അഞ്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ കൂടി വിതരണം ചെയ്യാന്‍ ഉത്തരവിറങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് മാസത്തെ ക്ഷേമ പെന്‍ഷന്‍കൂടി വിതരണം ചെയ്യാനുള്ള ഉത്തരവിറങ്ങിയതായി ധനമന്ത്രി തോമസ് ഐസക്. ഇപ്പോള്‍ ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ പെന്‍ഷനാണ് വീടുകളില്‍ എത്തിക്കുകയോ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയക്കുകയോ ചെയ്തിട്ടുള്ളത്. ഡിസംബര്‍ മുതല്‍ ഏപ്രില്‍ മാസം വരെയുള്ള പെന്‍ഷന്‍ വിതരണം ചെയ്യാനാണ് ഇപ്പോള്‍ ഉത്തരവിറക്കിയിരിക്കുന്നത്. ഏപ്രില്‍ മാസത്തെ പെന്‍ഷന്‍ അഡ്വാന്‍സായാണ് നല്‍കുന്നതെന്നും ഇത് 1,300 രൂപയാണെന്നും മന്ത്രി പറഞ്ഞു.
അഞ്ച് മാസത്തെ പെന്‍ഷന് 2,730 കോടി രൂപയാണ് അനുവദിക്കുന്നത്. ഇതിനു പുറമേ കുടിശ്ശിക തീര്‍ക്കാനായി 34 കോടി രൂപ പ്രത്യേകം അനുവദിച്ചിട്ടുണ്ട്. 2019 ഡിസംബര്‍ 15 നുള്ളില്‍ മസ്റ്റര്‍ ചെയ്തവര്‍ക്കുമാത്രമേ ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ പെന്‍ഷന്‍ അനുവദിച്ചിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ 2020 ഫെബ്രുവരി 15 വരെ മസ്റ്റര്‍ ചെയ്തവര്‍ക്കുകൂടി കുടിശ്ശികയടക്കം പണം അനുവദിച്ചിട്ടുണ്ട്. ഇതിനുപുറമേ ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം ചെയ്തപ്പോള്‍ മസ്റ്റര്‍ ചെയ്തുവെങ്കിലും വിവാഹം, പുനര്‍വിവാഹം ചെയ്തിട്ടില്ല എന്ന് സാക്ഷ്യപത്രം സമര്‍പ്പിക്കാത്തവര്‍ക്ക് പെന്‍ഷന്‍ കുടിശ്ശിക നല്‍കുന്നതിന് 68 കോടിയും പ്രത്യേകം അനുവദിച്ചിട്ടുണ്ട്. ഇവര്‍ ജൂണ്‍ മാസത്തിനുള്ളില്‍ സാക്ഷ്യപത്രം ഹാജരാക്കണം. അങ്ങനെ ആകെ 2833 കോടി രൂപയാണ് പെന്‍ഷനായി അനുവദിക്കുന്നത്. ഇതില്‍ 1,350 കോടി രൂപ സഹകരണ ബാങ്കുകള്‍ വഴിയും 1,483 കോടി രൂപ ബാങ്ക് അക്കൗണ്ട് വഴിയും വിതരണം ചെയ്യും. ഏപ്രില്‍ 9 ന് മാത്രമേ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക ട്രാന്‍സ്ഫര്‍ ചെയ്യൂ. എന്നാല്‍ സഹകരണ സംഘങ്ങള്‍ വഴിയുള്ള വിതരണം ഏപ്രില്‍ ആദ്യവാരം തന്നെ തുടങ്ങും.
162 കോടി രൂപയുടെ കര്‍ഷകപെന്‍ഷനടക്കം 16 ക്ഷേമനിധികളിലെ ആറ് ലക്ഷത്തോളം അംഗങ്ങള്‍ക്ക് 369 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ചുമട്ടുതൊഴിലാളി, മോട്ടോര്‍ വാഹനം, കെട്ടിട നിര്‍മാണം, കള്ള്‌ചെത്ത് മുതലായ സ്വയംപര്യാപ്തമായ ക്ഷേമനിധികളില്‍ നിന്നും നാല് ലക്ഷം ആളുകള്‍ക്ക് 240 കോടി രൂപയും വിതരണം ചെയ്യുന്നുണ്ട്.
കഴിഞ്ഞ രണ്ടു മാസത്തെ പെന്‍ഷന്‍ തുകകൂടി ചേര്‍ത്താല്‍ മൊത്തം 4,706 കോടി രൂപയാണ് 54 ലക്ഷം ആളുകള്‍ക്കായി വിതരണം ചെയ്യുക. ഇത് കൊവിഡ് കാലത്തെ രാജ്യത്തെ ഏറ്റവും വലിയ ഇന്‍കം ട്രാന്‍സ്ഫര്‍ പദ്ധതിയാണെന്നും രാജ്യത്ത് സാര്‍വത്രിക പെന്‍ഷന്‍ നടപ്പാക്കണമെന്നും പെന്‍ഷന്‍ തുക കേന്ദ്രം 1,000 രൂപയായി ഉയര്‍ത്തണമെന്നും ഐസക് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."