പൊലിസിന്റെ പഴഞ്ചന്‍ വയര്‍ലെസ് ഡിജിറ്റലാകുന്നു
തിരുവനന്തപുരം: പൊലിസുകാര്‍ക്ക് നല്‍കിയ പഴഞ്ചന്‍ വയര്‍ലെസ് മാറ്റാന്‍ നടപടികള്‍ ആരംഭിച്ചു. അത്യാധുനിക ഡിജിറ്റല്‍ വയര്‍ലസുകള്‍ ഉപയോഗിക്കാനാണ് തീരുമാനം. സാമൂഹിക വിരുദ്ധരും തീവ്രവാദ സ്വഭാവമുള്ളവരും പൊലിസിന്റെ കമ്മ്യൂണിക്കേഷന്‍ ശൃംഖലയില്‍ പ്രവേശിക്കുകയും രഹസ്യ വിവരങ്ങള്‍ ചോര്‍ത്തുകയും ചെയ്യുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പഴഞ്ചന്‍ മാനുവല്‍ വയര്‍ലെസ് ഉപകരണങ്ങള്‍ മാറ്റി ഡിജിറ്റല്‍ മൊബൈല്‍ റേഡിയോ (ഡി.എം.ആര്‍) വാങ്ങാന്‍ തീരുമാനിച്ചത്.
ഇപ്പോള്‍ ഒരു ഉദ്യോഗസ്ഥന്‍ മറ്റൊരാള്‍ക്ക് നിര്‍ദേശം നല്‍കുമ്പോള്‍ വയര്‍ലസ് സെറ്റുള്ള എല്ലാ പൊലിസ് ഉദ്യോഗസ്ഥരും ആ സന്ദേശം കേള്‍ക്കും. എന്നാല്‍ പുതിയ ഡി.എം.ആര്‍ വരുമ്പോള്‍ ആര്‍ക്കാണ് സന്ദേശം കൈമാറുന്നത് അവര്‍ക്ക് മാത്രമേ കേള്‍ക്കാന്‍ കഴിയൂ. ഏതാണ്ട് 90 കോടി രൂപ ഈ പദ്ധതിക്ക് ചെലവാകുമെന്നാണ് ആഭ്യന്തര വകുപ്പിന്റെ കണക്ക് കൂട്ടല്‍. കേന്ദ്ര സഹായത്തോടെ പൊലിസിന്റെ നവീകരണ ഫണ്ടില്‍ നിന്നായിരിക്കും ഈ പദ്ധതിക്ക് പണം ചെലവാക്കുന്നത്. പരീക്ഷണമെന്ന നിലയില്‍ തൃശൂര്‍ സിറ്റി, തൃശൂര്‍ റൂറല്‍, വയനാട്, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളില്‍ നടപ്പിലാക്കും. തുടര്‍ന്ന് സംസ്ഥാന വ്യാപകമാക്കാനും പദ്ധതിയുണ്ട്. പൊലിസ് സേനയില്‍ ഡി.എം.ആര്‍ ഉപയോഗിക്കുന്നതോടെ രാജ്യത്ത് ഇത്തരം സംവിധാനം ഉപയോഗിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും. ഡി.എം.ആറിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ വേണ്ടിയാണ് ആദ്യഘട്ടം എന്ന നിലയില്‍ മലയോര ജില്ലകളിലും സിറ്റിയിലും പദ്ധതി നടപ്പാക്കുന്നത്. മാവോവാദി സാന്നിധ്യമുള്ള ജില്ലകളിലായിരിക്കും തുടര്‍ന്ന് പദ്ധതി നടപ്പാക്കുക. ഇത് പരിശോധിക്കാനാണ് ആദ്യഘട്ടത്തില്‍ വയനാടും ഉള്‍പ്പെടുത്തിയത്. ആദ്യ ഘട്ടത്തില്‍ ഉപയോഗിക്കാന്‍ 1,500 സെറ്റുകള്‍ വാങ്ങാന്‍ അടുത്ത മാസം ടെന്‍ഡര്‍ വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."