സന്തോഷ വാര്‍ത്ത: കോട്ടയത്ത് അസുഖം ഭേദമായത് 93,88 വയസ്സുള്ളവര്‍
കോട്ടയം: കൊവിഡ് -19 ബാധയെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികള്‍ രോഗമുക്തരായി. ഇറ്റലിയില്‍നിന്ന് വന്ന സ്വന്തം കുടുംബാംഗങ്ങളില്‍ നിന്നായിരുന്നു ഇരുവര്‍ക്കും രോഗം പകര്‍ന്നത്. പത്തനംതിട്ടയിലെ തോമസ് (93) മറിയാമ്മ (88) ദമ്പതികളാണ് കൊവിഡ് രോഗബാധയില്‍ നിന്ന് മോചിതരായത്. ലോകത്ത് തന്നെ 60 വയസിന് മുകളില്‍ കൊവിഡ് -19 ബാധിച്ചവരെ ഹൈ റിസ്‌കിലാണ് പെടുത്തിയിരിക്കുന്നത്.
പ്രായാധിക്യം മൂലമുള്ള അസുഖങ്ങള്‍ക്ക് പുറമേയാണ് കൊറോണ വൈറസ് കൂടി ഇവരെ ബാധിച്ചത്. ഒരുഘട്ടത്തില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇരുവരെയും മരണത്തിന്റെ വക്കില്‍ നിന്നാണ് കോട്ടയം മെഡിക്കല്‍ കോളജിലെ വിദഗ്ധ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്. ഇതോടെ പത്തനംതിട്ടയിലെ അഞ്ചംഗ കുടുംബം രോഗമുക്തരായി. ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ മെഡിക്കല്‍ കോളജിലെ എല്ലാ ജീവനക്കാരേയും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ അഭിനന്ദിച്ചു.
കഴിഞ്ഞ ഫെബ്രുവരി 29ന് ഇറ്റലിയില്‍ നിന്നെത്തിയ പത്തനംതിട്ടയിലെ മൂന്നംഗ കുടുംബത്തിനും അവരുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയ ഈ വൃദ്ധ ദമ്പതികള്‍ക്കുമാണ് മാര്‍ച്ച് എട്ടിന് കൊവിഡ് -19 സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഒന്‍പതിനാണ് ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.
പ്രായാധിക്യം മൂലമുള്ള അസുഖങ്ങള്‍ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ചുമയും പനിയും കൊവിഡിന്റെ ലക്ഷണങ്ങളുമുണ്ടായിരുന്ന ഇരുവരെയും പേ വാര്‍ഡില്‍ അഡ്മിറ്റ് ചെയ്തു. ആദ്യ പരിശോധനയില്‍ പ്രായാധിക്യമുള്ള അവശതകളോടൊപ്പം ഡയബെറ്റിക്‌സും ഹൈപ്പര്‍ ടെന്‍ഷനും ഉള്ളതായി മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ചികിത്സ ക്രമീകരിച്ചത്.
തോമസിന് ആദ്യ ദിവസങ്ങളില്‍ തന്നെ നെഞ്ചുവേദനയുണ്ടെന്ന് മനസിലാക്കി ഹൃദ്രോഗ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് സാധ്യത കൂടുതലാണെന്നും കണ്ടെത്തി. അതിനാല്‍ ഇവരെ മെഡിക്കല്‍ ഐ.സി.യുവില്‍ വി.ഐ.പി റൂമിലേക്ക് മാറ്റിയിരുന്നു. ദമ്പതികളെ വ്യത്യസ്ത മുറികളില്‍ പാര്‍പ്പിച്ചിരുന്നതിനാല്‍ രണ്ടുപേരും അസ്വസ്ഥരായി. ഇതേതുടര്‍ന്ന് 11 ന് രണ്ടു പേര്‍ക്കും പരസ്പരം കാണാന്‍ കഴിയുന്ന വിധം ട്രാന്‍സ്പ്ലാന്റ് ഐ.സി.യുവിലേക്ക് മാറ്റി. ഇതിനിടെ രോഗം മൂര്‍ച്ഛിച്ച തോമസിന്റെ സ്ഥിതി ഗുരുതരാവസ്ഥയിലായി. തോമസിനെ വെന്റിലറേറ്ററിലേക്കു മാറ്റി 24 മണിക്കൂറും സൂക്ഷ്മമായി നിരീക്ഷിച്ചു. അതിനിടയ്ക്ക് ഹൃദയാഘാതം ഉണ്ടാകുകയും ചെയ്തു.
വിദഗ്ധ ചികിത്സയെ തുടര്‍ന്ന് നാലു ദിവസങ്ങള്‍ക്ക് മുന്‍പ് ഓക്‌സിജന്റെ നില മെച്ചപ്പെടുകയും ശ്വാസംമുട്ടും ചുമയും കുറയുകയും ചെയ്തതിനാല്‍ വെന്റിലേറ്ററില്‍ നിന്നും മാറ്റി. ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം ഒരിക്കല്‍ക്കൂടി കൊവിഡ് പരിശോധന നടത്തി. ഫലം നെഗറ്റീവ് ആവുകയും ചെയ്തു. എത്രയും വേഗം ഇവരെ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."