രണ്ടുദിവസം പ്രായമായ കുഞ്ഞിനെ കുമ്പസാര കൂട്ടില്‍ ഉപേക്ഷിച്ച ദമ്പതികള്‍ പിടിയില്‍
വടക്കാഞ്ചേരി: എറണാകുളം ഇടപ്പള്ളി സെന്റ് ജോര്‍ജ് തീര്‍ഥാടന കേന്ദ്രത്തിലെ പാരിഷ് ഹാളിനു സമീപമുള്ള കുമ്പസാര കൂട്ടില്‍ രണ്ടുദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ വടക്കാഞ്ചേരി സ്വദേശികളായ ദമ്പതികള്‍ പിടിയില്‍. ചാലികുന്ന് നീലങ്കാവില്‍ വീട്ടില്‍ ബിറ്റോ (32), ഭാര്യ പ്രബിത (28) എന്നിവരെയാണ് എളമക്കര പൊലിസ് ഇന്നലെ കാലത്ത് എട്ടരയോടെ വടക്കാഞ്ചേരിയിലെത്തി അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി എട്ടോടെയാണ് ബിറ്റോയും മെഡിക്കല്‍ കോളജില്‍ പ്രസവചികിത്സയില്‍ കഴിഞ്ഞിരുന്ന പ്രബിതയും നാലു മക്കളോടൊപ്പം ഇടപ്പള്ളി തീര്‍ഥാടന കേന്ദ്രത്തിലെത്തിയത്. തുടര്‍ന്ന് നവജാത ശിശുവിനെ കുമ്പസാര കൂട്ടില്‍ ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു. പള്ളിയിലെ സി.സി.ടി.വി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് മണിക്കൂറുകള്‍ക്കുള്ളില്‍ ദമ്പതികളെ വലയിലാക്കാന്‍ സഹായിച്ചത്.
നവജാത ശിശു ഇടപ്പള്ളി എം.എ.ജെ ആശുപത്രിയിലാണുള്ളത്. ഉപേക്ഷിച്ച കുട്ടിയെ കൂടാതെ ദമ്പതികള്‍ക്കു മറ്റു മൂന്ന് ആണ്‍മക്കളാണുള്ളത്.
യുവതിയുടെ തുടര്‍ച്ചയായ പ്രസവത്തെ തുടര്‍ന്ന് നാട്ടുകാര്‍ ബിറ്റോയെ കളിയാക്കിയിരുന്നുവത്രേ. അതിനാല്‍ നാലാമതും ഗര്‍ഭിണിയായപ്പോള്‍ നാട്ടുകാരില്‍ നിന്ന് മറച്ചുവയ്ക്കാന്‍ ശ്രമം നടന്നു. ഭാര്യക്ക് ഗ്യാസിന്റെ അസുഖമുണ്ടെന്നായിരുന്നു ബിറ്റോ പറഞ്ഞിരുന്നത്.പ്രസവത്തിനായി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചപ്പോഴും നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചു. കഴിഞ്ഞ 30നായിരുന്നു പ്രബിത പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അപ്പോള്‍ തന്നെ കുട്ടിയെ ഉപേക്ഷിക്കാനുള്ള പദ്ധതിക്ക് ദമ്പതികള്‍ രൂപംനല്‍കി. തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് പോലും ചെയ്യാത്ത പ്രബിതയുമായി ബിറ്റോ ഇടപ്പള്ളിയിലേക്ക് പോവുകയായിരുന്നു.
വഴിപാട് നടത്താനുണ്ടെന്നു വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചായിരുന്നു യാത്ര. സംശയം തോന്നാതിരിക്കാന്‍ മൂന്നു ആണ്‍മക്കളെയും ഒപ്പം കൂട്ടി. ദമ്പതികളുടെ ചിത്രങ്ങള്‍ നവമാധ്യമങ്ങളിലൂടെ വൈറലായതിനെ തുടര്‍ന്നാണ് അറസ്റ്റ് സുഗമമായത്.
എളമക്കര എസ്.ഐ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ വടക്കാഞ്ചേരിയിലെത്തിയ പൊലിസ് വടക്കാഞ്ചേരി പൊലിസിന്റെ സഹായത്തോടെയായിരുന്നു പ്രതികളെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."