സര്‍ക്കാരിന് നാണക്കേടായി പായിപ്പാട്ടെ ഇന്റലിജന്‍സ് വീഴ്ച
കോട്ടയം: സംസ്ഥാന സര്‍ക്കാരിന് നാണക്കേടുണ്ടാക്കിയ പായിപ്പാട്ടെ ലോക്ക് ഡൗണ്‍ ലംഘന പ്രതിഷേധത്തിന് കാരണം ഉദ്യാഗസ്ഥ വീഴ്ച.
അതിഥി തൊഴിലാളികളുടെ പ്രതിഷേധം മുന്‍കൂട്ടി കാണാനാവാതെ പോയ പൊലിസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ച ആഭ്യന്തര വകുപ്പിനും നാണക്കേടായി. രഹസ്യാന്വേഷണ വിഭാഗത്തിന്റേത് ഗുരുതരമായ വീഴ്ചയെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസിന്റെയടക്കം വിലയിരുത്തല്‍. ലോക്ക് ഡൗണ്‍ മറികടന്ന് പുറത്തിറങ്ങുന്നവരെ തല്ലിയോടിക്കുന്ന പൊലിസിനും ഇത്രയും പേര്‍ വളരെ പെട്ടെന്ന് സംഘടിതരായി തെരുവിലിറങ്ങിയത് നാണക്കേടായി.
രഹസ്യാന്വേഷണ വിഭാഗത്തിന്റെ അലംഭാവമാണ് ഗുരുതരമായ സുരക്ഷാവീഴ്ചയ്ക്ക് കാരണമെന്ന വിമര്‍ശനം പൊലിസിനുള്ളില്‍ തന്നെ ഉയര്‍ന്നിട്ടുണ്ട്.
കൊവിഡ് 19 നെ നേരിടാനുള്ള നടപടികള്‍ കാര്യക്ഷമതയോടെ നടപ്പാക്കുന്നുവെന്ന് അവകാശപ്പെടുന്ന സര്‍ക്കാരിന് പായിപ്പാട്ടെ വീഴ്ച തിരിച്ചടിയായി. അതിഥി തൊഴിലാളികള്‍ സംഘടിതരായി തെരുവിലിറങ്ങുമെന്നത് മുന്‍കൂട്ടി തിരിച്ചറിയാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിഞ്ഞില്ല. മതിയായ ഭക്ഷണം ലഭിക്കുന്നില്ലെന്ന പരാതി പെരുമ്പാവൂരിലെ അതിഥി തൊഴിലാളികള്‍ ഉയര്‍ത്തിയപ്പോള്‍ തന്നെ പായിപ്പാട്ടു മുന്‍കരുതല്‍ എടുക്കാന്‍ അധികൃതര്‍ക്കായില്ല.
ഭക്ഷണം ഉള്‍പ്പടെ അതിഥി തൊഴിലാളികള്‍ക്കുള്ള സൗകര്യങ്ങള്‍ കെട്ടിട ഉടമകളുടെയും കരാറുകാരുടെയും ഉത്തരവാദിത്വത്തിലാക്കി തലയൂരാനാണ് ജില്ലാ ഭരണകൂടവും റവന്യൂ അധികൃതരും ശ്രമിച്ചത്.
ഉദ്യോഗസ്ഥരുടെ ഈ തീരുമാനത്തില്‍ ഒരു വിഭാഗം കെട്ടിട ഉടമകള്‍ക്കും കരാറുകാര്‍ക്കും ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. എതിര്‍പ്പുകള്‍ ഏതു രൂപത്തില്‍ പ്രതിഫലിക്കുമെന്നത് മുന്‍കൂട്ടി മനസിലാക്കി ഇടപെടല്‍ നടത്താന്‍ ജില്ലാ ഭരണകൂടത്തിനും കഴിയാതെ പോയി.
അതിഥി തൊഴിലാളികള്‍ക്ക് പ്രത്യേക അടുക്കളയും ഇഷ്ടഭക്ഷണവും ഒരുക്കുന്നതില്‍ റവന്യൂ, തദ്ദേശ, തൊഴില്‍ വകുപ്പുകള്‍ക്ക് വീഴ്ച പറ്റി. ഉദ്യോഗസ്ഥ തലത്തില്‍ ഉണ്ടാകുന്ന വീഴ്ചകള്‍ മുതലെടുക്കാന്‍ ശ്രമമുണ്ടാകുമെന്നത് മുന്‍കൂട്ടി കാണാന്‍ ജില്ലാ ഭരണകൂടത്തിനും കഴിഞ്ഞില്ല.
അതിഥി തൊഴിലാളികള്‍ തെരുവില്‍ ഇറങ്ങിയ ശേഷമാണ് സ്‌പെഷല്‍ ബ്രാഞ്ച് പൊലിസ് സംഭവമറിയുന്നത്. മുന്‍കൂട്ടി പ്രതിരോധം തീര്‍ക്കാനുള്ള സാഹചര്യം നല്‍കാതെയുള്ള തൊഴിലാളികളുടെ പ്രതിഷേധം ഉന്നത പൊലിസ് ഉദ്യോഗസ്ഥരെയും ഞെട്ടിച്ചു. ആഭ്യന്തര വകുപ്പിനു തന്നെ നാണക്കേടായി മാറിയ സംഭവത്തില്‍ ഗൂഡാലോചനക്കാരെ എത്രയും വേഗം കണ്ടെത്തി മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് പൊലിസ്.
സര്‍ക്കാരിന് നാണക്കേടായി മാറിയ സംഭവത്തില്‍ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പതല അന്വേഷണവും അച്ചടക്ക നടപടിയും ഉണ്ടായേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."