ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: യുവനിരക്ക് മറുപടിയുമായി മുതിര്‍ന്ന നേതാക്കള്‍
തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പരാജയത്തില്‍ പരസ്പരം പഴിചാരി യുവനേതാക്കളും മുതിര്‍ന്ന നേതാക്കളും. ഉപതെരഞ്ഞെടുപ്പ് മുന്നറിയിപ്പാണെന്നും സംഘടനയെ ശക്തിപ്പെടുത്തണമെന്നും മുതിര്‍ന്ന നേതാക്കളെ വേദിയിലിരുത്തി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് തുറന്നടിച്ചു. എന്നാല്‍ പരാജത്തിന്റെ ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ടെന്നും അതേനാണയത്തില്‍ മുതിര്‍ന്ന നേതാക്കള്‍ മറുപടി നല്‍കി. കെ.പി.സി.സി ആസ്ഥാനത്ത് നടന്ന കെ.എസ്.യു സ്ഥാപകദിനാഘോഷ ചടങ്ങിലാണ് നേതാക്കളുടെ ആരോപണ പ്രത്യാരോപണങ്ങളുണ്ടായത്. പരസ്പരം തമ്മിലടിക്കുന്ന നേതാക്കള്‍ പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കണം. അല്ലെങ്കില്‍ പാര്‍ട്ടി ഒന്നുമല്ലാതെ പോകും. സംഘടനാ സംവിധാനത്തില്‍ അഴിച്ചുപണി വരണമെന്നും പ്രസംഗത്തിനിടയില്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. അതേസമയം, പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് ചടങ്ങില്‍ പ്രസംഗിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാല്‍ പരാജയത്തില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ട്. ഒന്നോ രണ്ടോ പേരുടെ തലയില്‍ ഉത്തരവാദിത്വം കെട്ടിവയ്ക്കാനാവില്ല. സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ ഉണ്ടായിരുന്നു. യു.ഡി.എഫ് നേതാക്കള്‍ ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിച്ചത്. കെ.എസ്.യുവിന്റെ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഒരു ഗ്രൂപ്പ് തര്‍ക്കങ്ങളും ഇല്ലായിരുന്നു. എല്ലാവരും പരമാവധി ശ്രമിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ സംവിധാനം ദുരുപയോഗപ്പെടുത്തി എല്‍.ഡി.എഫ് വിജയം നേടുകയായിരുന്നു. ഒരു തെരഞ്ഞെടുപ്പില്‍ തോറ്റതുകൊണ്ട് ഇല്ലാതാകുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസെന്നും ചെന്നിത്തല പറഞ്ഞു.
സംഘടനാപരമായ ബലഹീനതകള്‍ കണ്ടെത്തി കൂട്ടായി തിരുത്തുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. പരാജയപ്പെട്ടുവെന്ന് വിലപിക്കുന്നതില്‍ അര്‍ഥമില്ലെന്നും അദ്ദേഹം പറഞ്ഞു. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസനും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."