നിപാ ഭീതിയില്‍ വിറങ്ങലിച്ച് മെഡി. കോളജ്; വാര്‍ഡുകള്‍ സജ്ജീകരിച്ച ഇവരാണ് 'ഹീറോസ്'
കല്‍പ്പറ്റ: നിപാ വൈറസിന്റെ വ്യാപനത്തെ തടയാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയെ സഹായിച്ചത് വയനാട്ടുകാരായ സിറാജും സംഘവും. നിപാ ഭീതിയില്‍ മെഡി. കോളജ് ആശുപത്രിയില്‍ ഐ.സി.യു, ഐസൊലേറ്റഡ് വാര്‍ഡുകള്‍ സജ്ജീകരിക്കാന്‍ ആരും തയാറാകാതിരുന്നപ്പോഴാണ് നാടിന്റെ രക്ഷക്കായി സിറാജും സുഹൃത്തുക്കളും മുന്നിട്ടിറങ്ങിയത്.
നിപാ രോഗബാധയില്‍ വിറങ്ങലിച്ച കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗികള്‍ക്കായി അടിയന്തര മുറികള്‍ സജ്ജീകരിക്കാനായി പൊതുമരാമത്ത് വകുപ്പ് പല കരാറുകാരെയും ബന്ധപ്പെട്ടിരുന്നു. രോഗഭീതികാരണം പലരും ഇതിന് തയാറായില്ലെന്ന് മാത്രമല്ല, മെഡിക്കല്‍ കോളജ് ആശുപത്രിയുടെ അടുത്തേക്ക് പോലും വന്നതുമില്ല. ഈ സാഹചര്യത്തിലാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോ. ജയേഷിലൂടെ സിറാജ് വൈത്തിരിയെന്ന യുവാവിന്റെ പേര് ആരോഗ്യവകുപ്പ് അധികൃതരുടെ മുന്നിലെത്തുന്നത്. ഫൈറ്റ് ഫോര്‍ ലൈഫെന്ന സംഘടനയുടെ പ്രവര്‍ത്തകനായ സിറാജിനെ ഡോ.ജയേഷ് തന്നെയാണ് വിളിച്ച് കാര്യങ്ങള്‍ പറഞ്ഞത്. മടികൂടാതെ സഹജീവികള്‍ക്കുമുന്നില്‍ പ്രത്യാശയുടെ കിരണവുമായി സിറാജും സംഘവും മെഡിക്കല്‍ കോളജിലേക്ക് എത്തുകയായിരുന്നു.
സിറാജിനൊപ്പം സുഹൃത്തുക്കളായ ആബിദ് വൈത്തിരി, റഷീദ് കല്‍പ്പറ്റ, ആരിഫ് കമ്പളക്കാട്, റിയാസ് കോട്ടത്തറ, മഹമൂദ് കോട്ടത്തറ, അസ്ബഖ് കോട്ടത്തറ എന്നിവരും ചേര്‍ന്നു. കോഴിക്കോട്ടെ ഇലക്ട്രീഷ്യനായ വിജയനും കൈമെയ് മറന്ന് ഇവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു.
റമദാന്‍ മൂന്നിന് ശനിയാഴ്ച നോമ്പും തുറന്ന് പോയ ഇവര്‍ തിങ്കളാഴ്ച രാത്രിയായപ്പോഴേക്കും ഏഴ് ഐ.സിയുവും 50 ഐസൊലേറ്റഡ് വാര്‍ഡുകളും സജ്ജീകരിച്ചു. എല്ലാവരും വ്യത്യസ്ത മേഖലകളില്‍ പ്രാവീണ്യമുള്ളവരായത് റൂമുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സജ്ജീകരിക്കാന്‍ സഹായമായെന്നാണ് സിറാജ് പറയുന്നത്. നിര്‍മാണ ജോലികളാണ് സിറാജ് ചെയ്യുന്നത്. മറ്റുള്ളവര്‍ അലൂമിനിയം ഫാബ്രിക്കേഷന്‍, ഇലക്ട്രിക്കല്‍ അടക്കമുള്ള ജോലികളില്‍ പ്രാവീണ്യമുള്ളവരാണ്. അതുകൊണ്ട് തന്നെ ഇത്രയും റൂമുകളും ഐ.സി.യുവും സജ്ജീകരിച്ച് ശുചീകരിച്ച്, പെയിന്റ് ചെയ് ത്, വാതിലുകളും ജനലുകളും അടച്ച് ബന്തവസാക്കിയാണ് ഇവര്‍ മടങ്ങിയത്.
പലരും ഇവരെ നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഉള്ളില്‍ നിറഞ്ഞുനിന്ന സഹജീവി സ്‌നേഹം ഇവരെ മുന്നോട്ടുനയിച്ചു. ആകുലതള്‍ക്ക് ചെവികൊടുക്കാതെ അവര്‍ ഏറ്റെടുത്ത ജോലി ഏറ്റവും ഭംഗിയാക്കി ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ചെയ്ത് തീര്‍ത്തു.
പെയിന്റിങ്ങിനായി എത്തിച്ച തൊഴിലാളികളില്‍ ചിലര്‍ രോഗഭീതികാരണം സ്ഥലം വിട്ടിട്ടും ഏറ്റെടുത്ത ഉദ്യമത്തില്‍ നിന്ന് സിറാജും കൂട്ടരും പിന്‍വാങ്ങാന്‍ കൂട്ടാക്കാതെയാണ് എല്ലാം ചെയ്തു തീര്‍ത്തത്. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ അടക്കമുള്ള ഡോക്ടര്‍മാരുടെ അകമഴിഞ്ഞ പിന്തുണകൊണ്ടു മാത്രമാണ് തങ്ങള്‍ക്ക് ജോലി പെട്ടെന്ന് ചെയ്തു തീര്‍ക്കാന്‍ സാധിച്ചതെന്ന് സിറാജ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."