പ്രതിരോധത്തിനൊപ്പം ഗവേഷണവും ശക്തിപ്പെടുത്തണം
ലോകവ്യാപകമായി പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസ് മിക്ക രാജ്യങ്ങളെയും കീഴടക്കിയിരിക്കുന്ന സാഹചര്യത്തിലും ഇന്ത്യയില്‍ ഇപ്പോഴും നിയന്ത്രണവിധേയമാണ്. രാജ്യത്തു രോഗം റിപ്പോര്‍ട്ട് ചെയ്ത് ആഴ്ചകള്‍ പിന്നിട്ടിട്ടും സമൂഹവ്യാപനം ഉള്‍പ്പെടെയുള്ള സാഹചര്യം നിയന്ത്രണത്തില്‍ തന്നെയാണ്.
ഇന്നലെ വരെ 1,500ല്‍ കൂടുതല്‍ ആളുകള്‍ക്കു രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 100ലേറെ പേര്‍ക്കാണ് ഇന്നലെ മാത്രം കൊവിഡ് സ്ഥിരീകരിച്ചത്. മരണം 50നടുത്തെത്തി. 1,250ലേറെ പേരാണ് നിലവില്‍ ആക്ടീവ് രോഗികള്‍. 140 പേര്‍ക്കാണ് ഇതുവരെ രോഗം ഭേദമായത്.
എന്നാല്‍ ലോകത്താകമാനം കൊവിഡ് രോഗികളുടെ എണ്ണം എട്ടു ലക്ഷമായിട്ടുണ്ട്. മരണസംഖ്യ 39,000ത്തിലേക്ക് അടുക്കുന്നുവെന്നത് ആശങ്കാജനകമാണ്. 1.69 ലക്ഷം പേര്‍ക്കാണ് രോഗം ഭേദമായത്. നിലവില്‍ അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത്. ഇറ്റലിയും സ്‌പെയിനും ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ കൊവിഡിന്റെ പിടിയില്‍ ശ്വാസംവിടാനാവാത്ത അവസ്ഥയിലുമാണ്.
ലോകത്ത് ഏറ്റവും കൂടുതല്‍ ജനങ്ങളുള്ള രണ്ടാമത്തെ രാജ്യമെന്ന നിലയില്‍, ജനസാന്ദ്രത കൂടിയ രാജ്യമെന്ന നിലയില്‍ കൊറോണ ഇന്ത്യയില്‍ വ്യാപിച്ചാല്‍ വലിയ ദുരന്തമാകുമെന്ന് വിദഗ്ധര്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
വൈറസിനെ ചെറുക്കാന്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മരണസംഖ്യ താരതമ്യേന കുറയ്ക്കാനും കഴിഞ്ഞു. മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ ഇന്ത്യയില്‍ ജനസംഖ്യാനുപാതികമായി മരണനിരക്കും രോഗബാധയും വളരെ കുറവാണെന്നതില്‍ നമുക്ക് ആശ്വസിക്കാം. അതേസമയം, ഇപ്പോഴത്തെ ജാഗ്രത വരുംനാളുകളിലും കാത്തുസൂക്ഷിച്ചില്ലെങ്കില്‍ രോഗം വീണ്ടും പടര്‍ന്നുപിടിക്കാനുള്ള സാഹചര്യവും നിലനില്‍ക്കുന്നു.
രോഗപ്രതിരോധ രംഗത്തു രാജ്യം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ കൊവിഡിനെക്കുറിച്ചുള്ള ഗവേഷണത്തിലും രാജ്യം മുന്നോട്ടു പോകേണ്ടതുണ്ട്. കൊവിഡ് കണ്ടെത്തിയതു മുതല്‍ യു.എസിലും ചൈനയിലും വാക്‌സിന്‍ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. രണ്ടു പ്രതിരോധ മരുന്നുകളുടെ ക്ലിനിക്കല്‍ ട്രയലുകള്‍ (മനുഷ്യരിലെ പരീക്ഷണം) ചൈനയിലും യു.എസിലുമായി തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇത്തരം പരീക്ഷണങ്ങള്‍ക്കു മുന്‍കൈയെടുക്കാത്തത് പ്രതിഷേധത്തിനിടയായിക്കിയിരുന്നു. ഒടുവില്‍ കഴിഞ്ഞ ദിവസം മാത്രമാണ് കേന്ദ്രം ഇത്തരം ഗവേഷണങ്ങള്‍ക്കു സമ്മതം മൂളിയത്.
ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍) എന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനം ഇത്തരം ഗവേഷണങ്ങള്‍ നടത്താന്‍ പര്യാപ്തമാണ്. അവിടെ ഗവേഷണത്തിന് സര്‍ക്കാര്‍ അനുമതി ആവശ്യമാണ്. കൊവിഡ് പരിശോധനയ്ക്ക് വിദേശത്തു നിന്നുള്ള കിറ്റ് ഇറക്കുമതി ചെയ്ത് മിക്ക രാജ്യങ്ങളും ഉപയോഗിക്കുമ്പോള്‍ ഇന്ത്യയില്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കിറ്റാണ്. 100 സാംപിളുകള്‍ പരിശോധിക്കാന്‍ 1,200 രൂപയേ ചെലവു വരുന്നുള്ളൂ. കൂടാതെ ഒരു ടെസ്റ്റിന് രണ്ടര മണിക്കൂര്‍ മാത്രം ചെലവാക്കിയാല്‍ മതി. രാജ്യത്തു കുറഞ്ഞ ചെലവില്‍ കൂടുതല്‍ വേഗത്തില്‍ കൊവിഡ് പരിശോധിക്കാനുള്ള സംവിധാനമാണ് ഇതോടെ നമ്മള്‍ നേടിയെടുത്തത്.
ഈ കിറ്റ് വികസിപ്പിച്ചത് ഒരു സ്വകാര്യ ലാബായിരുന്നു. സര്‍ക്കാര്‍ ഏജന്‍സികളും സംവിധാനങ്ങളും ഉള്ളപ്പോഴാണ് പൂനെയിലെ മൈലാബ് എന്ന സ്ഥാപനം ഈ ദൗത്യം ഏറ്റെടുത്ത് വിജയകരമായി പൂര്‍ത്തിയാക്കിയത്. രണ്ടു മാസംകൊണ്ട് അവരുടെ കിറ്റുകള്‍ ഉപയോഗിക്കാനായി. പ്രസവത്തിന്റെ തലേദിവസവും ഈ കിറ്റിനുവേണ്ടി വൈറോളജിസ്റ്റായ മിനല്‍ ദേഖാവെ ബോസ്‌ലെ പ്രയത്‌നിച്ചത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. ഒടുവില്‍ അവര്‍ വികസിപ്പിച്ച കിറ്റിന് നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് അനുമതി നല്‍കുകയായിരുന്നു.
വിദേശരാജ്യങ്ങളെക്കാള്‍ വിദഗ്ധരുള്ള രാജ്യമാണ് നമ്മുടേത്. അവരുടെ കഴിവുകള്‍ പ്രയോജനപ്പെടുത്തുകയാണ് രാജ്യത്തിന്റെ റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് മേഖല വികസിപ്പിക്കാന്‍ വേണ്ടത്. ഒടുവില്‍ കേന്ദ്ര സര്‍ക്കാര്‍ സമ്മതം മൂളിയതോടെ വാക്‌സിന്‍ ഗവേഷണത്തിനും രാജ്യത്തു തുടക്കം കുറിച്ചു. 30 വാക്‌സിനുകള്‍ക്കാണ് കൊവിഡ് പ്രതിരോധശേഷിയുണ്ടോ എന്ന് പരീക്ഷിക്കുന്നത്. ഇതില്‍ അഞ്ചെണ്ണം മൃഗങ്ങളില്‍ പരീക്ഷിക്കുകയും ചെയ്തു. മൃഗങ്ങളില്‍ എന്തെങ്കിലും ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ടോ എന്ന് അറിയാനാണിത്. ഐ.സി.എം.ആറിന്റെ ബയോടെക്‌നോളജി ഡിപ്പാര്‍ട്ട്‌മെന്റാണ് കൊവിഡ് പ്രതിരോധ വാക്‌സിന്‍ ഗവേഷണം നടത്തുന്നത്.
ബയോടെക്‌നോളജി ഇന്‍ഡസ്ട്രി റിസര്‍ച്ച് അസിസ്റ്റന്റ് കൗണ്‍സിലും വാക്‌സിന്‍ ഗവേഷണത്തിനു മുന്നോട്ടു വന്നിട്ടുണ്ട്. പുതിയ ആശയങ്ങള്‍ പങ്കുവയ്ക്കാന്‍ രാജ്യത്തെ എല്ലാ ഗവേഷകരോടും ബയോടെക്‌നോളജിസ്റ്റുകളോടും ഇവര്‍ ആവശ്യപ്പെട്ടു കഴിഞ്ഞു.
ലോകത്താകമാനം 43 ഫാര്‍മസ്യൂട്ടിക്കല്‍, ബയോടെക്‌നോളജി സ്ഥാപനങ്ങള്‍ വാക്‌സിന്‍ ഗവേഷണവുമായി രംഗത്തുണ്ട്. ഇന്ത്യയിലുള്ള രണ്ടു മരുന്നു കമ്പനികളും ഈ പട്ടികയിലുണ്ട്. 12 മുതല്‍ 18 മാസത്തിനകം കൊറോണ വാക്‌സിന്‍ വികസിപ്പിക്കാനാകുമെന്നാണ് ഇവരുടെ പ്രതീക്ഷ. രോഗം വീണ്ടും ആവര്‍ത്തിച്ചാല്‍ വാക്‌സിന്‍ പ്രതിരോധത്തിലൂടെ നേരിടാനാണ് ആലോചന.
ലോക്ക് ഡൗണ്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ മാര്‍ഗങ്ങളിലൂടെയാണ് ഇപ്പോള്‍ ഈ മഹാമാരിയെ ചെറുക്കുന്നത്. അറിയാതെ നടക്കുന്ന സമൂഹവ്യാപനമാണ് രോഗം അതിവേഗം പടര്‍ത്തുന്നത്. രോഗം ഒരിടത്തു പ്രത്യക്ഷപ്പെട്ടാല്‍ മറ്റിടങ്ങളില്‍ വാക്‌സിന്‍ പ്രതിരോധത്തിലൂടെ ഇതു ചെറുക്കാനാകും. വാക്‌സിന്‍ ഉള്‍പ്പെടെയുള്ളവയുടെ കണ്ടെത്തല്‍ സര്‍ക്കാര്‍ തലത്തില്‍ നടത്താനാവണം. ഇതിനാവശ്യമായ സഹായം നല്‍കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരികയാണ് വേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."