ചെറുമീനുകളെ പിടിക്കുന്നത് മത്സ്യമേഖലക്ക് കനത്ത നഷ്ടമുണ്ടാക്കുന്നു: സി.എം.എഫ്.ആര്‍.ഐ
കൊച്ചി: അനിയന്ത്രിതമായ രീതിയില്‍ ചെറുമീനുകളെ പിടിക്കുന്നത് കേരളത്തിന്റെ മത്സ്യമേഖലയില്‍ കനത്ത നഷ്ടമാണ് ഉണ്ടാക്കുന്നതെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സി.എം.എഫ.്ആര്‍.ഐ) പഠനം.
കഴിഞ്ഞ വര്‍ഷം ചെറുമീനുകള്‍ പിടിക്കപ്പെട്ടത് ഏറ്റവും കൂടുതല്‍ കിളിമീനുകളാണ്. ഇത് കൊണ്ട് മാത്രം 221 കോടി രൂപയാണ് സംസ്ഥാനത്തിന്റെ മത്സ്യമേഖലയ്ക്കുണ്ടായ നഷ്ടമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ചെറുമീനുകളെ വന്‍തോതില്‍ പിടിക്കുന്നത് മൂലം മത്സ്യത്തിന്റെ മൊത്ത ലഭ്യത, ഉല്‍പാദനം, വംശവര്‍ധനവ്, പ്രജനനം എന്നിവ താളം തെറ്റുന്നതായും സി.എം.എഫ്.ആര്‍.ഐ പഠനം വ്യക്തമാക്കുന്നു.
കേരളത്തിന്റെ മത്സ്യമേഖലയുടെ പുരോഗതി ലക്ഷ്യമാക്കി പരിപാലന മാതൃകകള്‍ രൂപപ്പെടുത്തുന്നതിനുള്ള സി.എം.എഫ്.ആര്‍.ഐയുടെ ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് പഠനം. സി.എം.എഫ്.ആര്‍.ഐയില്‍ നടന്ന ഗുണഭോക്തൃ ശില്‍പശാലയില്‍ പദ്ധതിയുടെ മുഖ്യഗവേഷകനായ ഡോ. ടി.എം നജ്മുദ്ദീന്‍ പഠനഫലങ്ങള്‍ അവതരിപ്പിച്ചു.
മത്സ്യത്തൊഴിലാളികള്‍, ട്രേഡ് യൂനിയന്‍ പ്രതിനിധികള്‍, സമുദ്ര ഭക്ഷ്യോല്‍പന്ന കയറ്റുമതി വിതരണക്കാര്‍, വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യാ പ്രതിനിധികള്‍, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് ശില്‍പശാലയില്‍ സംബന്ധിച്ചത്. സി.എം.എഫ്.ആര്‍.ഐ കഴിഞ്ഞ വര്‍ഷം നടത്തിയ ഗവേഷണ ഫലങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായിരുന്നു സംയുക്ത യോഗം. എല്‍നിനോയെ തുടര്‍ന്ന് കാലാവസ്ഥയിലുണ്ടായ മാറ്റമാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ മത്തി കുറയാനുണ്ടായ കാരണമെന്ന് ഡോ.ഇ.എം അബ്ദുസമദ് പറഞ്ഞു. കാലാവസ്ഥാ പ്രതികൂലമായതിനാല്‍ മത്തിയുടെ പ്രജനനത്തില്‍ കുറവ് വരികയും വളര്‍ച്ചയില്‍ മുരടിപ്പ് സംഭവിക്കുകയും ചെയ്‌തെന്ന് അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ മത്തിയുടെ ലഭ്യതയില്‍ കഴിഞ്ഞ വര്‍ഷം മുന്‍ വര്‍ഷത്തേക്കാള്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 176 ശതമാനമാണ് വര്‍ധനവ്. ചെറുമീനുകളെ പിടിക്കുന്നത് തടയുന്നതിന് കേരളത്തിന്റെ മാതൃകയില്‍ മറ്റ് സംസ്ഥാനങ്ങളിലും നിയമം കൊണ്ടുവരണമെന്ന് മത്സ്യത്തൊഴിലാളികള്‍ ശില്‍പശാലയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."