ലൈംഗിക കുറ്റവാളികളുടെ രജിസ്ട്രി തയാറാക്കാന്‍ നിയമം വരുന്നു
തിരുവനന്തപുരം: ലൈംഗിക കേസുകളില്‍ പ്രതികളായ കുറ്റവാളികളുടെ പേര് പരസ്യപ്പെടുത്താന്‍ അനുവദിക്കുന്നത് ഉള്‍പ്പെടെ ഇവരെ പൊതു സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്താനുള്ള നിയമവുമായി സര്‍ക്കാര്‍. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള ലൈംഗീകാതിക്രമം വര്‍ധിക്കുന്നതിനെ തുടര്‍ന്നാണ് പൊതു സമൂഹത്തില്‍ നിന്ന് ഇവരെ ഒറ്റപ്പെടുത്തുന്ന രീതിയില്‍ നിയമം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.
ലൈംഗിക കേസുകളില്‍ പ്രതികളായവരുടെ എല്ലാ വിവരങ്ങളും ശേഖരിക്കുന്നതിനും നിലനിര്‍ത്തുന്നതിനും പരസ്യപ്പെടുത്തുന്നതിനും ഡിജിറ്റല്‍ രജിസ്ട്രി തയാറാക്കാന്‍ ലക്ഷ്യമിട്ടുള്ള കേരള ലൈംഗിക കുറ്റവാളി രജിസ്‌ട്രേഷന്‍ ബില്‍ 2018 എന്ന ബില്ലിന്റെ കരടായി. രജിസ്ട്രിയുടെ ദുരുപയോഗം തടയുന്നതിന് ആവശ്യമായ നിയമങ്ങളും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. മൂന്നു വിഭാഗങ്ങളായി തിരിച്ചാണ് ലൈംഗിക കുറ്റകൃത്യങ്ങളില്‍ പ്രതികളാകുന്നവരുടെ പട്ടിക തയാറാക്കുന്നത്. ഗുരുതരമായ ആരോപണമുള്ള പ്രതികളുടെ പേര് പ്രത്യേകം തയാറാക്കും. ലൈംഗീകാതിക്രമങ്ങളില്‍ കുറ്റവാളികളാകുന്നവരുടെ പേരും മേല്‍വിലാസവും എല്ലാ വിവരങ്ങളും രജിസ്ട്രിയില്‍ ഉള്‍പ്പെടുത്തും.
രജിസ്ട്രിയിലെ കുറ്റവാളികളുടെ വിവരങ്ങള്‍ 15 മുതല്‍ 25 വര്‍ഷം വരെ സൂക്ഷിക്കും. വര്‍ഷത്തിലൊരിക്കല്‍ പട്ടിക പുതുക്കും. പട്ടികയില്‍പെട്ടവര്‍ വീണ്ടും കുറ്റം ചെയ്തിട്ടുണ്ടോ എന്നറിയാന്‍ ഓരോ മൂന്നു മാസത്തിലൊരിക്കല്‍ പരിശോധന നടത്താനും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു. ഓരോ പൊലിസ് സ്‌റ്റേഷനിലെയും എസ്.എച്ച്.ഒമാര്‍ അവരുടെ അധികാര പരിധിയിലുള്ള കുറ്റവാളികളുടെ പൂര്‍ണ വിവരം ചുമതലയുളള ഡി.വൈ.എസ്.പിമാര്‍ക്ക് നല്‍കണം. ഓരോ ജില്ലയിലും അതാത് പൊലിസ് മേധാവിമാര്‍ക്കായിരിരിക്കും രജിസ്ട്രിയുടെ ചുമതല. വിവരാവകാശ നിയമ പ്രകാരം കുറ്റവാളിയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അന്വേഷിക്കാനാകും.
അപേക്ഷിക്കുന്നയാള്‍ക്ക് ആവശ്യപ്പെടുന്ന വിവരങ്ങള്‍ കൈമാറാമെന്നും നിയമത്തിലുണ്ട്. എന്നാല്‍ ഇവര്‍ക്ക് മാധ്യമങ്ങള്‍ വഴിയോ വാക്കാലുള്ള പ്രചാരണത്തിലൂടെയോ കുറ്റവാളികളെ പീഡിപ്പിക്കുന്നത് കുറ്റകരമാണെന്നും നിയമത്തില്‍ വ്യവസ്ഥയുണ്ടാകും. ഒരാള്‍ക്കെതിരേ തെറ്റായ വിവരം രജിസ്ട്രിയില്‍ ഉള്‍പ്പെടുത്തിയെന്നു കണ്ടെത്തിയാല്‍ അത് ഉള്‍പ്പെടുത്തിയവര്‍ക്കെതിരേ ഒരു വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കും. ഓംബുഡ്‌സ്മാനെ നിയമിക്കുന്നതിനും ബില്ലില്‍ വ്യവസ്ഥ ഉണ്ട്. കുറ്റാരോപിതനായ ഒരാള്‍ക്ക് ഒരു നിശ്ചിത കാലയളവിനു ശേഷം അദ്ദേഹത്തിന്റെ പേര് രജിസ്ട്രിയില്‍ നിന്ന് നീക്കം ചെയ്യാന്‍ ഓംബുഡ്‌സ്മാന് മുന്നില്‍ അപ്പീല്‍ നല്‍കാം.
കുറ്റാരോപിതന്റെ സ്വഭാവവും പെരുമാറ്റവും സാമൂഹ്യ,ക്ഷേമപരിപാടികളിലെ പങ്കാളിത്തവും മറ്റ് തിരുത്തല്‍ നടപടികളും അടിസ്ഥാനമാക്കി ഓംബുഡ്‌സ്മാന് പേര് നീക്കം ചെയ്യാന്‍ തീരുമാനം എടുക്കാം. എന്നാല്‍ ദുരുപയോഗം തടയാന്‍ ഓംബുഡ്‌സ്മാന്റെ തീരുമാനം കോടതി മുന്‍പാകെ ചോദ്യം ചെയ്യാവുന്നതാണെന്നും നിയമത്തില്‍ വ്യവസ്ഥ ചെയ്യും.ആഭ്യന്തര വകുപ്പ് തയാറാക്കിയ കരട് നിയമ വകുപ്പ് പരിശോധിച്ചതിനു ശേഷമായിരിക്കും മന്ത്രിസഭയുടെ പരിഗണനയിലെത്തുക. അടുത്ത നിയമസഭാ സമ്മേളനത്തിലായിരിക്കും ബില്‍ സഭയില്‍ അവതരിപ്പിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."