കെ.എസ്.യു മാര്‍ച്ചിനുനേരെ ലാത്തിച്ചാര്‍ജ്
കോഴിക്കോട്: എസ്.എസ്.എല്‍.സി ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ വിശ്വാസ്യത തകര്‍ത്ത വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു ഡി.ഡി.ഇ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചിനിടെ സംഘര്‍ഷം. സമരക്കാരുടെ കല്ലേറില്‍ പോലിസുകാരനും പൊലിസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു.
മാര്‍ച്ച് കടന്നുവന്ന ഉടന്‍തന്നെ സമരക്കാരിലൊരാള്‍ പോലിസിന് നേരെ കല്ലെറിയുകയായിരുന്നു. പരുക്കേറ്റ ടൗണ്‍സ്റ്റേഷനിലെ സിവില്‍ പോലിസ് ഓഫിസര്‍ പി.കെ ദിനില്‍കുമാറിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കൂടുതല്‍ അക്രമങ്ങളൊന്നും ഉണ്ടായില്ല. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ഗതാഗതം തടസപ്പെടുത്തി. സമരത്തിന്റെ ഉദ്ഘാടനശേഷം സമരക്കാരില്‍ ചിലര്‍ ഡി.ഡി.ഇ ഓഫിസിന് മുന്നിലെ ബാരിക്കേഡ് തകര്‍ക്കാനും കൊടികെട്ടിയ വടി അഴിച്ച് പൊലിസിനുനേരെ എറിയാനും തുടങ്ങിയതോടെയാണ് പൊലിസ് ജലപീരങ്കി പ്രയോഗിച്ചത്. ഇതിനിടെ പ്രവര്‍ത്തകര്‍ ചിതറിയോടിയെങ്കിലും ഇവര്‍ തിരിച്ചെത്തി റോഡ് ഉപരോധം പുനരാരംഭിച്ചു. അതിനിടെ സമരക്കാരില്‍ ചിലര്‍ അനുവാദം നല്‍കിയതിനെ തുടര്‍ന്ന് കടന്നുപോവാന്‍ ശ്രമിച്ച കാറിന്റെ ചില്ല് ചിലര്‍ തകര്‍ത്തു. തുടര്‍ന്നാണ് പൊലിസ് ലാത്തിവീശിയത്. വീണും ലാത്തിയടിയേറ്റും കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് ജറില്‍ ബോസ്, ജില്ലാ ജനറല്‍ സെക്രട്ടറി എന്‍. വിശ്വനാഥ്, സെക്രട്ടറി ബുഷര്‍ ജംഹര്‍ തുടങ്ങിയവര്‍ക്ക് പരുക്കേറ്റു.
ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് ഉത്തരവാദിയായ വിദ്യാഭ്യാസമന്ത്രിയെ പുറത്താക്കണമെന്ന് സമരം ഉദ്ഘാടനം ചെയ്ത ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ് ആവശ്യപ്പെട്ടു.
രാവിലെ പതിനൊന്നരയോടെയാണ് മാര്‍ച്ച് ഡി.ഡി.ഇ ഓഫിസിന് സമീപമെത്തിയത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നോര്‍ത്ത് അസി.കമ്മിഷണര്‍ അബ്ദുര്‍റസാഖിന്റെ നേതൃത്വത്തില്‍ വന്‍പൊലിസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.
ഡി.ഡി.ഇ ഓഫിസിനു മുന്‍പില്‍ ബാരിക്കേഡുകള്‍ തീര്‍ത്ത് പൊലിസ് മാര്‍ച്ച് തടഞ്ഞു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് വി.ടി നിഹാല്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."