ഒടുവില്‍ ആംബുലന്‍സ് കട്ടപ്പുറത്ത് നിന്നു ഇറക്കി
കാഞ്ഞങ്ങാട്: എന്‍ഡോ സള്ഫാന് ദുരിത ബാധിതര്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന ആംബുലന്‍സ് ഒടുവില്‍ അധികൃതര്‍ കട്ടപ്പുറത്ത് നിന്നും ഇറക്കി. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി കട്ടപുറത്തായിരുന്ന പുല്ലൂര്‍ പെരിയ പഞ്ചായത്ത് എന്‍ഡോ സള്ഫാന് ദുരിത ബാധിതര്‍ക്കുള്ള ആംബുലന്‍സാണ് കഴിഞ്ഞ ദിവസം അധികൃതര്‍ വര്‍ക്ക് ഷോപ്പില്‍ നിന്നും ഇറക്കിയത്. മംഗളൂരുവിലേക്ക് രോഗിയുമായി പോകുകയായിരുന്ന ആംബുലന്‍സ് കഴിഞ്ഞ വര്‍ഷം കാസര്‍കോട് വച്ച് ഒരു ഓട്ടോയില്‍ ഇടിക്കുകയും ഇതേ തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ മരിക്കുകയും ചെയ്തിരുന്നു. അപകടത്തില്‍ കേടുപാട് പറ്റിയ ആംബുലന്‍സ് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി കാഞ്ഞങ്ങാട് പടന്നക്കാട്ടെ ഒരു വര്‍ക്ക് ഷോപ്പില്‍ കിടക്കുകയായിരുന്നു. ഇതോടെ പഞ്ചായത്ത് പരിധിയിലെ എന്‍ഡോ സള്ഫാന് രോഗികള്‍ക്ക് മറ്റു ആംബുലന്‍സുകളെ ആശ്രയിക്കേണ്ട അവസ്ഥയും, സാമ്പത്തിക ചിലവ് താങ്ങാന്‍ പറ്റാതെ വരുകയും ചെയ്തിരുന്നു. ഇത് സംബന്ധമായി സുപ്രഭാതം വാര്‍ത്ത നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് പഞ്ചായത്ത് അധികൃതര്‍ ഈ ആംബുലന്‍സ് യുദ്ധകാലാടിസ്ഥാനത്തില്‍ റിപ്പയര്‍ ചെയ്ത് കഴിഞ്ഞ ദിവസം വര്‍ക്ക് ഷോപ്പില്‍ നിന്നും പുറത്തിറക്കിയത്.
ഇതോടെ പഞ്ചായത്ത് പരിധിയിലെ കിടപ്പു രോഗികളായ എന്‍ഡോ സള്ഫാന് ദുരിത ബാധിതര്‍ക്ക് സമാധാനമായി. ആംബുലന്‍സ് നന്നാക്കി ഇറക്കിയതോടെ പഞ്ചായത്ത് പരിധിയിലെ നൂറു കണക്കിന് രോഗികള്‍ക്ക് ഇത് സഹായകരമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."