HOME
DETAILS
MAL
കൊറോണ: നിയന്ത്രണങ്ങൾ മൂലം പ്രയാസമനുഭവിക്കുന്ന പ്രവാസികൾക്ക് ആശ്വാസമേകാൻ റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി
backup
March 31 2020 | 19:03 PM
റിയാദ്: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സഊദി അറേബ്യ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂലം പ്രയാസപ്പെടുന്ന പ്രവാസികൾക്ക് താൽ ക്കാലിക ആശ്വാസമേകുന്നതിനുള്ള പദ്ധതിയുമായി റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി. കർഫ്യൂവും യാത്രാ വിലക്കടക്കമുള്ള ശക്തമായ നിയന്ത്രങ്ങൾക്കിടയിൽ പലർക്കും ജോലിയും വരുമാനവുമില്ലാത്ത സ്ഥിതി വിശേഷം സംജാതമായിട്ടുണ്ടെന്നും ലേബർ ക്യാമ്പുകളിലും കുടുംബവുമൊത്ത് താമസിക്കുന്നവർക്കടക്കം നിത്യ ചെലവിന് പോലും പ്രയാസപ്പെടുന്ന സാഹചര്യമാണുള്ളതെന്നും യോഗം വിലയിരുത്തി. ആദ്യഘട്ടമെന്ന നിലയിൽ ഇവരിൽ അർഹതപ്പെട്ടവരെ കണ്ടെത്തി അവർക്ക് രണ്ടാഴ്ചത്തെ ഭക്ഷണ വസ്തുക്കളൂം മരുന്നുകളുമടക്കം വിതരണം ചെയ്യാനാണ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.
കോവിഡ് 19 റിലീഫ് സെല്ലിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വിവിധ ഘടകങ്ങളുടെ പ്രധാന പ്രവർത്തകരെ ഉൾപ്പെടുത്തി ഉപസമിതിക്ക് രൂപം നൽകി. സഊദി ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് വീട്ടിലിരുന്ന് കൊണ്ട് തന്നെ രോഗ പ്രതിരോധ മാർഗ്ഗങ്ങൾ അവലംബിക്കാൻ പ്രവാസി സമൂഹം രംഗത്തുള്ളത് ആശ്വാസകരമാണെന്നും അതിനാൽ വൈറസ് വ്യാപനം തടയാൻ ഇത് ഏറെ സഹായകരമാണെന്നും യോഗം ചൂണ്ടിക്കാട്ടി. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്ന സെൻ ട്രൽ കമ്മിറ്റിക്ക് കീഴിലുള്ള വെൽ ഫെയർ വിംഗ് പ്രവർത്തകരെ യോഗം പ്രാത്യേകം അഭിനന്ദിച്ചു. ഓൺ ലൈൻ യോഗത്തിൽ പ്രസിഡണ്ട് സി.പി.മുസ്തഫ അധ്യക്ഷത വഹിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി ജലീൽ തിരൂർ ഉദ്ഘാടനം ചെയ്തു. അബ്ദുസലാം തൃക്കരിപ്പൂർ, യു.പി.മുസ്തഫ, കെ.ടി.അബൂബക്കർ, അബ്ദുൽ മജീദ് പയ്യന്നൂർ, കബീർ വൈലത്തൂർ, ഷംസു പെരുമ്പട്ട, മുസ്തഫ ചീക്കോട്, മുജീബ് ഉപ്പട, മാമുക്കോയ തറമ്മൽ, ഷാഹിദ് മാസ്റ്റർ, നാസർ മാങ്കാവ്, റസാഖ് വളക്കൈ, നൗഷാദ് ചാക്കീരി ചർച്ചയിൽ പങ്കെടുത്തു. ആക്ടിംഗ് സെക്രട്ടറി അരിമ്പ്ര സുബൈർ സ്വാഗതവും സെക്രട്ടറി സഫീർ തിരൂർ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."