഖ്യമായ പങ്കുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പ്രതിപക്ഷത്തെ ഏകോപിപ്പിക്കാനുള്ള മുഖ്യചുമതലയും അവര്‍ക്കാണ്. ഇതുമായി ബന്ധപ്പെട്ട് യു.പി.എ അധ്യക്ഷ സോണിയാഗാന്ധി പ്രതിപക്ഷ പാര്‍ട്ടികളെ വിളിച്ചുചേര്‍ത്ത് മൂന്നുതവണയാണ് ചര്‍ച്ച നടത്തിയത്. രാജ്യത്ത് ബി.ജെ.പി പ്രഖ്യാപിച്ച അപ്രഖ്യാപിത അടിയന്തരാവസ്ഥക്കെതിരേ പ്രതിപക്ഷത്തിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധമാണ് ഉയരേണ്ടത്. ജാതിയുടേയും മതത്തിന്റേയും പേരില്‍ സമൂഹത്തെ വിഭജിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ജാതീയതയുടേയും മതത്തിന്റേയും പ്രദേശത്തിന്റേയും പേരില്‍ ബി.ജെ.പി നടത്തുന്ന വിഭാഗീയതക്കെതിരേ പുതിയൊരു സംസ്‌കാരം രാജ്യത്ത് രൂപപ്പെടുത്തിയെടുക്കുകയെന്ന വലിയൊരു ദൗത്യം കോണ്‍ഗ്രസിന്റെയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടേയും ഉത്തരവാദിത്തമാണ്. അഖിലേന്ത്യാ പാര്‍ട്ടി എന്ന നിലയില്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന് മുഖ്യപങ്കുണ്ടെന്നതാണ് യാഥാര്‍ഥ്യം.
? കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ പ്രധാനമന്ത്രിയാകുമെന്ന രാഹുലിന്റെ പരാമര്‍ശം
ഇത്തരമൊരു ചോദ്യത്തിന് ഉത്തരവാദിത്തമുള്ള രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ രാഹുല്‍ ഗാന്ധി മറുപടി പറയാന്‍ അര്‍ഹനാണ്. എല്ലാ രാഷ്ട്രീയ നേതൃത്വങ്ങളെയും യോജിപ്പിച്ചു നിര്‍ത്താന്‍ അദ്ദേഹം ശ്രമിക്കുമ്പോള്‍ ഇത്തരമൊരു പരാമര്‍ശം നടത്തുന്നതിനെ വിമര്‍ശിക്കേണ്ടതില്ല. ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് ഇറക്കിയാല്‍ ആരെയായിരിക്കും പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാണിക്കുകയെന്നതാണ് എല്ലാവരും ചോദിക്കുന്നത്. പലപ്പോഴും ഇത്തരത്തിലൊരു ഉയര്‍ത്തിക്കാണിക്കല്‍ ഉണ്ടായിരുന്നില്ലെന്നതും ഓര്‍ക്കേണ്ടതാണ്. അടിയന്തരാവസ്ഥക്കു ശേഷം ആരും ഉയര്‍ത്തിക്കാണിക്കാതിരുന്ന മൊറാര്‍ജി ദേശീയ പ്രധാനമന്ത്രിയായി. 1989ല്‍ നിനച്ചിരിക്കാതെയാണ് വി.പി സിങ് പ്രധാനമന്ത്രിയായത്. ദേവീലാല്‍ പ്രധാനമന്ത്രിയാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കിലും അദ്ദേഹം തന്നെയാണ് വി.പി സിങിനെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചത്. എച്ച്.ഡി ദേവഗൗഡ പ്രധാനമന്ത്രിയായതും മുന്‍കൂട്ടി പ്രഖ്യാപിക്കാതെയായിരുന്നു. എന്നാല്‍, ആരേയും ഉയര്‍ത്തിക്കാണിക്കാനില്ലാതെ പ്രതിപക്ഷം ബുദ്ധിമുട്ടുന്നുവെന്ന് വരുത്തിത്തീര്‍ക്കാനാണ് ബി.ജെ.പിയുടെ ശ്രമം. ഈ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി അക്കാര്യത്തില്‍ സന്ദേഹം വേണ്ടതില്ലെന്ന് പ്രഖ്യാപിച്ച്, അധികാരത്തില്‍ വന്നാല്‍ താന്‍ പ്രധാനമന്ത്രിയാകുമെന്ന് വ്യക്തമാക്കിയത്. ആര് പ്രധാനമന്ത്രിയാകണമെന്നതല്ല ഇപ്പോഴത്തെ പ്രശ്‌നം. മറിച്ച് ഭരണഘടനയെ സംരക്ഷിക്കുകയെന്നതാണ് കരണീയമായ വസ്തുത. താജ്മഹല്‍, ടിപ്പു, ജിന്ന, പശു തുടങ്ങിയ വിഷയങ്ങളില്‍ ബി.ജെ.പി രാജ്യത്തോട് നടത്തുന്ന യുദ്ധം ഭരണഘടനാ വിരുദ്ധമാണ്. ഇതിനെ ചെറുത്തു തോല്‍പ്പിക്കുകയും ഭരണഘടനയെ സംരക്ഷിക്കുകയും ചെയ്യുകയെന്നതാണ് പ്രതിപക്ഷത്തിന്റെ മുന്‍പിലുള്ള അടിയന്തര കാര്യം.
? ബി.ജെ.പിക്ക് ഉയര്‍ത്തിക്കാണിക്കാന്‍ മോദിയുണ്ട്. പ്രതിപക്ഷത്തിന് മുഖം നഷ്ടമായോ
മോദി അധികാരത്തിലേറുന്ന 2014ലെ തെരഞ്ഞെടുപ്പ് പൊതുവെ പ്രസിഡന്റ് തെരഞ്ഞെടുപ്പുപോലെയായിരുന്നു. ബി.ജെ.പിയുടെ മുഖമായി നരേന്ദ്ര മോദിയെ ഉയര്‍ത്തിക്കാണിച്ചപ്പോള്‍ പ്രതിപക്ഷത്തിന് പ്രത്യേകിച്ചും കോണ്‍ഗ്രസിന് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാണിക്കാന്‍ ഒരാളുണ്ടായിരുന്നില്ല. ബി.ജെ.പി വിരുദ്ധ പാര്‍ട്ടികളില്‍ പലതും പ്രാദേശിക പാര്‍ട്ടികളായിരുന്നതുകൊണ്ട് അവര്‍ക്ക് അതിന്റേതായ പരിമിതികളും ഉണ്ടായിരുന്നു. ജവഹര്‍ ലാല്‍ നെഹ്‌റു, ഇന്ദിരാ ഗാന്ധി, രാജിവ് ഗാന്ധി തുടങ്ങിയവരെപോലുള്ള സ്വീകാര്യമായ ഒരു മുഖം കോണ്‍ഗ്രസിന് ഉയര്‍ത്തിക്കാണിക്കാനുണ്ടായിരുന്നില്ല. അത് പ്രതിപക്ഷത്തിന്റെ വലിയ വീഴ്ച തന്നെയാണ്. അതേസമയം പ്രസിഡന്റ് തെരഞ്ഞെടുപ്പുപോലെയുള്ള ഒരു തെരഞ്ഞെടുപ്പിനെ ജനങ്ങള്‍ ഇഷ്ടപ്പെടുന്നില്ലെന്ന കാര്യം തിരിച്ചറിയേണ്ടതുണ്ട്.
? മോദിക്കെതിരേനായകനില്ലാതെ 2019ലെ തെരഞ്ഞെടുപ്പിനെ എങ്ങനെ നേരിടും
1977, 1989, 1996 വര്‍ഷങ്ങളിലും ആരേയും ഉയര്‍ത്തിക്കാണിക്കാതെയായിരുന്നു പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടന്നിരുന്നത്. പ്രധാനമന്ത്രി പദത്തിലേക്ക് ഒരു മുഖത്തെ ഉയര്‍ത്തിക്കാണിക്കണം എന്ന് എന്താണ് നിര്‍ബന്ധം. ഒരു പൊതുമിനിമം പരിപാടിയാണ് ആദ്യം ഉയര്‍ത്തിക്കാണിക്കേണ്ടത്. ആ പദ്ധതിക്ക് ഒരു നായകന്‍ വേണം. ചിലതത്വസംഹിതയുടെ അടിസ്ഥാനത്തിലുള്ള നേതാവായിരിക്കണം അദ്ദേഹം. ഭരണഘടനയെ അംഗീകരിക്കുന്ന, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വങ്ങളില്‍ ഉറച്ചുവിശ്വസിക്കുന്ന ആളുമായിരിക്കണം. തെരഞ്ഞെടുപ്പിന് മൂന്നോ നാലോ മണിക്കൂര്‍ മുന്‍പ് മാത്രം മതി ഒരു നായകനെ കണ്ടെത്താന്‍. നായകനില്ലെന്ന് രാജ്യം ഒരിക്കല്‍പോലും ആശങ്കപ്പെടില്ല.
? സ്ഥിരതയുള്ള സര്‍ക്കാരിന് രൂപം നല്‍കാന്‍ കഴിയുമെന്ന് പ്രതിപക്ഷത്തിന് ഉറപ്പുണ്ടോ
നമ്മുടെ മുന്‍കാല അനുഭവം ഇക്കാര്യത്തില്‍ പാഠമാകുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ പാഠത്തില്‍ നിന്നുള്ള അനുഭവം കൈമുതലാക്കി അഞ്ചുവര്‍ഷം രാജ്യം ഭരിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്ന കാര്യത്തില്‍ ഒരുതരത്തിലുള്ള തര്‍ക്കവും ആവശ്യമില്ല.
? അടുത്ത തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വിശാലമായ കാഴ്ചപ്പാടുണ്ടാവുമോ
എല്ലാമടങ്ങുന്നവരെ ഉള്‍പ്പെടുത്തുമെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍, പ്രതിപക്ഷത്തിന് ഇക്കാര്യത്തില്‍ ഒരു ആശങ്കയുമില്ല. ജനതാദള്‍ എന്ന പാര്‍ട്ടി കര്‍ഷകരും ഗ്രാമീണരും ഉള്‍പ്പെടുന്ന പാര്‍ട്ടിയാണ്. ചൗധരി ചരണ്‍ സിങ്, ഛിമന്‍ഭായ് പട്ടേല്‍, അജിത് സിങ്, രാം വിലാസ് പാസ്വാന്‍, നിതീഷ് കുമാര്‍, നവീന്‍ പട്‌നായിക്, എച്ച്.ഡി ദേവഗൗഡ തുടങ്ങിയ നേതാക്കളെല്ലാമുണ്ടായിരുന്ന പാര്‍ട്ടിയായിരുന്നു ജനതാദള്‍. പലപ്പോഴായി ഇവരെല്ലാം പാര്‍ട്ടി വിട്ടു. ഇത് രാജ്യത്തെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന പാര്‍ട്ടിയെ ശിഥിലമാക്കി. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട യു.പി.എ ആകട്ടെ ഭരണത്തില്‍ വന്‍ അഴിമതി ആരോപണം നേരിട്ടു.
എന്നാല്‍, ഇതിനോട് യുക്തമായ രീതിയില്‍ പ്രതികരിക്കാന്‍ കോണ്‍ഗ്രസ് തയാറായില്ല. ഇതോടെ ഭരണത്തിലുള്ള പിടി അവര്‍ക്ക് അയഞ്ഞു. ഇത് 2014ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നില്‍ വലിയ ശൂന്യതയാണ് ഉണ്ടാക്കിയത്. ഈ ശൂന്യതയില്‍ നിന്ന് ഗുണമുണ്ടാക്കിയത് ബി.ജെ.പിയാണെന്നതാണ് വാസ്തവം.
ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയും ബി.എസ്.പിയും ഒന്നിച്ചപ്പോള്‍ ഉപതെരഞ്ഞെടുപ്പുകളില്‍ എന്താണുണ്ടായതെന്ന് എല്ലാവരും കണ്ടു. ബിഹാറില്‍ മഹാസഖ്യം ഉണ്ടാക്കിയപ്പോഴും അതിന്റെ അനന്തരഫലം വ്യക്തമായി. അത് 2019ലെ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന കാര്യത്തില്‍ ഒരുതരത്തിലുള്ള സംശയവും ഇല്ല. ഈ കൂട്ടായ്മ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറംതള്ളുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ബി.ജെ.പി വിരുദ്ധ പാര്‍ട്ടികളില്‍ നിലനിന്ന എതിര്‍പ്പുകള്‍ ഇല്ലാതായിട്ടുണ്ട്. അതുകൊണ്ടുതന്നെ ബി.ജെ.പി വിരുദ്ധ പാര്‍ട്ടികളെല്ലാം ചേര്‍ന്ന് 69 ശതമാനം വോട്ടുകളും നേടും. മുസ്‌ലിം, ക്രിസ്ത്യന്‍ തുടങ്ങിയ മതവിഭാഗക്കാരുടെ 15 ശതമാനം വോട്ടുകളും ബി.ജെ.പി വിരുദ്ധ മുന്നണിക്ക് കിട്ടുമെന്നാണ് പ്രതീക്ഷ. ഹിന്ദു മതക്കാരില്‍ മറ്റു പിന്നാക്ക വിഭാഗക്കാര്‍, ദലിതുകള്‍, ആദിവാസികള്‍ എന്നിവരടങ്ങുന്ന 54 ശതമാനം പേരുടെ വോട്ടുകളും ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. യഥാര്‍ഥത്തില്‍ 31 ശതമാനം ഹിന്ദു വോട്ടുകള്‍ മാത്രമാണ് ബി.ജെ.പിക്ക് ലഭിക്കുന്നത്. പ്രതിപക്ഷത്തിന് 23 ശതമാനത്തിലധികം ഹിന്ദുവോട്ടുകള്‍ കിട്ടുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. ഹിന്ദുക്കളെല്ലാം ബി.ജെ.പിക്കൊപ്പമാണെന്നത് വാസ്തവ വിരുദ്ധമായ വിലയിരുത്തലാണ്. ഹിന്ദുക്കളെ യോജിപ്പിക്കുമെന്ന ബി.ജെ.പിയുടെ പരാമര്‍ശം കേവലം വിടുവായത്തം മാത്രമാണ്.
? പ്രതിപക്ഷത്തിന് ഹിന്ദുക്കളെ സ്വാധീനിക്കാനാകുമോ
തീര്‍ച്ചയായും കഴിയും. കാരണം 54 ശതമാനം ഹിന്ദുക്കളും ബി.ജെ.പിക്കെതിരായി നിലപാട് സ്വീകരിക്കുന്നവരാണ്. ഇവരെ ഏകോപിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
? ഉത്തര്‍പ്രദേശിലെ ഗംഗാതടമേഖലയില്‍ നിരന്തരം സംഘര്‍ഷങ്ങളുണ്ടാകുന്നുണ്ടല്ലോ
മുസ്‌ലിംകളും ഹിന്ദുക്കളും, ജാട്ട് വര്‍ഗക്കാരും മുസ്‌ലിംകളും, ദലിതുകളും മുസ്‌ലിംകളും എന്നിങ്ങനെ സംഘര്‍ഷമുണ്ടാകുന്നുണ്ടെന്നാണ് ബി.ജെ.പിക്കാര്‍ പറയുന്നത്. ഇത് വാസ്തവ വിരുദ്ധമാണ്. തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സൃഷ്ടിക്കുന്ന വര്‍ഗീയ പരാമര്‍ശങ്ങളാണ്. വോട്ടര്‍മാരെ സ്വാധീനിക്കാനായി ഉണ്ടാക്കുന്ന കിംവദന്തിമാത്രമാണ് ഇത്. ജാതീയ സംഘര്‍ഷമുണ്ടാക്കുകയെന്നതാണ് ബി.ജെ.പിയുടെ അജണ്ട. വ്യത്യസ്ത മതങ്ങളും ജാതികളും ഉപജാതികളും വ്യത്യസ്തങ്ങളായ സംസ്‌കാരങ്ങളുമെല്ലാം ഇന്ത്യയിലുണ്ട്. ഇവരെല്ലാം ഐക്യത്തോടെയാണ് കഴിയുന്നത്.
എന്നാല്‍, വര്‍ഗീയപരാമര്‍ശങ്ങള്‍ നടത്തി വോട്ട് നേടാനുള്ള ഗൂഢനീക്കങ്ങളാണ് ബി.ജെ.പി നടത്തുന്നത്. ഇതാണ് പലയിടത്തും സംഘര്‍ഷത്തിന് വഴിവയ്ക്കുന്നത്. എന്നിട്ടും ബി.ജെ.പിക്കെതിരായ ജനവികാരം ഉണ്ടായെന്നാണ് ഇക്കഴിഞ്ഞ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളില്‍ കാണാനായത്. അജ്മീര്‍, ആള്‍വാര്‍, ഗൊരഖ്പൂര്‍, ഫുല്‍പൂര്‍, അരാരിയ തുടങ്ങിയ മണ്ഡലങ്ങളിലെല്ലാം ബി.ജെ.പി ഇതര സ്ഥാനാര്‍ഥികള്‍ക്ക് വിജയിക്കാനായത് അവരുടെ വര്‍ഗീയ ചേരിതിരിവ് തിരിച്ചറിഞ്ഞതുകൊണ്ടാണ്.
? ബിഹാറില്‍ നിതീഷുമായി വേര്‍പിരിഞ്ഞു. അടുത്ത നിലപാട്
രാജ്യത്തിനുതന്നെ വലിയ ദുരന്തമാണ് നിതീഷ് ഉണ്ടാക്കിയത്. മഹാസഖ്യത്തെ പിളര്‍ത്തി അദ്ദേഹം നടത്തിയ നീക്കം വലിയ ചതിയായിരുന്നു. ഇതിന്റെ ആപത്ത് അദ്ദേഹത്തെ ബോധ്യപ്പെടുത്തിയെങ്കിലും അത് അംഗീകരിക്കാന്‍ അദ്ദേഹം തയാറായില്ല. സംഘ് മുക്തഭാരതത്തിനായി നിലകൊള്ളുമെന്ന ഉറപ്പ് നല്‍കിയ അദ്ദേഹം പിന്നീട് നിലപാടില്‍ മാറ്റം വരുത്തി. അദ്ദേഹം ജനാധിപത്യത്തെ ക്ഷയിപ്പിക്കുകയാണ് ചെയ്തത്. ഇതിനെതിരേ ശക്തമായ കൂട്ടായ്മയായിരിക്കും 2019ലെ പൊതു തെരഞ്ഞെടുപ്പില്‍ ഉണ്ടാകുക. നിതീഷിന്റെ തീരുമാനം തെറ്റായിരുന്നുവെന്ന് അദ്ദേഹത്തിന് ഒരിക്കല്‍ ബോധ്യപ്പെടും. ചരിത്രത്തില്‍ അദ്ദേഹത്തിന്റെ സ്ഥാനം ചവറ്റുകുട്ടയിലായിരിക്കുമെന്ന കാര്യം തീര്‍ച്ചയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."