പടന്നക്കാട് കാര്‍ഷിക കോളജില്‍ അധ്യാപകരെ നിയമിക്കും: മന്ത്രി സുനില്‍കുമാര്‍
നീലേശ്വരം: പടന്നക്കാട് കാര്‍ഷിക കോളജിലെ അധ്യാപക ക്ഷാമം പരിഹരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍. കാര്‍ഷിക കോളജില്‍ സംരക്ഷിത കൃഷി യൂനിറ്റിന്റെ തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്തു നടക്കുന്ന നിയമനങ്ങള്‍ ഇവിടേക്കായിരിക്കും. അതിനു ശേഷം മാത്രമേ മറ്റിടങ്ങളില്‍ നിയമനം നടത്തൂ. തെക്കന്‍ ജില്ലകളില്‍ നിന്നു നിയമനം ലഭിച്ച് ഇവിടേക്കു വരുന്ന പിറ്റേന്നു തന്നെ തിരിച്ചു പോകാമെന്ന ചിന്താഗതി മാറ്റണം. ആ പ്രവണത അവസാനിപ്പിക്കാന്‍ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. സ്ഥലംമാറ്റ ശുപാര്‍ശയുമായി ആരും വരേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. ജൈവകാര്‍ഷിക സംസ്‌കൃതി വളര്‍ത്താന്‍ ശാസ്തീയമായ കാഴ്ചപ്പാടുണ്ടാകണം. കാര്‍ഷിക മേഖലയിലെ വിദഗ്ദ തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കാന്‍ കാര്‍ഷിക കര്‍മസേനകള്‍ ആരംഭിക്കും. മഞ്ചേശ്വരം സെന്ററിനെ വടക്കന്‍ മേഖലയിലെ ട്രെയിനിങ് സെന്ററാക്കി ഉയര്‍ത്തി നിയമനങ്ങള്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാര്‍ഷിക സര്‍വകലാശാല ജീവനക്കാരും വിദ്യാര്‍ഥികളും ഹരിതകേരളം പദ്ധതിയുടെ നേതൃത്വത്തില്‍ വരണമെന്നും കാഴ്ചക്കാരും പ്രഭാഷകരുമായി മാറരുതെന്നും സുനില്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."