ചെങ്കല്‍പേട്ടിലെ ജഡം പൊക്കിഷ മേരിയുടെത്
ചെന്നൈ: തമിഴ്നാട്ടില്‍ കാഞ്ചീപുരം ചെങ്കല്‍പേട്ടിന് സമീപം പഴവേലിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ ജഡം തിരിച്ചറിഞ്ഞു. ചെന്നൈ അണ്ണാനഗര്‍ സ്വദേശി പൊക്കിഷ മേരിയുടെതാണ് മൃതദേഹമെന്ന് ബന്ധുക്കള്‍ തിരിച്ചറിയുകയായിരുന്നു.
മൃതദേഹം പത്തനംതിട്ടയില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ ജസ്നയുടേതാണോ എന്ന സംശയം ഉണ്ടായിരുന്നു. മെയ് 26 മുതല്‍ പൊക്കിഷയെ കാണാനില്ലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ചെങ്കല്‍പേട്ടില്‍ കത്തിക്കരിഞ്ഞ മൃതദേഹത്തിലെ പല്ലില്‍ ക്ലിപ്പ് ഇട്ടിട്ടുണ്ട്. ജസ്നയുടെ പല്ലിനും ക്ലിപ്പുണ്ടായിരുന്നുവെന്നതാണ് സംശയത്തിന് ഇടയാക്കിയത്. എന്നാല്‍ ജസ്ന മൂക്കുത്തി ധരിച്ചിരുന്നില്ല. കത്തിക്കരിഞ്ഞ ജഡത്തില്‍ മൂക്കുത്തിയുണ്ടായിരുന്നു. മൃതദേഹത്തിന് സമീപത്തുനിന്നും കണ്ടെത്തിയ സ്യൂട്ട്കേസിലെ വസ്ത്രങ്ങള്‍ ജസ്നയുടേതാണോയെന്ന് പരിശോധിച്ചെങ്കിലും സഹോദരന് തിരിച്ചറിഞ്ഞില്ല. കണ്ടെത്തിയ മൃതദേഹത്തിന് ജസ്നയുടേതിനെക്കാള് പ്രായവും തോന്നിക്കുന്നുണ്ട്. ചെങ്കല്‍പേട്ടിലെ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നത്.
വ്യാഴാഴ്ച രാത്രിയിലാണ് കത്തിക്കരിഞ്ഞ ജഡം തമിഴ്നാട് പൊലിസ് കണ്ടെത്തിയത്. ചാക്കില്‍ കൊണ്ടുവന്ന എന്തോ രണ്ടുപേര്‍ ചേര്‍ന്ന് കത്തിക്കുന്നതുകണ്ട് നൈറ്റ് പട്രോളിങ് സംഘം പരിശോധിക്കാനായി ജീപ്പ് നിര് ത്തിയപ്പോള്‍ ഇവര്‍ ഓടിപ്പോവുകയായിരുന്നു. സംശയം തോന്നിയ പൊലിസ് വെള്ളം ഒഴിച്ച് തീ അണച്ചു. അപ്പോഴാണ് ഒരു സ്ത്രീയുടെ ജഡമാണെന്ന് മനസിലായത്. ഇതിനോടകം മുഖം ഉള്‍പ്പെടെ ശരീരഭാഗങ്ങള്‍ കത്തിക്കരിഞ്ഞിരുന്നു.
പെട്രോളോ മറ്റോ ഒഴിച്ചശേഷമാണ് തീ കൊളുത്തിയതെന്നാണ് കരുതുന്നത്. മാര്‍ച്ച് 22നാണ് എരുമേലിക്കടുത്ത് നിന്ന് ജസ്നയെ കാണാതായത്. ഇതുവരേ ഇവരെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."