'മരുന്നി'നു വേണ്ടി രോഗിയെ തേടുമ്പോള്‍
രാജ്യത്ത് കൊവിഡ് മൂലം മരിക്കുന്നവരുടെ എണ്ണം സാവധാനത്തില്‍ വര്‍ധിക്കുകയും നിരീക്ഷണത്തിലിരിക്കുന്നവരുടെ പരിശോധനാ ഫലം അപ്രതീക്ഷിതമായി പോസിറ്റീവായി പുറത്തുവരുന്നതിനിടെ കൊവിഡിനു സമാനമായൊരു രോഗമാണു മദ്യാസക്തി നിര്‍ത്തിയതു മൂലമുണ്ടായേക്കാവുന്ന ആല്‍ക്കഹോള്‍ വിത്ത്ഡ്രാവല്‍ സിന്‍ഡ്രം (എ.ഡബ്ല്യു.എസ്) എന്ന നിലയില്‍ പ്രചാരണം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതു തികച്ചും ദൗര്‍ഭാഗ്യകരമാണ്. സംസ്ഥാനത്ത് ലോക്ക് ഡൗണിനെ തുടര്‍ന്നു ബാറുകളും ബിവറേജസ് കോര്‍പറേഷന്‍ മദ്യവിതരണ കേന്ദ്രങ്ങളും (ബെവ്‌കോ) കള്ളുഷാപ്പുകളും അടച്ചുപൂട്ടിയതിനു ശേഷമുണ്ടായ ഒറ്റപ്പെട്ട ആത്മഹത്യകള്‍ എ.ഡബ്ല്യു.എസ് മൂലമാണെന്നതു കൊണ്ട് കൊവിഡിനെപ്പോലെ അടിയന്തിര ചികിത്സ നല്‍കേണ്ട മറ്റൊരു രോഗമാണ് എ.ഡബ്ല്യു.എസ് എന്ന നിലയില്‍ ഡോക്ടര്‍മാര്‍ നല്‍കുന്ന കുറിപ്പടി അടിസ്ഥാനത്തില്‍ ബാറുകളും ബെവ്‌കോ മദ്യവിതരണ കേന്ദ്രങ്ങളും കള്ളുഷാപ്പുകളും ലോക്ക് ഡൗണ്‍ കാലത്തും മദ്യം വിതരണം ചെയ്യണമെന്ന സര്‍ക്കാര്‍ തീരുമാനവും ഇതുസംബന്ധിച്ച എക്‌സൈസ് വകുപ്പിന്റെ ഉത്തരവും തികച്ചും അപ്രായോഗികമാണ്.
ഡോക്ടര്‍മാര്‍ ആല്‍ക്കഹോള്‍ അംശം ചേര്‍ന്ന മരുന്നുകള്‍ക്കു കുറിപ്പടികള്‍ നല്‍കുന്നതു സ്വാഭാവികമാണ്. അവ ഡ്രഗ് ലൈസന്‍സുള്ള അംഗീകൃത ഇംഗ്ലിഷ് മരുന്നുഷോപ്പുകളില്‍ നിന്നല്ലാതെ ബെവ്‌കോ മദ്യവിതരണ കേന്ദ്രങ്ങളില്‍ നിന്നോ ബാറുകളില്‍ നിന്നോ കള്ളുഷാപ്പുകളില്‍ നിന്നോ മദ്യം ലഭിക്കാന്‍ ഡോക്ടര്‍മാര്‍ കുറിപ്പടി നല്‍കാന്‍ ഇന്ത്യയില്‍ ഇന്നു നിലവിലുള്ള യാതൊരു നിയമവും അനുവദിക്കുന്നില്ല. ഇപ്രകാരം ഡ്രഗ് ലൈസന്‍സില്ലാത്ത സ്ഥാപനങ്ങളില്‍നിന്ന് മദ്യം നല്‍കാന്‍ ഡോക്ടര്‍മാര്‍ കുറിപ്പടി നല്‍കണമെന്നു സാക്ഷര കേരളത്തിലെ ഭരണാധികാരികള്‍ വിളിച്ചുപറയുന്നതും ഇതുസംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കുന്നതുമൊക്കെ തികച്ചും അപമാനകരമാണ്. ഇപ്രകാരം മദ്യവിതരണം സംബന്ധിച്ച് ഡോക്ടര്‍മാര്‍ക്കു കുറിപ്പടി നല്‍കാമെന്ന ഉത്തരവിനെ സംസ്ഥാനത്തെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും (ഐ.എം.എ) സര്‍ക്കാര്‍ സര്‍വിസിലെ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും നിയമവിരുദ്ധവും അപ്രായോഗികവും അശാസ്ത്രീയവും അധാര്‍മികവുമാണെന്നു വിശേഷിപ്പിച്ച് നടപടിയില്‍ പൂര്‍ണ വിയോജിപ്പ് പ്രകടിപ്പിച്ച് സര്‍ക്കാരിനെ രേഖാമൂലം പ്രതിഷേധമറിയിച്ചിട്ടുണ്ട്.
ഇന്ത്യന്‍ സൈക്യാട്രി സൊസൈറ്റി മുഖ്യമന്ത്രിക്കു നല്‍കിയ കത്തില്‍ പറഞ്ഞിട്ടുള്ളതു മുഴുമദ്യപര്‍ അനുഭവിക്കുന്ന എ.ഡബ്ല്യു.എസ് രോഗം മരുന്നുനല്‍കി ആശുപത്രിയില്‍ കിടത്തി വിജയകരമായി ചികിത്സിപ്പിച്ച് ഭേദപ്പെടുത്താവുന്ന രോഗമാണെന്നും ഇത്തരം രോഗികള്‍ക്കു വീണ്ടും മദ്യം നല്‍കിക്കൊണ്ടുള്ള ചികിത്സാവിധി സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടാവുന്നതു തികച്ചും തെറ്റായ സന്ദേശം സമൂഹത്തിനു നല്‍കുമെന്നുമാണ്. മദ്യം ലഭിക്കാനായി ഡോക്ടര്‍മാരുടെ കുറിപ്പ് ആവശ്യപ്പെടുന്ന സ്ഥിതി സംസ്ഥാനത്ത് പലവിധ തട്ടിപ്പിനും നെറികേടിനും മറ്റ് അധാര്‍മിക നടപടികള്‍ക്കും കാരണമാകുമെന്ന ആശങ്ക സൈക്യാട്രി സൊസൈറ്റി പ്രസിഡന്റ് ഡോ. ഹരീഷും സെക്രട്ടറി സെബിന്റ് കുമാറും ചേര്‍ന്ന് ഒപ്പിട്ട് മുഖ്യമന്ത്രിക്കു നല്‍കിയ കത്തില്‍ അറിയിക്കുകയുണ്ടായി. മദ്യം നല്‍കിക്കൊണ്ട് മദ്യപാന ചികിത്സ നല്‍കുന്നത് ഒരിക്കലും ശാസ്ത്രീയമായ ചികിത്സാരീതിയല്ലെന്നതാണു സൈക്യാട്രി സൊസൈറ്റിയുടെ നിലപാട്.
യാതൊരു കൂടിയാലോചനകളോ വിദഗ്ധരുടെ അഭിപ്രായങ്ങളോ ഇല്ലാതെയുള്ള ധൃതിപിടിച്ചുള്ള സര്‍ക്കാര്‍ തീരുമാനം തികച്ചും അവിവേകമെന്നേ വിശേഷിപ്പിക്കാനൊക്കൂ. കേരളത്തില്‍ ഏകദേശം അഞ്ചുലക്ഷം പേര്‍ സ്ഥിരമായി മദ്യം കഴിക്കുന്നുണ്ട്. അതില്‍ 50 ശതമാനത്തോളം പേരും നിരവധി ആരോഗ്യപ്രശ്‌നങ്ങളെ നേരിടുന്നവരാണെന്നാണു കണക്കാക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ ലോക്ക് ഡൗണ്‍ കാലം മദ്യാസക്തിമൂലം ആരോഗ്യപ്രശ്‌നങ്ങളെ നേരിടുന്നവരെ ചികിത്സിക്കാനുള്ള സുവര്‍ണാവസരമായി കണക്കാക്കി അത്തരം ആളുകള്‍ക്കു കിടത്തി ചികിത്സ നല്‍കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കുകയാണു വേണ്ടത്. അതിനുപകരം ഡോക്ടര്‍മാരുടെ ക്ലിനിക്കുകള്‍ക്കു മുന്നിലും വീടുകളിലും മദ്യപരുടെ നീണ്ട ക്യൂ സൃഷ്ടിച്ച് മദ്യം ലഭിക്കാനായി ഡോക്ടര്‍മാരോടു കുറിപ്പടി നല്‍കാന്‍ പറയുന്നതു തികച്ചും നിയമവിരുദ്ധവും അപ്രായോഗികവുമായ നടപടിയാണ്. അത്തരമൊരു സാഹചര്യമുണ്ടായാല്‍ കൊവിഡ് രോഗികള്‍ മാത്രമല്ല, മറ്റു സാധാരണ രോഗികള്‍ക്കും ഡോക്ടര്‍മാരില്‍ നിന്നു ചികിത്സ ലഭിക്കുന്നതു ദുഷ്‌കരമായിരിക്കും.
ലോകത്ത് ഉല്‍പാദിപ്പിക്കുന്ന മദ്യത്തിന്റെ അഞ്ചുശതമാനം ഉപഭോഗം ഇന്ത്യയിലാണെന്നതാണു ദി ലാന്‍സെറ്റ് മാസിക റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ വിസ്‌കി മാര്‍ക്കറ്റ് ഇന്ത്യയാണ്. മിക്ക സംസ്ഥാനങ്ങളിലും സര്‍ക്കാരിന്റെ വരുമാനത്തിന്റെ 20 ശതമാനം മദ്യവില്‍പന സംബന്ധിച്ച നികുതിയില്‍ നിന്നാണ്. കേരളത്തിന്റെ പൊതുവരുമാനത്തില്‍ 22 - 23 ശതമാനത്തോളം മദ്യവില്‍പനയില്‍ നിന്നാണ്. രാജ്യത്ത് പരിപൂര്‍ണ മദ്യനിരോധനം നിലനില്‍ക്കുന്ന ഗുജറാത്ത്, നാഗാലാന്‍ഡ്, മിസോറാം സംസ്ഥാന സര്‍ക്കാരുകള്‍ മദ്യവരുമാനമില്ലാതെ മുന്നേറുന്നുവെന്ന വസ്തുതയും കേരളപ്പിറവിക്കു ശേഷം ആദ്യത്തെ 10 വര്‍ഷങ്ങള്‍ സമ്പൂര്‍ണ മദ്യനിരോധനം നിലവിലുണ്ടായിരുന്നുവെന്ന വസ്തുതയും നമുക്ക് വിസ്മരിക്കാനാവില്ല.
മദ്യ, മയക്കുമരുന്നുകള്‍ക്ക് അടിമപ്പെട്ടവരെ ചികിത്സിപ്പിച്ച് പുനരധിവസിപ്പിക്കുന്നതിനായും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും സാമൂഹ്യവും ആരോഗ്യവുമായ പ്രത്യാഘാതങ്ങള്‍ക്കെതിരേ വ്യാപകമായ ബോധവല്‍ക്കരണം നടത്തുന്നതിനുമായി കേന്ദ്രസാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയം നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിവരുന്നുണ്ട്. ഔഷധാവശ്യങ്ങള്‍ക്ക് അല്ലാതെയുള്ള മദ്യത്തിന്റെ പൂര്‍ണമായ ഉല്‍പാദനവും ഉപഭോഗവും പരിപൂര്‍ണമായി തടയുകയെന്ന ഭരണഘടനയുടെ 47ാം അനുഛേദമനുസരിച്ചുള്ള ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലേക്കായി കേന്ദ്രാവിഷ്‌കൃതമായ വിവിധങ്ങളായ പരിപാടികള്‍ സംസ്ഥാന സര്‍ക്കാര്‍ നേരിട്ടും മറ്റ് അംഗീകൃത സന്നദ്ധ സംഘടനകള്‍ മുഖേനയും നടപ്പാക്കുന്നതിനായി വര്‍ഷംതോറും കോടികളുടെ സാമ്പത്തിക സഹായം ലഭിച്ചുവരുന്നുണ്ട്. മദ്യത്തിനടിമപ്പെട്ടവരെ പ്രസ്തുത കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ ഉപയോഗപ്പെടുത്തി ചികിത്സിപ്പിച്ച് പുനരധിവസിപ്പിക്കുന്നതിനു പകരം അത്തരം ആളുകളെ മദ്യം നല്‍കിക്കൊണ്ട് തന്നെ ചികിത്സിപ്പിക്കാനുള്ള സര്‍ക്കാര്‍ സമീപനം സദുദ്ദേശത്തോടുകൂടിയല്ലെന്നതു പകല്‍വെളിച്ചം പോലെ വ്യക്തമാണ്.
കേന്ദ്രസര്‍ക്കാര്‍ 1985ല്‍ ആരംഭിച്ച് 1994, 1999, 2008 വര്‍ഷങ്ങളായി മൂന്നുഘട്ടം പുതുക്കിവന്നിരുന്നതും ഏറ്റവുമൊടുവിലായി 2015 ജനുവരി ഒന്നിനു പ്രാബല്യത്തില്‍ വന്നതുമായ കേന്ദ്രസാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയം ആവിഷ്‌കരിച്ച സ്‌കീം ഓഫ് പ്രിവന്‍ഷന്‍ ഓഫ് ആല്‍ക്കഹോളിസം ആന്‍ഡ് ഡ്രഗ് അഭ്യൂസ് എന്ന പദ്ധതിയനുസരിച്ച് മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട വിവിധതരം രോഗങ്ങള്‍ അനുഭവിക്കുന്നവരെ ചികിത്സിപ്പിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമായി സമഗ്രമായ പദ്ധതികള്‍ക്കു രൂപംനല്‍കി നടപ്പാക്കിയിട്ടുണ്ട്.
മദ്യ, മയക്കുമരുന്നുകളുടെ ഉപയോഗത്തിനെതിരേ ശക്തമായ ബോധവല്‍ക്കരണം, കൗണ്‍സലിങ്, ഡീ ടോക്‌സിഫിക്കേഷന്‍, ഡീ അഡിക്ഷന്‍ ഉള്‍പ്പെടെയുള്ള ചികിത്സ ഉള്‍പ്പെട്ട കേന്ദ്രാവിഷ്‌കൃത പരിപാടികള്‍ ഈ ഘട്ടത്തില്‍ ഉപയോഗപ്പെടുത്തിയാല്‍ വലിയതോതില്‍ ഈ രംഗത്ത് ഫലമുണ്ടാക്കാവുന്നതാണ്. ഇന്റഗ്രേറ്റഡ് റീഹാബിലിറ്റേഷന്‍ ഫോര്‍ അഡിക്റ്റസ് (ഐ.ആര്‍.ഡി.എ), പ്രോഗ്രാം ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ആല്‍ക്കഹോളിസം ആന്‍ഡ് ഡ്രഗ് അഭ്യൂസ് അറ്റ് വര്‍ക്ക്‌പ്ലെയിസ് (ഡബ്ല്യു.പി.പി), റീജണല്‍ റിസോഴ്‌സ് ആന്‍ഡ് ട്രെയിനിങ് സെന്റര്‍ (ആര്‍.ആര്‍.ടി.സി), അവേര്‍നസ് ആന്‍ഡ് ഡീ അഡിക്ഷന്‍ കാംപസ് (എ.സി.ഡി.സി), ടെക്‌നിക്കല്‍ എക്‌സ്‌ചേഞ്ച് ആന്‍ഡ് പേഴ്‌സണല്‍ ഡവലപ്‌മെന്റ് പ്രോഗ്രാം എന്നിവ കേന്ദ്രാവിഷ്‌കൃത പദ്ധതികല്‍ ചിലതു മാത്രമാണ്.
മദ്യാസക്തികൊണ്ട് നശിക്കുന്ന വലിയൊരു ശതമാനം ജനവിഭാഗങ്ങളെ ഇന്നത്തെ അടച്ചുപൂട്ടല്‍ സാഹചര്യം ഉപയോഗപ്പെടുത്തി ചികിത്സിപ്പിക്കുകയും പുനരധിവസിപ്പിക്കുകയും ചെയ്യുന്നതിനു പകരം ഇത്തരം ജനവിഭാഗങ്ങളെ ചികിത്സയെന്ന രൂപേണ മദ്യംനല്‍കി അവരുടെ ജീവിതം ശാശ്വതമായി മദ്യത്തിലാഴ്ത്താന്‍ മാത്രം സഹായിക്കുന്ന സര്‍ക്കാര്‍ സമീപനം തികച്ചും ആപത്കരമാണ്. മദ്യത്തെ മരുന്നായി കണക്കാക്കി മദ്യപരെ രോഗിയായി ചിത്രീകരിച്ച് മദ്യപാനം ചികിത്സയെന്ന രൂപത്തില്‍ നല്‍കാന്‍ മാത്രം സഹായിക്കുന്ന സര്‍ക്കാര്‍ സമീപനം കാപട്യമാണ്. മദ്യത്തിന്റെ വിപണനവും അതില്‍ നിന്നുള്ള സര്‍ക്കാരിന്റെ സാമ്പത്തിക നേട്ടവുമാണ് ഈ നടപടി കൊണ്ടുള്ള ഏകലക്ഷ്യം. സര്‍ക്കാര്‍ നടപടി സദുദ്ദേശമല്ലാത്തതുകൊണ്ടാണ് ഐ.എം.എയും കെ.ജി.എം.ഒ.എയും കേരള സൈക്യാട്രി സൊസൈറ്റിയും ഒരേശബ്ദത്തില്‍ നടപടിയെ എതിര്‍ത്തു രംഗത്തുവന്നത്. യാഥാര്‍ഥ ചികിത്സ മദ്യംകൊണ്ട് സാധ്യമല്ലെന്നാണു ഡോക്ടര്‍മാരുടെ സംഘടനകളുടെ യോജിച്ച അഭിപ്രായം. ഫലത്തില്‍ മദ്യത്തിന്റെ വേഷപ്രഛന്നമായ വിപണനത്തിനു മദ്യപന്‍മാരെ രോഗികളാക്കി ചിത്രീകരിക്കുകയാണു സര്‍ക്കാര്‍ ലക്ഷ്യം. ജനങ്ങളുടെ ആരോഗ്യരക്ഷ ഭരണകൂടത്തിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വവും കടമയും ജനങ്ങളുടെ അവകാശവുമാണ്. ഇതു യാതൊരുവിധ വിട്ടുവീഴ്ചകള്‍ക്കും വിധേയമല്ല.
(ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും മുന്‍ ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമാണു ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."